ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ പാറുള്‍ ചൗധരിയും അന്നു റാണിയും നേടിയ സ്വര്‍ണത്തിന് ചരിത്രത്തിന്റെ തിളക്കം. പാറുല്‍ വനിതകളുടെ 5000 മീറ്ററിലും അന്നുറാണി ജാവലിന്‍ ത്രോയിലുമാണ് ചരിത്ര സ്വര്‍ണം കഴുത്തിലണിഞ്ഞത്.
വനിതകളുടെ 5000 മീറ്ററില്‍ ഇതിനുമുന്‍പ് രണ്ട് തവണ വെള്ളി മെഡല്‍ നേടിയതാണ് ഈ ഇനത്തിലെ ഭാരതത്തിന്റെ മികച്ച പ്രകടനം. അതാണ് ഇന്നലെ പാറുള്‍ ചൗധരി തിരുത്തിയത്. ജപ്പാന് വെള്ളിയും കസാക്കിസ്ഥാന്‍ വെങ്കലവും സ്വന്തമാക്കി. 1998 ഏഷ്യന്‍ ഗെയിംസില്‍ സുനിത റാണിയും 2010-ല്‍ മലയാളിതാരം പ്രീജ ശ്രീധരനും വനിതകളുടെ 5000 മീറ്ററില്‍ വെള്ളി നേടിയിട്ടുണ്ട്. ഈ വര്‍ഷം ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ പാറുള്‍ സ്വര്‍ണവും വെള്ളിയും നേടിയിരുന്നു. 2019ലെ ദോഹ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററില്‍ വെങ്കലവും പാറുള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ജാവലിന്‍ ത്രോയില്‍ 1958-ല്‍ എലിസബത്ത് ദാവെന്‍പോര്‍ട്ട് നേടിയ വെള്ളി മെഡലായിരുന്നു ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും മികച്ച പ്രകടനം. 31 കാരിയായ അന്നവിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്. 2014-ല്‍ താരം വെങ്കലം നേടിയിരുന്നു. ഇതോടെ ഭാരതത്തിന്റെ സ്വര്‍ണനേട്ടം 15 ആയി ഉയര്‍ന്നു.
കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഏഷ്യന്‍ ഗെയിംസില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും താരം മികവ് പുലര്‍ത്തി. നാലാം ശ്രമത്തിലാണ് അന്നു 62.92 മീറ്റര്‍ ദൂരം കണ്ടെത്തിയത്. ശ്രീലങ്കയുടെ ദില്‍ഹനി ലെകാഗെയാണ് 61.57 മീറ്റര്‍ എറിഞ്ഞ് വെള്ളി സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ മുന്നിലായിരുന്ന ശ്രീലങ്കന്‍ താരത്തെ തന്റെ നാലാം ശ്രമത്തിലാണ് അന്നു റാണി മറികടന്ന് പൊന്നണിഞ്ഞത്. ചൈനയ്ക്കാണ് വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: