ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ നിര്‍ണായക റോഡ് പണിചെയ്ത് ഭാരതം. ഇന്ത്യ- ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് (എല്‍എസി) സമീപമുള്ള ഇന്ത്യയുടെ വടക്കേയറ്റത്തെ സൈനിക താവളമായ ദൗലത്ത് ബെഗ് ഓള്‍ഡി (ഡിബിഒ) യിലേക്കാണ് റോഡ് നിര്‍മ്മാണം നടക്കുന്നതെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരുപാടു പ്രത്യേകതയുള്ള ഒരു പ്രദേശത്ത് ഇത്തരത്തിലുള്ള നിര്‍ണായക റോഡ് നിര്‍മ്മിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ഭാരതം ലക്ഷ്യമിടുന്നത്. ഈ റോഡിനെ ഒഴിച്ചുകൂടാനാവാത്തതാക്കുന്നത് എല്‍എസിയില്‍ നിന്ന് കാണാന്‍ സാധിക്കില്ല എന്നതാണ്. അതു തന്നെയാണ് റോഡിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതും.
സൈനികരുടെ നീക്കത്തിനും ആയുധങ്ങള്‍ക്കും ലോജിസ്റ്റിക്സിനും അതിര്‍ത്തിയിലേക്ക് സുഖമമായി എത്തിക്കാന്‍ ഉപയോഗിക്കുന്ന പുതിയ റോഡ്, എല്‍എസിക്ക് കുറുകെ നിന്ന് കാണാന്‍ കഴിയില്ലെന്ന് ഒരു ഉദ്യോഗസ്ഥനാണ് വിവരം നല്‍കിയതെന്ന് എച്ച്ടി വ്യക്തമാക്കി. 2020 മെയ് മുതല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സമയത്താണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഭാരതം ആരംഭിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ ഫലപ്രദമായിരുന്നില്ല. നിലവില്‍ ഡാര്ബക്കില് നിന്ന് ഡിബിഒയിലേക്കുള്ള റോഡ് എല്‍എസിയില്‍ നിന്ന് കാണാന്‍ സാധിക്കുന്നുവെന്നതിനാല്‍ ഒട്ടും സുരക്ഷിതമല്ല. നുബ്ര താഴ്വരയിലെ സസോമയില് നിന്ന് മാറി നിര്‍മ്മിക്കുന്ന ഈ പുതിയ റോഡ് സൈനികരുടെയും ഉപകരണങ്ങളുടെയും നീക്കത്തിന് സുരക്ഷിതമായ ബദല്‍ നല്‍കും.
ഈ 130 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണത്തില്‍ ഏറ്റവും പരിചയസമ്പന്നരായ എഞ്ചിനീയര്‍മാരെപ്പോലും പരീക്ഷിക്കുന്ന ഭൂപ്രദേശ വെല്ലുവിളികള്‍ ഉള്‍പ്പെടുന്നതിനാല്‍ മുന്നിലുള്ള ചുമതല ലളിതമല്ല. ഷിയോക് നദിക്ക് കുറുകെയും ഹിമപാത പ്രദേശങ്ങളിലൂടെയും പാലം ഉള്‍പ്പെടെയുള്ള റോഡുകള്‍ നിര്‍മ്മിക്കുന്നത് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) നേതൃത്ത്വത്തിലാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും, നിര്‍ണായകമായ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി 2023 നവംബറോടെ റോഡ് പ്രവര്‍ത്തനക്ഷമമാകുമെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 12 മാസത്തിനുള്ളില്‍ ടാറിങ്ങും നടത്തി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രോജക്റ്റ് സമയപരിധി പാലിക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് രാജ്യം ഉപയോഗിക്കുന്നത്. ഈ ദുഷ്കരമായ ഭൂപ്രദേശങ്ങളില്‍ റോഡ് ഉപരിതലം സുസ്ഥിരമാക്കാന്‍ ജിയോസെല്‍ ത്രീ ഡൈമെന്‍ഷണല്‍, എക്സ്പാന്ഡബില് പാനലുകളുടെ ഉപയോഗവും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, 2028ഓടെ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ സാസര് ലായ്ക്ക് കീഴില്‍ ഏഴു കിലോമീറ്റര്‍ തുരങ്കത്തിനുള്ള പദ്ധതികളും ബിആര്‍ഒ തയ്യാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍, ഏകദേശം 8,000 കോടി രൂപ ചെലവ് വരുന്ന 300 സുപ്രധാന പദ്ധതികള്‍ ബിആര്‍ഒ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിമു-പധം-ദാര്‍ച്ച, ചുഷുല്‍-ദുങ്തി-ഫുക്ചെ-ഡെംചോക്ക്, ലികാരു-മിഗ് ലാ-ഫുക്ചെ തുടങ്ങിയ പ്രധാനപ്പെട്ട റോഡ് ശൃംഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് ഹിമപാത പ്രദേശത്തിന്റെ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍, നുബ്ര വാലി വഴിയും സാസര് ലാ വഴിയുള്ള ബദല്‍ റൂട്ട് ശ്രദ്ധേയമായ നേട്ടമാണെന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡ അഭിപ്രായപ്പെട്ടു. അതിര്‍ത്തിക്കടുത്ത് തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിശ്രം തുടരുന്നതിന്റെ പ്രതിഫലനമാണ് പുതിയ പാത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: