കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയ സിങ്കപ്പൂര്‍ താരം ശാന്തി പെരേരയ്‌ക്ക് കേരള ബന്ധം. അച്ഛന്‍ ക്ലാരന്‍സ് പെരേര തിരുവനന്തപുരം ചെറിയതുറ സ്വദേശിയാണ്. അമ്മ ബ്രിഡ്ജറ്റ് ജീത് പെരേര പഞ്ചാബിലെ അമൃത്സറില്‍നിന്ന്. 1959 ൽ സിങ്കപ്പൂരിലെത്തിയ ക്ലാരന്‍സ് പെരേര അവിടെ ബിസിനസിലാണ്.
പെരേരാ ദമ്പതികളുടെ നാലുമക്കളില്‍ ശാന്തി (26) ഒളിമ്പിക്‌സ് ട്രാക്കിലെത്തിയ കായിക താരമാണ്. കായിക രംഗത്ത് സക്രിയ സാന്നിധ്യമാണ് ശാന്തിയുടെ കുടുംബം. സഹോദരന്‍ ആനന്ദ് അവിടത്തെ സ്‌കൂള്‍തല മത്സരത്തില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ ചാമ്പ്യനാണ്. ഒരു സഹോദരി സീമ, 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടത്തിൽ നാഷണല്‍ ചാമ്പ്യന്‍. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോഴേ അത്‌ലറ്റിക്‌സ് ചാമ്പ്യനായ ശാന്തി, അക്കൗണ്ടന്‍സി ബിരുദത്തിനൊപ്പമാണ് ട്രാക്കിലും വിജയങ്ങള്‍ നേടുന്നത്.
മറ്റൊരു സഹോദരി ശോഭന അധ്യാപികയാണ്. ഹോങ്കോങ്ങിൽ സ്വന്തം സ്‌കൂള്‍ നടത്തുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അങ്കമാലി വേങ്ങൂര്‍ സ്വദേശി അരുണ്‍ കൃഷ്ണൻ വിവാഹം ചെയ്തതു വഴി ശാന്തിയുടെ കുടുംബത്തിന് കേരള ബന്ധം ഈ തലമുറയിലുമുണ്ട്.
ലൂയിസ് കുന്‍ഹായാണ് ശാന്തിയുടെ കോച്ച്. 100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളില്‍ ശാന്തിക്ക് ഹോങ്കോങ്ങിൽ നാഷണല്‍ റെക്കോഡു നേടിയിട്ടുണ്ട്. 2015 സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു ശാന്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: