തിരുവനന്തപുരം: വൈദ്യതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ റദ്ദാക്കിയ വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നടപടിക്രമങ്ങളിലെ വീഴ്ച ഉന്നയിച്ച് റഗുലേറ്ററി കമ്മീഷന് റദ്ദാക്കിയ 465 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കാന്‍ റഗുലേറ്ററി കമ്മീഷന് നിര്‍ദ്ദേശം നല്‍കാനാണ് തീരുമാനിച്ചത്. ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭയോഗമാണ് ഈ തീരുമാനമെടുത്തത്.
കരാറുകള്‍ പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗ തീരുമാനം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമീഷന് കരാര്‍ റദ്ദാക്കിയത്. യുഡിഎഫിന്റെ കാലത്ത് ഒപ്പിട്ട 465 മെഗാ വാട്ടിന്റെ കരാറാണ് റദ്ദാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് മനസിലായി. ഒറ്റയടിക്ക് 465 മെഗാ വാട്ട് ഇല്ലാതായതും മഴ കുറഞ്ഞതും വഴി ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലായി.
ഒടുവില്‍ കെഎസ്ഇബി ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ ഇടപെടല്‍. നയപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരം നല്കുന്ന വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: