ചിറയിന്‍കീഴ്: ശാര്‍ക്കര ക്ഷേത്രത്തില്‍ അഴിമതി ആരോപണം. ഇതില്‍ ഭക്തര്‍ പ്രതിഷേധത്തില്‍.ക്ഷേത്ര വഴിപാടുകളില്‍ ഇടിവുണ്ടായി. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി വന്ന വനിതയുടെ വിവേകമില്ലാത്ത നടപടികളാണ് ഇതുവരെയും ശാര്‍ക്കര ദേവി ക്ഷേത്രത്തിലുണ്ടാകാത്ത പ്രതിഷേധങ്ങള്‍ അരങ്ങേറുവാന്‍ കാരണമെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ സര്‍വതോമുഖമായ നാശത്തിന് വഴിവയ്‌ക്കുന്ന നടപടികളാണ് അരങ്ങേറുന്നതെന്നാണ് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
നിത്യപൂജകള്‍ക്ക് സ്ഥിരമായി വഴിപാടുകള്‍ നടത്തുന്നവരെയും വിശേഷാല്‍ ചിറപ്പും വിളക്കും നടത്തുന്നവരെയും അഭിഷേക വഴിപാടുകാരെയുമൊക്കെ വെറുപ്പിക്കുന്ന രീതിയില്‍ തന്നിഷ്ടപ്രകാരം ഓരോ വഴിപാടുകള്‍ക്കും ഫീസ് ഇടാക്കുന്നതായി അറിയുന്നു. ചിറപ്പിനായി 1750 രൂപ അടച്ച് വിളക്ക് നടത്തുന്നവര്‍ ഇന മേലില്‍ 12500 രൂപ അടച്ച് രസീത് വാങ്ങണമെന്നാണ് പുതിയ നിര്‍ദേശം. എഒയുടെ ഇഷ്ടത്തിന് പൂജാദ്രവ്യങ്ങള്‍ വാങ്ങി കൊടുക്കുമെന്നും കൂടുതല്‍ സാധനങ്ങള്‍ വേണമെന്ന് തോന്നുമ്പോള്‍ വഴിപാട് നടത്തുന്നവര്‍ വാങ്ങിക്കൊള്ളണമെന്നുമാണ് നിര്‍ദേശം. 600 രൂപ അടച്ചു അഭിഷേകം നടത്തുന്നവര്‍ ഇനി മുതല്‍ 3000 രൂപ കെട്ടിവച്ച് അഭിഷേകത്തിന് വന്നാല്‍ മതിയെന്നുമാണ് നിര്‍ദേശം. ഇതു സാധാരണക്കാരായ ഭക്തരെ ഒരുപോലെ വിഷമത്തിലാക്കിയിട്ടുണ്ട്. 3000 രൂപ വാങ്ങിയിട്ട്, തുച്ഛമായ രീതിയില്‍ പൂജാദ്രവങ്ങള്‍ വാങ്ങിയാണ് നല്‍കുന്നതെന്ന ആക്ഷേപവുമുണ്ട്, ഇത് ചോദ്യം ചെയ്യുന്നവരെ പോലീസിനെ വിളിച്ച് കേസെടുപ്പിക്കുമെന്ന് പറഞ്ഞ് എഒ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഐശ്വര്യപൂജ, അരവണ പ്രസാദം, മറ്റ് എല്ലാവിധ വഴിപാടുകള്‍ക്കും അമിതമായി പണം ഈടാക്കുകയും ദേവസ്വത്തില്‍ പൂജാദ്രവ്യങ്ങള്‍ വാങ്ങുന്ന പേരില്‍ പണം സ്വന്തമായി വകമാറ്റുന്നതായും ഭക്തര്‍ ആരോപിക്കുന്നു. എഒയെ ശാര്‍ക്കരയില്‍ നിന്ന് മാറ്റണമെന്ന് ആവശപ്പെട്ട് ഭക്തര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും കമ്മീഷണര്‍ക്കും ദേവസ്വം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അഴൂര്‍ ജയന്‍, താലൂക്ക് പ്രസിഡന്റ് വക്കം ബിജു, താലൂക്ക് ജനറല്‍ സെക്രട്ടറി ആറ്റിങ്ങല്‍ സുനില്‍ ബാബു, കേരള ക്ഷേത്രസംരക്ഷണ സമിതി ചിറയിന്‍കീഴ് താലൂക്ക് പ്രസിഡന്റ് ജയപാലന്‍ എന്നിവര്‍ ശാര്‍ക്കര എഒയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചു. ഭക്തര്‍ക്കനുകൂലമായ സാഹചര്യം ഉണ്ടായില്ലെങ്കില്‍ ഭക്തജന പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നറിയിച്ച് കത്തും നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക