കൊച്ചി: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തൃശ്ശൂര്‍ വടക്കേക്കാട് സ്വദേശി ഉണ്ണിക്ക് കുട്ടിയുണ്ടാകാനുള്ള ഐവിഎഫ് ചികിത്സ നടത്തുന്നതിന് പരോള്‍ അനുവദിക്കാന്‍ ഹൈക്കോടതി ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്കി. മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഐവിഎഫ് ചികിത്സ നടത്താന്‍ ഉണ്ണിക്ക് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നല്കിയ ഹര്‍ജി അനുവദിച്ച് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് വിധി പറഞ്ഞത്.
ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭരണഘടനാപ്രകാരമുള്ള എല്ലാ മൗലികാവകാശങ്ങള്‍ക്കും അര്‍ഹതയില്ലെങ്കിലും തങ്ങള്‍ക്കൊരു കുട്ടി വേണമെന്ന ആവശ്യവുമായി ഭാര്യയാണ് വന്നിരിക്കുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. 31 വയസുള്ള ഹര്‍ജിക്കാരിയുടെ സാഹചര്യം കൂടി കണക്കിലെടുത്ത് ഈ ആവശ്യം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിരസിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതികളെ ശിക്ഷിക്കുന്നത് അവരുടെ പരിവര്‍ത്തനം കൂടി ലക്ഷ്യമിട്ടാണ്. തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ മാറ്റം വന്ന മനുഷ്യനായി അവനെ കാണാനാണ് സമൂഹം ആഗ്രഹിക്കുന്നത്.
പുറത്തു വന്ന് മറ്റുള്ളവരെപ്പോലെ അന്തസായി ജീവിക്കാന്‍ അവന് അര്‍ഹതയുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചികിത്സയ്‌ക്കു വേണ്ടി 15 ദിവസത്തെ അവധി നല്കണമെന്നാണ് കോടതിയുടെ അഭിപ്രായമെങ്കിലും രണ്ടാഴ്ചയ്‌ക്കകം ഇക്കാര്യത്തില്‍ നിയമപരമായി തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഭര്‍ത്താവിന് പരോളനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരി ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറിക്കും ജയില്‍ ഡിജിപിയ്‌ക്കും നിവേദനം നല്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
















