ഗാങ്ടോക്ക്: സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തിന് കാരണം നേപ്പാളിലും സമീപപ്രദേശങ്ങളിലുമുണ്ടായ ഭൂചലനമാണോ എന്നതും പരിശോധിക്കുന്നു. ഹിമാലയത്തിനോട് ചേര്‍ന്ന് കിടക്കുന്ന, സിക്കിമിന്റെ വടക്കു-പടിഞ്ഞാറ് ഭാഗത്തായി 17,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലൊനാക് തടാകം പൊട്ടിയൊഴുകിയതാകാം കഴിഞ്ഞ ദിവസത്തെ മിന്നല്‍ പ്രളയത്തിന് കാരണമായതെന്ന് സൂചന. ഇതിന് കാരണമായത് ഭൂചലനമാണോ എന്നതാണ് പരിശോധിക്കുന്നത്.
തടാകം ഇതിനോടകം ദുര്‍ബലമായിട്ടുണ്ട്. 168 ഹെക്ടറിലാണ് ഇവ വ്യാപിച്ച് കിടന്നത്. അതിന്റെ വിസ്തീര്‍ണം ഇപ്പോള്‍ 60 ഹെക്ടറായി കുറഞ്ഞെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. അതേസമയം ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ ഒരു മേഘവിസ്ഫോടനം ഇത്തരമൊരു ദുരന്തമുണ്ടാക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തടാകം പൊട്ടിയൊഴുകിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിന് മുകളിലൂടെ ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നതിനാ
ല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെ, 105 ഹെക്ടറോളം പ്രദേശത്തെ ജലമാണ് നിമിഷനേരം കൊണ്ട് മുകളില്‍ നിന്ന് മിന്നല്‍ പ്രളയമായി ഒഴുകിയത്. മേഘവിസ്ഫോടനം ഉണ്ടായെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ടീസ്ത നദിക്ക് കുറുകെയുള്ള ചുങ്താങ് അണക്കെട്ട് തകര്‍ത്താണ് പ്രളയജലം ഒഴുകിയത്. ഇത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. നദീ തീരങ്ങളില്‍ ജലനിരപ്പ് 20 അടി വരെ ഉയര്‍ന്നു.
2012-13ല്‍ നാഷണല്‍ റിമോട്ട് സെന്ഡസിങ് സെന്ററും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ലൊനാക് തടാകം ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ തടാകം പൊട്ടിയൊഴുകാനുള്ള സാധ്യത 42 ശതമാണമാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് തടാകത്തിന്റെ വ്യാപിതി നിര്‍ണയിക്കാന്‍ പഠനം നടത്തി. ഈ വര്‍ഷം സപ്തംബറില്‍ തടകത്തില്‍ മുന്നറിയിപ്പ് സംവിധാനവും ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനും പരിശോധന നടത്തിയിരുന്നു. 2001ല്‍ സിക്കിം ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ടിലും 2021ല്‍ എല്സ്വിയര് ജേണലില്‍ പ്രസിദ്ധികരിച്ച ഒരുപഠനത്തിലും ലൊനാക് തടാകത്തിന്റെ അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 2,011 പേരെ അപകടമേഖലയില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇവരെ നാല് ജില്ലകളിലെ 26 ദുരിതാശ്വാസ ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഗാംങ്ടോക്ക് ജില്ലയിലെ എട്ടോളം ക്യാമ്പുകളിലായി 1,025 പേരാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: