തിരുവനന്തപുരം: നിയമന കോഴക്കേസില്‍ അഖില്‍ സജീവിനെയും അഡ്വ. ലെനിനെയും പ്രതിചേര്‍ത്തു. വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ഐടി ആക്ടിലെ വകുപ്പുകള്‍ ചുമത്തും. ഇരുവരും ഒളിവിലാണ്.
ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമനക്കോഴ വിവാദത്തില്‍, പണം വാങ്ങിയെന്ന ആരോപണം വ്യാജമാണെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടുള്ള അഖില്‍ മാത്യുവിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് പ്രതിചേര്‍ത്തത്. റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും.
മന്ത്രി വീണ ജോര്‍ജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. നിയമന കോഴക്കേസില്‍ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരനായ ഹരിദാസന്.
ഹരിദാസന് അഖില്‍ സജീവുമായും ലെനിനുമായും നടത്തിയ പണമിടപാട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇരുവര്‍ക്കും ബാങ്ക് അക്കൗണ്ട് വഴി പണം ലഭിച്ചതായി കണ്ടെത്തി. നിയമനക്കോഴയായി 175000 രൂപ നല്കി എന്നാണ് ഹരിദാസന് ആരോപിച്ചിരുന്നത്. ഇതില്‍ 75000 രൂപ അഖില്‍ സജിവന് ഗൂഗിള്‍ പേ വഴി കൈമാറിയിരുന്നു. എന്നാല്‍ ഇത് ലെനിന് പറഞ്ഞ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് അഖില്‍ സജീവിന്റെ വാദം. ഇത് ശരിവെക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഇവര്‍ക്ക് പുറമേ മറ്റു പ്രതികളുണ്ടോയെന്നും അന്വേഷിക്കുകയാണ് പൊലീസ്. ഇരുവരും ബാങ്ക് അക്കൗണ്ട് വഴി ആര്‍ക്കെങ്കിലും പണം കൈമാറിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. ഇതില്‍ അസ്വാഭാവികമായി പണമിടപാട് കണ്ടെത്തിയാല്‍ അവരെയും പൊലീസ് ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: