ഒ ആര് അനൂപ്
തൊടുപുഴ: ഇടുക്കി ജില്ലയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചതിന് പിന്നാലെ മൂന്നാര്‍ വിഷയത്തില്‍ മുന്നണിയിലെ ഉടക്ക് ശക്തമായി. നേതാക്കള്‍ പരസ്പരം പരിഹാസ വര്‍ഷവുമായി എത്തിയതോടെ ഒഴിപ്പിക്കല്‍ എങ്ങുംഎത്തില്ലെന്ന് ഉറപ്പായി.
സിപിഎം മൂന്നാറില്‍ കൈയേറ്റമില്ലെന്ന് പറയുമ്പോള്‍ മേഖലയിലെ കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുമെന്നതാണ് സിപിഐയുടെ നിലപാട്. ഇക്കാര്യം സിപിഐ ജില്ലാ സെക്രട്ടറി ഇന്നലെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ദിവസങ്ങളായി സിപിഐ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ.കെ. ശിവരാമനും സിപിഎം നേതാവും എംഎല്‍എയുമായ എം.എം. മണിയും തമ്മില്‍ വാക്പോര് ശക്തമാണ്. ഫെയ്സ്ബുക്കിലടക്കം വിമര്‍ശനം ഇതിനകം ഇരുവരും പങ്കുവച്ചിരുന്നു.
കൈയേറ്റങ്ങള്‍ തിരികെ പിടിച്ച് പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതരായ കര്‍ഷകര്‍ക്കും നല്‍കണമെന്ന വാദം കെ.കെ. ശിവരാമന് ഇന്നലെ ആവര്‍ത്തിച്ചു. കൈയേറ്റം എവിടെയെന്ന് അറിയില്ലെങ്കില്‍ അത് കാട്ടികൊടുക്കാമെന്നും എം.എം. മണിക്ക് ശിവരാമന് മറുപടി നല്കി.
ശിവരാമന് തന്നെ അവഹേളിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും ശിവരാമന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നെ റവന്യൂ വകുപ്പ് ഏല്‍പ്പിക്കട്ടെ എന്നും മണി തിരിച്ചടിച്ചു. ഈ ആവശ്യം എം.എം. മണി മുഖ്യമന്ത്രിയെ കണ്ട് അറിയിക്കണമെന്ന് മറുപടിയുമായി സിപി
ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ രംഗത്തെത്തി. ശിവരാമന്റെ നിലപാടാണ് പാര്‍ട്ടിയുടെ നിലപാട്. എം.എം. മണിയുടെ അഭിപ്രായത്തോട് യോജിപ്പില്ല. എന്ത് വന്നാലും മൂന്നാറിലെ കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കും. കൊട്ടാക്കമ്പൂരിലെ കൈയേറ്റം ഒഴിപ്പിച്ചാല്‍ ചിലര്‍ക്ക് പ്രശ്നമാണ്. റവന്യൂ വകുപ്പ് സിപിഐയില്‍ നിന്ന് മാറ്റണമെന്ന നിലപാട് മണി മുഖ്യമന്ത്രിയോടാണ് പറയേണ്ടത് തങ്ങളോടല്ല. മുന്നണിയില്‍ മൂന്നാര്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമില്ല. പരിഹസിക്കുന്ന രീതി ഒഴിവാക്കണോ എന്നത് എം.എം. മണി ആലോചിക്കണം. 2007ലെ പോലെയുള്ള ഒരു ദൗത്യസംഘം ആയിരിക്കില്ല ഇനിയുണ്ടാകുക, സലിംകുമാര്‍ പറഞ്ഞു.
കൊണ്ടും കൊടുത്തുമുള്ള വാക്പോര് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മുന്നണിക്കുള്ളിലും വിഷയം വലിയ തലവേദനയാകും. എം.എം. മണിയുടെ ബന്ധുക്കള്‍ക്ക് മൂന്നാറിലും ചിന്നക്കനാലിലും വന്‍തോതില്‍ അനധികൃതമായി ഭൂമിയുള്ളതും പാര്‍ട്ടി ഓഫീസുകള്‍ക്ക് പട്ടയമില്ലാത്തതും നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇവയില്‍ പലതും ഒഴിപ്പിക്കേണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ ജില്ലാ കളക്ടര്‍ക്കെതിരേയും എം.എം. മണി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.ാക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: