തിരുവനന്തപുരം: തട്ടം വിവാദത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുത്തലാഖ് അവര്‍ക്ക് മതവിശ്വാസത്തിന്റെ ഭാഗമാണ്. പൊതു സിവില്‍ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പര്‍ദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്. എന്നാൽ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് അവര്‍ക്ക് നവോത്ഥാനമായിരുന്നു. മീശ നോവലില്‍ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോള്‍ അത് ആവിഷ്ക്കാരസ്വാതന്ത്ര്യവും. ഇതാണ് സിപി എമ്മിന്റെ പ്രഖ്യാപിത നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു.
തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം മാറി. ഹിന്ദു ആചാരാനുഷ്ടാനങ്ങളില്‍ ഇടപെടുന്നത് മാത്രം അവര്‍ക്ക് നവോത്ഥാനവും ആവിഷ്കാര സ്വാതന്ത്ര്യവുമാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. കെടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാര്‍ട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്. അതിന്റെ വഴിയേ പോകുന്നത് മാത്രമാണ് ഗോവിന്ദന്റെ ജോലി.
തട്ടം വിവാദത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാറിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തള്ളി പറഞ്ഞതിന് പിന്നാലെയാണ് ഇരട്ടത്താപ്പ് തുറന്ന് കാട്ടി കെ സുരേന്ദ്രന് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ അനിൽകുമാറിനെ പാർട്ടി എംഎൽഎയായ കെടി ജലീൽ തിരുത്തുന്നു. പാർട്ടി നിലപാടല്ല അനിൽ കുമാറിന്റെതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എഎം ആരിഫ് എംപി അതിനെ പിന്തുണയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജലീലിനെയും ആരിഫിനെയും ശരിവെക്കുന്നു. സിപിഎമ്മിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നത്. അല്ലെങ്കിൽ തന്നെ വോട്ട് ബാങ്കിന്റെ കാര്യം വരുമ്പോൾ പ്രോട്ടോകോളും പാർട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും ആ പാർട്ടിക്ക് ബാധകമല്ലല്ലോ.
ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടുന്നത് അവർക്ക് നവോത്ഥാനമായിരുന്നു. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോൾ അത് ആവിഷ്ക്കാരസ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാൽ മുത്തലാഖ് അവർക്ക് മതവിശ്വാസത്തിന്റെ ഭാഗമാണ്. പൊതു സിവിൽ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പർദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്.
സിപിഎം അനിൽകുമാറിന്റെയും അച്ച്യുതാനന്ദന്റെയും കണാരന്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ ഇനിയെങ്കിലും തിരിച്ചറിയണം. കെടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാർട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്. അതിന്റെ വഴിയേ പോകുന്നത് മാത്രമാണ് ഗോവിന്ദന്റെ ജോലി. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധപതിച്ചു കഴിഞ്ഞു. പ്രിയ ഗോവിന്ദൻജി പാർട്ടി ക്ളാസുകളിലെ നവോത്ഥാന ക്ളാസുകളൊക്കെ മതിയാക്കി ഒരു മൂലയ്ക്കിരിക്കുന്നതാണ് അങ്ങേക്ക് ഇനിയെങ്കിലും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: