പൂജപ്പുര: രാജ്യം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പിലാക്കാൻ സാധിക്കാതെ പോയ ഗാന്ധിയൻ ആശയങ്ങൾ പ്രാവർത്തികമാക്കാൻ
ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സാമൂഹിക മാറ്റത്തിന് ജനപങ്കാളിത്തം ഉറപ്പിച്ചാണ് പ്രധാനമന്ത്രി പദ്ധതികൾ ആവിഷ്കരിക്കുന്നത്. സ്വച്ച് ഭാരത് ദൗത്യം പ്രഖ്യാപിച്ചപ്പോൾ അൽഭുതപ്പെട്ടവർ ഇന്ന് ദൗത്യത്തിന്റെ മുൻനിര പോരാളികൾ ആയി. ലോകം തന്നെ ഈ ആശയം ഏറ്റെടുത്തുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പൂജപ്പുര ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ബയോമെഡിക്കൽ ടെക്നോളജി വിംഗിൽ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വാശ്രയത്വത്തിന് ഒപ്പം ഗാന്ധിജി പങ്കുവെച്ച ആശയമാണ് ശുചിത്വം. അത് രാജ്യമാകെ ഒരു മഹാദൗത്യമായി ഏറ്റെടുക്കാൻ നരേന്ദ്രമോദി അധികാരത്തിൽ എത്തേണ്ടി വന്നു. ആരോഗ്യ ശീലത്തിലേക്കും പുരോഗതിയിലേക്കുമുള്ള ചവിട്ടുപടിയാണ് ശുചിത്വ ദൗത്യം മാറി. ശുദ്ധജലം ജനതയ്‌ക്ക് ആകെ ഉറപ്പാക്കാൻ ഇന്ന് കേന്ദ്രത്തിന് സാധിച്ചെന്നും വി. മുരളീധരൻ പറഞ്ഞു.
യോഗ ജീവിതത്തിന്റെ ഭാഗമാക്കാൻ കേന്ദ്രം ആരംഭിച്ച യജ്ഞം ലോകം ഏറ്റെടുത്തു. G20 നടത്തിപ്പിൽ ഇതുവരെ ലോകം കാണാത്ത ഒരു മാതൃക ഉണ്ടായി. വ്യക്തിയുടെയും കുടുംബത്തിന്റെയും പുരോഗതിയിലുടെ നാടിന്റെ പുരോഗതി എന്ന ഗാന്ധി വചനം ആണ് രാജ്യത്തെ നയരൂപീകരണത്തെ സ്വാധീനിക്കുന്നത് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: