ചരിത്രം ചിലപ്പോള്‍ ആവര്‍ത്തിക്കാറുണ്ട്. സമാന സംഭവങ്ങളായും വ്യക്തികളായും. സാമൂഹ്യ രാഷ്ട്രീയ ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച പല മഹദ് വ്യക്തിത്വങ്ങളുടെയും ആവിര്‍ഭാവത്തിനു പിന്നില്‍ കാലഘട്ടത്തിന്റെ സവിശേഷതകളും മുഖ്യപങ്ക് വഹിക്കാറുണ്ട്. സമാനമായ സാമൂഹ്യ സാഹചര്യം ആവര്‍ത്തിക്കുമ്പോള്‍ സമാനസ്വഭാവമുള്ള വ്യക്തികളും ചരിത്രത്തില്‍ സംഭവിക്കുന്നതായി കാണാം. ഭാരത മഹാരാഷ്ട്രത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെട്ട അത്യപൂര്‍വമായ ഒരു ചരിത്ര സന്ധിയിലായിരുന്നു ഛത്രപതി ശിവജിയുടെ ആവിര്‍ഭാവം. ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി ഭേദിച്ച് വെട്ടുകിളികളെപ്പോലെ ആക്രമിച്ചെത്തിയ പ്രാകൃത അറബിപ്പടയുടെ മുന്നില്‍ ഭാരത രാഷ്ട്രത്തിന്റെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലായി. ലോകത്തില്‍ ഇസ്ലാമിക പടയോട്ടം സംഭവിച്ച എല്ലാ രാജ്യങ്ങളും സമ്പൂര്‍ണമായും ഇസ്ലാമീകരിക്കപ്പെടുകയോ ചരിത്രത്തില്‍ നിന്നും തിരോഭവിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഭാരതം ഇതിനൊരപവാദമാണ്. മുഹമ്മദ് നബിയുടെ മരണശേഷം എഡി 632 മുതല്‍ ഭാരതം ഇസ്ലാമിക പടയോട്ടത്തിന് വിധേയമാക്കപ്പെട്ടിട്ടുണ്ട്. എഡി 632 ല്‍ മഹാരാഷ്ടയിലെ ഠാണെ തുറമുഖത്തെത്തിയ ഇസ്ലാമിക സേനയെ തദ്ദേശീയ ഹിന്ദുക്കള്‍ തോല്‍പ്പിച്ചോടിച്ചു.
എന്നാല്‍ തുടര്‍ന്നുണ്ടായ വിവിധ പടയോട്ടങ്ങളില്‍ വിജയപരാജയങ്ങള്‍ മാറി മറിഞ്ഞു. നൂറു വര്‍ഷം കൊണ്ട് ലോകത്തിന്റെ ഒട്ടനവധി ഭൂഭാഗങ്ങള്‍ ഇസ്ലാമിക പടയോട്ടത്തില്‍ സമ്പൂര്‍ണമായി കീഴടങ്ങിയെങ്കിലും ഭാരതം ഇതിനൊരപവാദമായി നിന്നു. ഏതാണ്ട് 480 വര്‍ഷം ഭാരതം ഇത്തരം ശക്തികളോട് പൊരുതിനിന്നു. എഡി 1526 മുതല്‍ എഡി 1707 വരെ നൂറ്റി എണ്‍പത്തൊന്ന് വര്‍ഷക്കാലം ദില്ലിയില്‍ നീണ്ടു നിന്ന മുഗള്‍ വാഴ്ച ഭാരതത്തെ സമ്പൂര്‍ണമായി ഇസ്ലാമീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനെ ചെറുത്തു തോല്‍പ്പിക്കുക മാത്രമല്ല മുഗള്‍ വാഴ്ചയ്ക്ക് ഇവിടെ അന്ത്യം കുറിക്കുകയും ഉണ്ടായി. മുഗള്‍ വാഴ്ചയിലെ ഏറ്റവും മതഭ്രാന്തനായ ഔറംഗസേബിന്റെ ഭരണകാലത്ത് ഹിന്ദുവായി ഭാരതത്തില്‍ ജീവിക്കാന്‍ ജസിയ എന്ന കരം കൊടുക്കേണ്ടി വന്നു. സ്വന്തം സഹോദരങ്ങളെ കൊലപ്പെടുത്തുകയും പിതാവായ ഷാജഹാനെ ആഗ്രയില്‍ തടവിലാക്കുകയും ചെയ്ത ഔറംഗസേബ് കാശി, മഥുര, അയോധ്യ തുടങ്ങി ഹിന്ദുക്കളുടെ എല്ലാ മഹാക്ഷേത്രങ്ങളും തകര്‍ത്തു തരിപ്പണമാക്കി. പ്രതീക്ഷയുടെ എല്ലാ വെളിച്ചവും കെട്ടുപോയ ഇക്കാലത്താണ് ഡക്കാനില്‍ മഹാരാഷ്ട്രീയരെ സംഘടിപ്പിച്ചു കൊണ്ട് ഛത്രപതി ശിവജിയുടെ പ്രതിരോധ സേനാനീക്കം ഉണ്ടായത്.
വലിയ പാരമ്പര്യങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്ന രാജപരമ്പരകള്‍ തോറ്റമ്പിയിടത്താണ് ഒരു രാജകുമാരന് പോലുമല്ലാതിരുന്ന ശിവജിയുടെ കടന്നുവരവ്. നാടിനെയും സംസ്കാരത്തെയും സംരക്ഷിക്കാന്‍ ആരുമില്ലാത്ത സാഹചര്യം സൃഷ്ടിച്ച ശൂന്യതയിലേക്കാണ് സ്വയമേവ മൃഗേന്ദ്രതാ എന്ന ആപ്ത വചനത്തെ അന്വര്‍ത്ഥമാക്കി കൊണ്ട് ശിവജിയുടെ കടന്നുവരവ്. തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ നിന്നും ഹൈന്ദവീ സ്വരാജ് എന്ന സ്വപ്ന സൗധം പടുത്തുയര്‍ത്തി ഏക ഛത്രാധിപതിയായി മാറിയ ശിവജിയുടെ ജീവിത ചിത്രം വര്‍ത്തമാനകാല ഭാരത രാഷ്ട്രീയത്തില്‍ പ്രതിഫലിച്ചു നില്‍ക്കുന്നത് നരേന്ദ്ര മോദിയെന്ന അപൂര്‍വ വ്യക്തിത്വത്തിലാണ്. ഇരുവരുടെയും ജീവിത കാല ഘട്ടവും ജീവിത സാഹചര്യങ്ങളും അത്യത്ഭുതകരമായ ജന്മദൗത്യവും ആരിലും കൗതുകമുണര്‍ത്തുന്ന സമാനതകളുടെ ഘോഷയാത്രകള്‍ കൊണ്ട് സമ്പന്നമാണ്.
പരാധീനതകളുടെ ബാല്യം
അറബികളും അബിസീനിയരും അഫ്ഗാനികളും തുര്‍ക്കികളും ആഫ്രിക്കക്കാരും എല്ലാം അടങ്ങിയ മുഗള്‍ സൈന്യത്തിന്റെ നിരന്തരമായ പടയോട്ടങ്ങളില്‍ തകര്‍ന്നടിഞ്ഞ ക്ഷേത്രങ്ങളും കൊള്ളയടിക്കപ്പെട്ട അങ്ങാടികളും ചവിട്ടിമെതിക്കപ്പെട്ട ജനങ്ങളും എല്ലാം ചേര്‍ന്ന് നൈരാശ്യത്തിന്റെ ചുറ്റുപാടുകള്‍ ചൂഴ്ന്നുനില്ക്കുന്ന കാലത്താണ്, 1630 ഫെബ്രുവരി 19ന് ശിവനേരി കോട്ടയില്‍ ശിവജി ഭൂജാതനാകുന്നത്. ഷഹാജി ബോണ്‍സ്ലെ തന്റെ ധര്‍മ്മപത്നി മുഗളന്മാരുടെ പിടിയില്‍ പെടാതിരിക്കാന്‍ കാട്ടിനുള്ളിലെ ഇടിഞ്ഞു പൊളിഞ്ഞ ശിവനേരി കോട്ടയില്‍ അവരെ ഒളിവില്‍ പാര്‍പ്പിക്കുകയാണ് ഉണ്ടായത്. ശിവജിയുടെ അച്ഛന് ഷഹാജി ബോണ്‍സ്ലെ ഇക്കാലത്ത് ബീജാപ്പൂര്‍ സുല്ത്താന്മാരുടെ ആശ്രിതനായി അവര്‍ക്കു വേണ്ടി പടപൊരുതാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയായിരുന്നു.
ശിവജിയുടെ ജീവിതത്തില്‍ അച്ഛന്റെ സാന്നിദ്ധ്യവും സ്വാധീനവും തുലോം തുച്ഛമായിരുന്നു. പകരം അമ്മ ജീജാ ബായി ആയിരുന്നു ശിവജിയുടെ ജീവിതദിശ നിര്‍ണയിച്ചിരുന്നത്. പരമഭക്തയായിരുന്ന ജീജാ ബായി പുരാണ കഥകളിലൂടെ ശിവജിയില്‍ ജീവിത മൂല്യങ്ങള്‍ പകര്‍ന്നു കൊടുത്തു. ബാല്യകാലമാകട്ടെ അരക്ഷിതബോധത്തിന്റെയും കഷ്ടപ്പാടുകളുടേതുമായിരുന്നു. കാട്ടിലെ ശിവജിയുടെ ആദ്യകാല ചങ്ങാതിമാര്‍ വനവാസിക്കുഞ്ഞുങ്ങളും നാട്ടിന് പുറത്തെ കര്‍ഷകരും ഒക്കെയായിരുന്നു. അധുനിക ഭാരതത്തിന്റെ ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യവും ഏതാണ്ട് ശിവജിയുടേതിന് സമാനമായിരുന്നു എന്ന് കാണാം. ഗുജറാത്തിലെ വട നഗറിലെ പഴയൊരു പ്രദേശത്തായിരുന്നു മോദിയുടെ പാവപ്പെട്ട കുടുംബം ജീവിച്ചിരുന്നത്. കല്ലും മണ്ണും കുഴച്ചുണ്ടാക്കിയ ഒരു കൊച്ചുവീട്ടില്‍ പിറന്ന മോദിയുടെ ബാല്യം ദാരിദ്രൃപൂര്ണമായിരുന്നു. അച്ഛന് ദാമോദര്‍ ദാസ് മൂല് ചന്ദ്മോദിക്ക് വീട്ടിലെ പട്ടിണി മാറ്റാന്‍ അതികഠിനമായി പരിശ്രമിക്കേണ്ടി വന്നു. വീട്ടില്‍ ചക്കാട്ടി എണ്ണ ഉണ്ടാക്കി വില്‍ക്കുകയും വടനഗര്‍ റെയില്‍വെ സ്റ്റേഷനില്‍ ചായക്കട നടത്തുകയും ചെയ്തു. ഒഴിവുസമയങ്ങളില്‍ ബാലനായ മോദി അച്ഛനെ കടയില്‍ ചെന്ന് സഹായിച്ചു പോന്നു.
ഗ്രാമത്തിലെ പാവപ്പെട്ടവരുടെ മക്കളുമായുള്ള ചെറുപ്പകാലത്തിലെ കൂട്ട് പില്ക്കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മോദിയെ ഏറെ സഹായിച്ചു എന്ന് കാണാം. അന്യ വീടുകളില്‍ അടുക്കളപ്പണി എടുത്താണ് തന്റെ അമ്മ തന്നെ പോറ്റി വളര്‍ത്തിയതെന്ന് നരേന്ദ്ര മോദി പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. മോദിയുടെ സ്വഭാവ രൂപവല്ക്കരണത്തില് പരമഭക്തയായിരുന്ന ഹീരാ ബെന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ജീജാബായി ശിവജിയുടെ സ്വഭാവം കരുപ്പിടിപ്പിക്കുന്നതില്‍ വഹിച്ച അതേ പങ്കാണ് ഹീരാ മാതാവ് മോദിയുടെ ജീവിത ദര്‍ശനങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വഹിച്ചത്. ശിവജിക്കും മോദിക്കും അച്ഛനെക്കാള്‍ അമ്മയായിരുന്നു റോള്‍ മോഡല്‍. നിര്‍ണായകമായ ഏത് തീരുമാനമെടുക്കുന്നതിനു മുന്നെയും ശിവജി അമ്മയുടെ അഭിപ്രായവും അനുഗ്രഹവും തേടുമായിരുന്നു. നരേന്ദ്ര മോദിയാകട്ടെ മാതാവ് ഹീരാ ബെന്നിന്റെ മരണം വരെ അവരെ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.
രാഷ്ട്രത്തിന്റെ ദുഃസ്ഥിതിയും ജനങ്ങളുടെ സങ്കടങ്ങളും തിരിച്ചറിഞ്ഞ ശിവജി കൗമാരത്തില്‍ തന്നെ തന്റെ ജീവിത ദൗത്യം രാഷ്ട്ര സേവനമാകണമെന്ന് നിശ്ചയിച്ചിരുന്നു. അദ്ദേഹം പൂനെയിലും പരിസരത്തും ഉള്ള കാടുകളിലും കര്‍ഷകഗ്രാമങ്ങളിലും ഏകാന്ത സഞ്ചാരം നടത്തി നാടിന്റെ സ്ഥിതി മനസ്സിലാക്കുകയും തന്റെ പ്രായത്തിലുള്ള കര്‍ഷക, വനവാസി ചെറുപ്പക്കാരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്‍ക്ക് സായുധ പരിശീലനം നല്‍കുകയും ചെയ്തു. അധഃസ്ഥിത ജനങ്ങളില്‍ ആത്മാഭിമാനമുണര്‍ത്തി അവരില്‍ സംഘടന ഉണ്ടാക്കുക എന്ന പ്രവൃത്തിയാണ് ശിവജി കൗമാരകാലം മുതല്‍ ചെയ്തത്. സമാനമായ പ്രവൃത്തികള്‍ നരേന്ദ്ര മോദിയുടെ ജീവിതത്തിലും ശ്രദ്ധിച്ച് നിരീക്ഷിക്കുന്നവര്‍ക്ക് കാണാന്‍ കഴിയും. കൗമാരം വിട്ടുമാറും മുന്നെ നരേന്ദ്ര മോദി വീട് വിട്ടു. പതിനേഴ് വയസ്സില്‍ ആരംഭിച്ച യാത്രയ്ക്കൊടുവില്‍ വിവിധ വഴികള്‍ പിന്നിട്ട മോദി 35 വയസ്സിന് ശേഷമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. അദ്ധ്യാത്മികമായ ഉള്വിളിക്കൊപ്പം രാഷ്ട്രത്തെ അടുത്തറിയാനും കൂടിയുള്ള യാത്രയായിരുന്നു മോദിയുടേത്. ആശ്രമങ്ങളോടും സംന്യാസിമാരോടുമുള്ള ആഭിമുഖ്യം ശിവജിയിലും നരേന്ദ്ര മോദിയിലും സമാനമായി കാണാന്‍ കഴിയും. രാജ്യത്തിനും ജനങ്ങള്‍ക്കും സേവനം ചെയ്യാനാണ് താന്‍ വീടുപേക്ഷിച്ചതെന്ന് നരേന്ദ്ര മോദി പലവട്ടം പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ അക്കാലത്തെ ദുഃസ്ഥിതിയായിരുന്നു ശിവജിയേയും രാഷ്ട്രോന്മുഖമായ ഒരു ജീവിതം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.
ഗുരുകാരുണ്യം ചുരന്ന ജീവിതം
ശിവജിയില്‍ ചെറുപ്പം മുതലേ സംന്യാസിമാരോടും ആചാര്യന്മാരോടും അങ്ങേയറ്റത്തെ ആദരവ് നിലനിന്നിരുന്നു. ആ ആദരവ് പലപ്പോഴും സംന്യസിക്കാനുള്ള അഭിവാഞ്ഛപോലും ആയി മാറുന്നുണ്ട്. ബാല്യത്തില്‍ അച്ഛന് മകന്റെ സ്വഭാവ രൂപവല്‍ക്കരണത്തിനായി നിശ്ചയിച്ചയച്ച ജ്ഞാനവൃദ്ധനും രാജനീതി തന്ത്രജ്ഞനുമായിരുന്ന ദാദാജി കൊണ്ഡ ദേവ് ശിവജിയുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു. അമ്മ കഴിഞ്ഞാല്‍ ശിവജി അച്ഛന്റെയും ആചാര്യന്റെയും സ്ഥാനത്ത് കണ്ടാദരിച്ചിരുന്നത് ദാദാജി കൊണ്ഡദേവിനെ ആയിരുന്നു. ശിവജിയെ തികഞ്ഞ കായികാഭ്യാസിയും ആയോധന പടുവും രാഷ്ട്രതന്ത്രജ്ഞനും ആക്കി മാറ്റുന്നതില്‍ ദാദാജി കൊണ്ഡദേവിനുണ്ടായിരുന്ന പങ്ക് വളരെ വലുതായിരുന്നു. അതു പോലെ വൈഷ്ണവ സിദ്ധനായിരുന്ന സമര്‍ത്ഥരാമദാസും ശിവജിയുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. ഇസ്ലാമിക സാമ്രാജ്യങ്ങളെ വെന്ന് ഹൈന്ദവ സാമ്രാജ്യം സ്ഥാപിച്ച് ഛത്രപതിയായി തീര്‍ന്ന ശിവജി ഒരുവേള തന്റെ കിരീടവും ഉടവാളും ഹിന്ദു സാമ്രാജ്യവും തന്റെ ഗുരുവായ സമര്‍ത്ഥരാമദാസിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് സംന്യാസദീക്ഷ വരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ സമര്‍ത്ഥരാമദാസ് ശിവജിയോട് രാജര്‍ഷിയായി രാജ്യം ഭരിക്കാന്‍ കല്പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് രാജ്യഭാരം ഏറ്റെടുത്തത്.
നരേന്ദ്ര മോദി യൗവനാരംഭത്തിലെ രണ്ടു വര്‍ഷക്കാലം ഹിമാലയ സാനുക്കളില്‍ പരിവ്രാജകനായി അലഞ്ഞു നടക്കുകയായിരുന്നെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരവധി ഹിമാലയ സന്തുകളുടെ സ്വാധീനം മോദിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്നു വേണം അനുമാനിക്കാന്‍. നരേന്ദ്ര മോദിയിലെ സാമൂഹ്യ പ്രവര്‍ത്തകനെ രൂപപ്പെടുത്തുന്നതില്‍ മറ്റൊരു ഗുരുവിന്റെ സ്വാധീനം മോദി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തിനായി ഗുജറാത്തിലേക്ക് നിയോഗിക്കപ്പെട്ട ലക്ഷമണ്റാവു ഇനാംദാറായിരുന്നു ആ മനുഷ്യന്. ജീവിതം രാഷ്ട്രത്തിനായി സമര്‍പ്പിക്കപ്പെട്ട വക്കീല്‍ സാഹേബ് എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം മോദിയുടെ സാമൂഹ്യ ജീവിത ദര്‍ശനം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. മോദി തന്റെ 23-ാം വയസ്സില്‍ സംഘ പ്രചാരകനായി മാറുവാന്‍ കാരണം ലക്ഷ്മണ് റാവു ഇനാംദാറായിരുന്നു.
സാഹസികതയുടെ ആരാധകര്‍
അഞ്ചു ലക്ഷത്തിലേറെ വരുന്ന ദില്ലിയിലെ മുഗള ഭരണകൂടത്തിന്റെ സൈന്യവും ലക്ഷത്തിലേറെ വരുന്ന ബീജാപ്പൂരിന്റെ സൈന്യവും അതുപോലെ കരുത്തുള്ള കുതുബു ശാഹി സൈന്യവും പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് , ഫ്രഞ്ച്, ഡച്ച് ശക്തികളും ഭാരതത്തിന്റെ വിഭിന്ന പ്രദേശങ്ങളില്‍ ആധിപത്യം ചെലുത്തിയിരുന്ന കാലത്താണ് ശിവജി ഒരു പിടി വനവാസി യുവാക്കളെയും കര്‍ഷകരെയും ചേര്‍ത്തുണ്ടാക്കിയ തന്റെ ചെറുസേനയുമായി ഹൈന്ദവീ സ്വരാജ് സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിച്ചത്. 1664 ല്‍ കേവലം പതിനാലാമത്തെ വയസില്‍ തോരണാ ദുര്‍ഗ്ഗം കീഴടക്കി കൊണ്ട് ശിവജി ആരംഭിച്ച പടയോട്ടം സാഹസികതകളുടെ ഇതിഹാസമാണ് വരച്ചുകാട്ടുന്നത്. ശിവജിയെ ചതിച്ചു കൊല്ലാനായി അയച്ച അഫ്സല് ഖാന് എന്ന കൊടുംഭീകരനെ ഏതാണ്ട് ഒറ്റയ്ക്ക് നേരിട്ടാണ് ശിവജി കൊന്നു വീഴ്ത്തിയത്. നയതന്ത്ര ചര്‍ച്ചയ്ക്ക് എന്ന വ്യാജേന ശിവജിയെ ആഗ്രയിലേക്ക് വിളിപ്പിച്ച ഔറംഗസേബ് അദ്ദേഹത്തെ ജയിലിലടയ്ക്കുകയാണ് ചെയ്തത്. അതിസാഹസികമായി പലഹാരക്കുട്ടയില് കയറിയാണ് ശിവജി ഈ മരണക്കെണിയില്‍ നിന്നും രക്ഷപെട്ടത്. ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധീനതയിലുണ്ടായിരുന്ന ഓരോ കോട്ടയും ഒളിപ്പോര് യുദ്ധത്തിലൂടെ പിടിച്ചടക്കിയ ശിവജിയുടെ ജീവിതവഴി നിറയെ പൗരുഷത്തിന്റെയും സാഹസത്തിന്റെയും കഥകളാണുള്ളത്.
കുട്ടിയായിരിക്കുമ്പോള്‍ നരേന്ദ്ര മോദി തന്റെ ഗ്രാമത്തിലെ ശര്‍മ്മിഷ്ഠ തടാകത്തില്‍ നിന്നും പരിക്കേറ്റ ഒരു ചീങ്കണ്ണിയുടെ കുഞ്ഞിനെ ചികിത്സിക്കാനായി വീട്ടില്‍ കൊണ്ടുവന്നതിലാരംഭിക്കുന്ന സാഹസികത മോദിയുടെ ജീവിതവഴിയില്‍ നിറയെ തെളിഞ്ഞു നില്ക്കുന്നതായി കാണാം. മറ്റൊരിക്കല്‍ ഇതേ തടാകത്തിനു നടുവിലുള്ള ക്ഷേത്രത്തില്‍ പതാക ഉയര്‍ത്താന്‍ നീന്തിപ്പോയ സംഭവവും അനുസ്മരിക്കപ്പെടുന്നു. തടാകത്തിലെ ചീങ്കണ്ണികളെ വകവയ്ക്കാതെ പാറയിലേക്ക് നീന്തിക്കയറിയ കുട്ടിയെ ഗ്രാമം ഒന്നാകെ അഭിനന്ദിക്കുകയുണ്ടായി. സാഹസികതയെ പ്രണയിച്ചതുകൊണ്ടാണ് ചെറുപ്പത്തില്‍ തന്നെ സൈനികനായിതീരാന് അദ്ദേഹം ആഗ്രഹിച്ചത്. എന്നാല്‍ പ്രവേശന പരീക്ഷയ്ക്കുള്ള ഫീസ് നല്‍കാനുള്ള പണം ഇല്ലാതെ പോയതുകൊണ്ട് മോദിയുടെ ആസ്വപ്നം പൊലിഞ്ഞു പോയി. പില്ക്കാലത്ത് ഭൂകമ്പത്തില്‍ തകര്‍ന്നു പോയ ഗുജറാത്തിനെ പുനര്‍നിര്‍മ്മിക്കുന്നതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി വഹിച്ച പങ്ക് അദ്ദേഹത്തിലെ സാഹസികന്റെ മറ്റൊരു മുഖമാണ് കാട്ടിത്തരുന്നത്.1975 ല്‍ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ജനാധിപത്യത്തെ കശാപ്പ് ചെയ്ത് ഏകാധിപത്യം നടപ്പിലാക്കുകയും ചെയ്തപ്പോള്‍ അതിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സംഘടനയുടെ തീരുമാനമനുസരിച്ച് മോദി മുന്നണിയില്‍ തന്നെ ഉണ്ടായിരുന്നു. പോലീസിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഇക്കാലത്ത് പലപ്പോഴും സിഖ് വേഷത്തിലായിരുന്നു മോദി സഞ്ചരിച്ചിരുന്നത്. ലോക് സംഘര്‍ഷസമിതിയുടെ ആഭിമുഖ്യത്തില്‍ ഗുജറാത്തിലങ്ങോളമിങ്ങോളം അടിയന്തരാവസ്ഥയ്ക്കെതിരെ ജനങ്ങളെ ഉണര്‍ത്തുവാന്‍ മുക്തി ജ്യോതി യാത്രകള്‍ സംഘടിപ്പിക്കുന്നതില്‍ മോദി നേതൃത്വം കൊടുത്തിരുന്നു. പ്രവര്‍ത്തകരുടെ രഹസ്യ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിലും അടിയന്തരാവസ്ഥ വിരുദ്ധ ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിലുമെല്ലാം മോദി അതിസാഹസികമായി നേതൃത്വം കൊടുത്തു.
അയോദ്ധ്യാ പ്രക്ഷോഭത്തോടനുബന്ധിച്ച് എല്‍.കെ. അദ്വാനി നയിച്ച ശ്രീരാമ രഥയാത്രയുടെയും കാശ്മീരില്‍ പാക് ഭീകരവാദികളെ വെല്ലുവിളിച്ചു കൊണ്ട് ദേശീയ പതാക ഉയര്‍ത്താനായി മുരളീ മനോഹര്‍ ജോഷി നയിച്ച ഏകതായാത്രയുടെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച ശക്തമായ കരങ്ങള്‍ നരേന്ദ്ര മോദിയുടേതും കൂടി ആയിരുന്നു. 2001 ഒക്ടോബര്‍ 7 ന് ഗുജറാത്തിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റത് പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ചായിരുന്നു. ആഭ്യന്തര രാഷ്ട്രീയത്തില്‍ ബിജെപി ക്ഷീണിക്കുന്നു എന്നു തോന്നിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി ആണ് മോദിയെ ഗുജറാത്തിന്റെ അധികാര രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് നയിച്ചത്. 2001 ജനുവരി 26 ന് ഗുജറാത്തിലുണ്ടായ ഭൂകമ്പത്തില്‍ ഇരുപതിനായിരത്തിലേറെപ്പേര്‍ മരിച്ചിരുന്നു. സമ്പൂര്‍ണ തകര്‍ച്ചയില്‍ നിന്നും പുതിയൊരു ഗുജറാത്തിനെ കെട്ടിപ്പടുക്കുവാന്‍ സാഹസികമായ തീരുമാനങ്ങള്‍ തന്നെ വേണ്ടിയിരുന്നു. ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒടുക്കം വിജയിക്കുക തന്നെ ചെയ്തു. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പുകളിലൊക്കെ മോദിക്ക് വിജയക്കൊടി പാറിക്കാനായത് ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കഴിവില്‍ ഉള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്. 2002 ല്‍ ഉണ്ടായ ഗോധ്രാനന്തര കലാപം അടിച്ചമര്‍ത്തുവാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും മോദിക്കായെങ്കിലും മോദിയുടെ രക്തത്തിനായുള്ള മുറവിളികളുമായി പ്രതിപക്ഷ കക്ഷികള്‍ വ്യാപക നുണപ്രചരണങ്ങള്‍ അഴിച്ചുവിട്ടു.
മുഗളന്മാരും മറ്റ് മുസ്ലിം ശക്തികളും ഒന്നിച്ചെതിര്‍ക്കുമ്പോഴും ബീജാപ്പൂരിന്റെയും മുഗളന്മാരുടെയും കീഴിലുണ്ടായിരുന്ന ഓരോ കോട്ടകളായി ശിവജി പിടിച്ചെടുത്തതിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു നരേന്ദ്ര മോദിയുടെ ഓരോ തെരഞ്ഞെടുപ്പു വിജയങ്ങളും. ഗുജറാത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുത്തയച്ചുകൊണ്ടിരുന്നു.
2002 ഫെബ്രവരി 27ന് ഗോധ്ര റെയില്‍വെ സ്റ്റേഷനില്‍ രാമഭക്തര്‍ സഞ്ചരിച്ചിരുന്ന സബര്‍മതി എക്സ്പ്രസിന് ഇസ്ലാമിക മതമൗലികവാദികള്‍ ആസൂത്രിതമായി തീയിടുകയും 58 രാമഭക്തര്‍ വെന്തുമരിക്കുകയും ഉണ്ടായി. തുടര്‍ന്ന് നടന്ന കലാപങ്ങളില്‍ 1048 പേര് കൊല്ലപ്പെട്ടു. ഇതില്‍ 794 പേര് മുസ്ലീങ്ങളും 207 പേര് ഹിന്ദുക്കളുമായിരുന്നു. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ഏകപക്ഷീയമായ മുസ്ലീം വംശഹത്യയായിരുന്നു ഗുജറാത്തില്‍ നടന്നതെന്ന വിധത്തിലുള്ള പ്രചരണം രാജ്യവ്യാപകമായി നടന്നു. ഗോധ്രയുടെ വര്‍ഗ്ഗീയ കലാപ ചരിത്രമറിയുന്ന ആരും നരേന്ദ്ര മോദി കലാപം ആസൂത്രണം ചെയ്തു എന്ന് പറയില്ല. കാരണം 1927, 1946, 1948, 1965, 1980, 1990, 1992, 2002 തുടങ്ങിയവര്ഷങ്ങളിലൊക്കെ ഗോധ്രയില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറുകയും ഹിന്ദുക്കളും മുസ്ലീങ്ങളും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴാണ് ഇതില്‍ ഒട്ടുമിക്ക കലാപങ്ങളും അരങ്ങേറിയിട്ടുള്ളത്.
അതിന് ആരും തന്നെ അന്നത്തെ മുഖ്യമന്ത്രിമാരെ പഴിച്ചു കണ്ടിട്ടില്ല. എന്നാല്‍ ഗോധാനന്തര കലാപത്തില്‍ മോദിയെ പ്രതിചേര്‍ത്ത് ഇല്ലായ്മ ചെയ്യേണ്ടത് രാജ്യ വിരുദ്ധ ശക്തികളുടെ ആവശ്യമായിരുന്നു. ശിവജിയെ ഉന്മൂലനം ചെയ്യാന്‍ അഫ്സല് ഖാന് എന്ന കൊടുംഭീകരനെ അയച്ചവരുടെ അതേ മനോഭാവം തന്നെയായിരുന്നു ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദിയുടെ രക്തത്തിന് ദാഹിച്ചവരുടെയും. മോദിയെ ശാരീരികമായി ഉന്മലനം ചെയ്യാന്‍ 2004ല്‍ രണ്ട് പാക് ഭീകരരും ഇസ്രത് ജഹാന്, പ്രാണേഷ് പിള്ള എന്ന ജാവേദ് എന്നീ ഭീകരരും ചേര്‍ന്ന് പരിശ്രമിച്ചെങ്കിലും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെട്ടു. നിരാശരായ ശത്രുക്കള്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന വിധത്തില്‍ പ്രചരണം അഴിച്ചുവിട്ടു. 2002 ലെ കലാപത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം നീണ്ട നുണപ്രചരണങ്ങളെ അതീവ സഹനതയോടെയാണ് മോദി നേരിട്ടത്. സുപ്രീം കോടതി വരെ മോദി കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും ഇന്നും നുണപ്രചരണം തുടരുന്ന ഇരുട്ടിന്റെ ശക്തികള്‍ ഔറംഗസേബിന്റെ പാരമ്പര്യം നാഡീഞരമ്പുകളില്‍ പേറുന്നവരാണ്. മാധ്യമങ്ങളുടെയും ചില പ്രതിപക്ഷ കക്ഷികളുടെയും നിരന്തരമായ ആക്രമണങ്ങള്‍ മോദിയെ കൂടുതല്‍ കരുത്തനാക്കുകയായിരുന്നു.
അദ്ദേഹം ജനിച്ചത് ഗുജറാത്തിലെ ഗാഞ്ചി എന്ന പിന്നാക്ക സമുദായത്തിലായിരുന്നു. അദ്ദേഹത്തിന്റെ ജാതി പറഞ്ഞും ചെറുപ്പകാലത്ത് ചായക്കടയില്‍ അച്ഛനെ സഹായിച്ചതിനാല്‍ ചായക്കാരനായും ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മരണത്തിന്റെ വ്യാപാരിയായും ഒക്കെ ചിത്രീകരിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചുവെങ്കിലും അതൊക്കെ ഭാരതത്തിലെ ജനസാമാന്യത്തിന്റെ ഇടയില്‍ അദ്ദേഹത്തിന് സ്ഥാനം നേടികൊടുക്കുകയാണുണ്ടായത്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പോടെ ഗുജറാത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നരേന്ദ്ര പ്രഭാവം ഭാരതം മുഴുവനും വ്യാപിക്കാനാരംഭിച്ചു.
സമാനമായ സാര്‍വഭൗമത്വം
ശത്രുക്കളാല്‍ കാട്ടെലി എന്നപഹസിക്കപ്പെട്ട ശിവജി കഠിന പരിശ്രമത്തിലൂടെ എങ്ങിനെയാണോ സ്വരാജ്യം സ്ഥാപിച്ചത് അതേ വഴിയിലൂടെത്തന്നെയാണ് നരേന്ദ്ര മോദിയും സഞ്ചരിച്ചത്. ശിവജി ഉന്നതകുലജാതനോ പാരമ്പര്യ രാജകുടുംബാംഗമോ ആയിരുന്നില്ല. നരേന്ദ്ര മോദിക്കും അധികാര പാരമ്പര്യത്തിന്റെയോ കുലമഹിമയുടെയോ പിന്തുണ ഉണ്ടായിരുന്നില്ല. പൗരുഷവും പ്രയത്നവും സംഘടനാ സാമര്‍ത്ഥ്യവും ഒന്നുകൊണ്ടു മാത്രമാണ് രണ്ടു പേരും അധികാരത്തിലെത്തിയത്. റായ്ഗഢില് വച്ച് 1674 ജൂണ്‍ 5 ന് ശിവജി ഛത്രപതിയായി അഭിഷിക്തനാകുമ്പോള്‍ ശിവജി പിന്തുടര്‍ന്ന പല ആചാരങ്ങളും നരേന്ദ്രമോദിയും പിന്തുടര്ന്നതായി കാണാം. ശിവജി സിംഹാസനാരോഹണം ചെയ്യുന്നതിനു മുമ്പ് വലതുകാല്മുട്ട് ഭൂമിയില്‍ വച്ച് ശിരസുകൊണ്ട് സിംഹാസനത്തെ നമസ്ക്കരിച്ച് ആ പദവിയുടെ മഹത്വത്തെ മാനിച്ചു. നരേന്ദ്ര മോദിയാകട്ടെ പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ മുട്ടുകുത്തി നമസ്ക്കരിച്ചതിനു ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷുകാരുടെ വക്കീല്‍ ഹെന്റി ആക്സിന്ധേനോവ് അടക്കം വിദേശ രാഷ്ട്ര പ്രതിനിധികളെയും പ്രമുഖ വ്യക്തികളെയും വിളിച്ചു വരുത്തി അവരുടെ സമക്ഷത്തായിരുന്നു ശിവജിയുടെ പട്ടാഭിഷേകമെങ്കില് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അയല്‍ രാജ്യങ്ങളുടെ എല്ലാ തലവന്മാരെയും മറ്റ് രാഷ്ട്ര പ്രതിനിധികളുടെയും സമക്ഷത്തായിരുന്നു. ഈ നടപടിയിലൂടെ പരോക്ഷമായി ഭാരതം ലോകത്തോട് ചിലത് പ്രഖ്യാപിക്കുന്നതായി നയതന്ത്ര വിശാരദന്മാര് വിലയിരുത്തി.
ഛത്രപതിയായി അഭിഷിക്തനായ ശിവജി മുഗളന്മാര് അടിച്ചുടച്ച ഭരദേവതാ ക്ഷേത്രമായ തുളജ ഭവാനി ക്ഷേത്രമടക്കമുള്ള ക്ഷേത്രങ്ങള്‍ ഓരോന്നായി പുനര്‍നിര്‍മ്മിച്ച് രാഷ്ട്രത്തിന്റെ ആത്മ ഗൗരവം വീണ്ടെടുത്തു. നരേന്ദ്ര മോദി പ്രധാനമത്രിയായി അധികാരമേറ്റെടുത്തതിനു ശേഷമാണ് അയോധ്യയിലെ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കാശി വിശ്വനാഥ ക്ഷേത്രവും ഗംഗയുമെല്ലാം ഇന്ന് പഴയ പ്രൗഢി വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന തീര്‍ത്ഥ സങ്കേതങ്ങള്‍ എല്ലാം പ്രധാനമന്ത്രി പ്രത്യേക താത്പര്യമെടുത്ത് നവീകരിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയുടെ സഹായമില്ലാതെ തന്നെ കൈലാസദര്‍ശനം സാധ്യമാക്കുന്ന പുതിയ പാത വെട്ടിത്തുറന്നതും മോദിജിയുടെ പ്രത്യേക താത്പര്യപ്രകാരമാണ്.
വികസനവും സാമ്പത്തിക സ്വയംപര്യാപ്തിയും
ഏതൊരു രാജ്യത്തിനും സാമ്പത്തിക ഭദ്രത ഇല്ലെങ്കില്‍ ഏറെക്കാലം പിടിച്ചു നില്‍ക്കാനാവില്ല. ഈ ബോധ്യമുണ്ടായിരുന്ന ശിവജി കര്‍ഷകര്‍ക്ക് കൃഷി ഇറക്കാന്‍ പണവും വിത്തും സൗജന്യമായി നല്കി. എന്നു മാത്രമല്ല നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ച് പോന്നിരുന്ന ഭൂപ്രഭുത്വ സമ്പ്രദായം അവസാനിപ്പിക്കുകയും കൃഷിഭൂമി കര്‍ഷകര്‍ക്ക് പതിച്ചുനല്‍കുകയും ചെയ്തു. തന്റെ സൈനികര്‍ക്ക് സേനാ നീക്കം കുറവുള്ള മഴക്കാലത്ത് ഗ്രാമത്തിലേക്ക് മടങ്ങാനും കൃഷി വേലകള്‍ ചെയ്യാനും സൗകര്യം ചെയ്തു കൊടുത്തു. ഇതു കൂടാതെ ഖജനാവ് നിറയ്ക്കാന്‍ വിദേശികള്‍ പണം സ്വരൂപിച്ച് വച്ചിരുന്ന സുറത്തു പോലുള്ള നഗരങ്ങളെ സേനാ നീക്കത്തിലൂടെ പിടിച്ചെടുത്തു. സൈന്യത്തെ ആധുനികവല്‍ക്കരിക്കുകയും സമുദ്രാതിര്‍ത്തി സംരക്ഷിക്കാന്‍ സിന്ധുദുര്‍ഗ്ഗം പോലുള്ള നിരവധി കടല്‍കോട്ടകള്‍ കെട്ടുകയും ചെയ്ത ശിവജി എപ്പോഴും സേനാബലം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം സമ്പത്തികരംഗം അടിമുടി ഉടച്ചുവാര്‍ത്തു എന്നു കാണാം. വിദേശ രാജ്യങ്ങളുമായുള്ള വിനിമയത്തിന് ഡോളറിനു പകരം ഭാരതത്തിന്റെ രൂപ ഇന്ന് പല രാജ്യങ്ങളും സ്വീകരിച്ച് തുടങ്ങിയതോടെ രൂപ ശക്തിപ്പെട്ടു. ഇന്ന് ഭാരതം ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കാര്‍ഷിക രംഗത്തും സമൂലമായ അഴിച്ചുപണികള്‍ നടത്തിയതോടെ ആ രംഗവും ശക്തമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഹൈന്ദവീ സ്വരാജ് എന്ന ശിവജിയുടെ സ്വപ്നം തന്നെയാണ് നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന സ്വാശ്രയ ഭാരതം. സൈനിക ഉപകരണങ്ങള്‍ വിദേശത്തു നിന്നു വാങ്ങുന്നത് കുറച്ചു കൊണ്ട് ഭാരതത്തില്‍ തന്നെ ഉത്പാദിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതോടെ വമ്പന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. തന്നെയും തന്റെ രാജ്യത്തെയും പതിയിരുന്നാക്രമിച്ച ഒരു ശത്രുവിനോടു പോലും ശിവജി സന്ധി ചെയ്തില്ല. ഉചിത സമയത്ത് തിരിച്ചടിക്കുന്ന ശിവജിയുടെ ശൈലി തന്നെയാണ് നരേന്ദ്ര മോദി ബാലാക്കോട്ടിലും ഗാല്‍വാനിലും എല്ലാം അനുവര്‍ത്തിച്ചത്. സാധാരണ സൈനികരോടൊപ്പം കഴിയുന്ന ശിവജിയെ അനുസ്മരിക്കുന്നതാണ് എല്ലാ വര്‍ഷവും നരേന്ദ്രമോദി അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ദീപാവലിയോ ഹോളിയൊ ഒക്കെ ആഘോഷിക്കുന്നത്.
2005ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് അമേരിക്ക മോദിക്ക് വിസ നിഷേധിച്ചത്. എന്നാല്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഉത്സവമാക്കി മാറ്റുന്ന ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ അമേരിക്കയും ഒട്ടും പിറകിലല്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ഭാരതം അതിന്റെ നയതന്ത്ര സമീപനങ്ങള്‍ അടിമുടി പൊളിച്ചെഴുതി. ഒരിക്കല്‍ ചേരിചേരായ്മയില്‍ തളച്ചിടപ്പെട്ടിരുന്ന ഭാരതം ഇന്ന് സ്വന്തംചേരി കെട്ടിപ്പടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര ശാക്തിക ഇടപെടലുകളില്‍ ഇന്ന് ഏറ്റവും വിലപേശല്‍ ശേഷിയുള്ള ഒരു രാഷ്ട്രമായി ഭാരതം മാറിയിരിക്കുന്നു.
ഹൈന്ദവീ സ്വരാജിന്റെ ഛത്രാധിപതിയായി ശിവജിയെ അഭിഷേകം ചെയ്യാന്‍ കാശിയില്‍ നിന്നും കാശി വിശ്വനാഥന്റെ പൂജാരിയായ ഗംഗാഭട്ടും സംഘവും നേരിട്ടെത്തിയ പ്രതീതിയായിരുന്നു ഈ അടുത്ത കാലത്ത് പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തില്‍ ചെങ്കോല്‍ പ്രതിഷ്ഠിക്കാനെത്തിയ സന്യാസിമാരുണ്ടാക്കിയത്. കര്‍മ്മത്തില്‍ മാത്രമല്ല വേഷവിധാനത്തില്‍ പോലും നരേന്ദ്ര മോദിയില്‍ ഛത്രപതി ശിവജിയുടെ പരകായപ്രവേശം കാണാന്‍ കഴിയും. ഭാരത ചരിത്രത്തിലെ ഒരു സുവര്‍ണ്ണകാലത്തിന്റെ പുനരവതാരം തന്നെയാണ് ശ്രീ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയിലൂടെ വെളിപ്പെട്ടു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: