മൂന്നാര്‍/ രാജാക്കാട് : കൈയറ്റം ഒഴിപ്പിക്കാന്‍ 15 വര്‍ഷത്തിന് ശേഷം മറ്റൊരു ദൗത്യസംഘം
എത്തുമ്പോള്‍ വല്ലതും നടക്കുമോ എന്ന ചോദ്യമാണ് പൊതുജനം ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ ഇടുക്കിയിലെ രാഷ്ട്രീയവും കുഴഞ്ഞ് മറിയുകയാണ്. കൈയേറ്റക്കാരുടെ പേരില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചാല്‍ കൈകാര്യം ചെയ്യുമെന്ന് സിപിഎം പ്രഖ്യാപിച്ച് കഴിഞ്ഞു.
2006ല്‍ വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ തുടങ്ങിയ മൂന്നാര്‍ ഒഴിപ്പിക്കല്‍ നിലച്ചത് സിപിഎം, സിപിഐ കക്ഷികളുടെ കടുത്ത എതിര്‍പ്പ് മൂലമായിരുന്നു. ഒഴിപ്പിക്കാന്‍ വരുന്നവന്റെ കാല് വെട്ടുമെന്നാണ് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി പ്രഖ്യാപിച്ചത്. അച്യുതാനന്ദന് ഒപ്പമായിരുന്ന സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി പിണറായി പക്ഷത്തേക്ക് മലക്കം മറിഞ്ഞതിനും പിന്നില്‍ മൂന്നാര്‍ ദൗത്യമായിരുന്നു.
2007 മെയ് 13നാണ് കെ. സുരേഷ്കുമാര്‍, ഐജി ഋഷിരാജ്സിങ്, ജില്ലാ കളക്ടര്‍ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടപടി ആരംഭിച്ചത്. ജൂണ്‍ ഏഴ് വരെയുളള 25 നാളുകള്‍ക്കിടെ 91 കെട്ടിടങ്ങള്‍ നിലം പതിച്ചു. 11,350 ഏക്കര്‍ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുകയും ചെയ്തു. ദേശീയ പാതയോരം കൈയേറിയ സിപിഐ ഓഫീസിന്റെ മുന്‍ഭാഗം മെയ് 14ന് പൊളിച്ചപ്പോള്‍ ഉന്നതങ്ങളിലെ പല നെറ്റികളും ചുളിഞ്ഞു. ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന എം ഐ രവീന്ദ്രന് ഇല്ലാത്ത അധികാരം ഉപയോഗിച്ചു നല്കിയ പട്ടയങ്ങളുടെ കഥ മെയ് 28ന് വെളിച്ചത്താകുക കൂടി ചെയ്തതോടെയാണ് ദൗത്യസംഘത്തിന്റെ മേല്‍ വിലങ്ങുകള്‍ വീണു തുടങ്ങിയത്. ഇതിനിടെ പല ഫയലുകളും സ്റ്റേയില്‍ കുടുങ്ങി.
ടാറ്റാ ഹോംസ്റ്റേകള്‍ക്കും, ടോമിന് തച്ചങ്കരിയുടെ സഹോദരന്റെ ഉടമസ്ഥതയിലുളള ഫോര്‍ട്ട് മൂന്നാര്‍ റിസോര്‍ട്ടിനും മൂന്നാര്‍ കാറ്ററിംഗ് കോളജിനും അബാദ് റിസോര്‍ട്ടിനും എതിരായ നടപടികള്‍ മരവിക്കപ്പെട്ടു. ഇതിനിടെ സുരേഷ്കുമാറും ഋഷിരാജ് സിംഗും ആരുമറിയാതെ മലയിറങ്ങി. ദൗത്യത്തിന് ജീവന് വെപ്പിക്കുന്നതിനായി 2007 ജൂലൈ മൂന്നിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നേരിട്ടെത്തി ടാറ്റാ കൈയേറിയതെന്ന് പറഞ്ഞ് 1380ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. എന്നാല്‍ ഈ ഭൂമി വനം വകുപ്പിന്റേതാണൈന്ന് ടാറ്റാ പറഞ്ഞതോടെ ഇതും വിവാദത്തിലായി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ദൗത്യസംഘത്തലവന്‍ സ്ഥാനത്ത് നിന്നും സുരേഷ്കുമാറിനെ മാറ്റി. ഋഷിരാജ് സിംഗ് അവധിയെടുക്കുകയും ചെയ്തു. അഡീഷനല്‍ ലാന്റ് റവന്യൂ കമീഷണര്‍ വി.എം.ഗോപാലമേനോനെ പിന്നീട് മൂന്നാറിലേക്ക് നിയോഗിച്ചു.
സപ്തംബര്‍ 27ന് രാജുനാരായണ സ്വാമിയെ സര്‍ക്കാര്‍ പത്തനംതിട്ടക്ക് തട്ടി. ഡോ. കെ.എം.രാമാനന്ദനാണ് മൂന്നാമങ്കത്തിനായി എത്തിയത്. വട്ടവടയില്‍ 765.89ഏക്കര്‍ ഭൂമിയും ചില റിസോര്‍ട്ടുകളും ഏറ്റെടുത്ത രാമാനന്ദനെ പിന്നീട് കണ്ടിട്ടില്ല. നിരവധി നഷ്ടപരിഹാര കേസുകളാണ് മൂന്നാര്‍ നടപടിയുടെ പേരില്‍ ഉണ്ടായത്. 2008 സപതംബര്‍ നാലിന് ഉണ്ടായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 11ന് ധന്യശ്രീ റിസോര്‍ട്ട് സര്‍ക്കാര്‍ ഉടമകള്‍ക്ക് കൈമാറി. സ്റ്റേ നിലനില്‍ക്കെ ധന്യശ്രീ പൊളിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സുരേഷ്കുമാറിന് ഹൈക്കോടതി നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു.
പള്ളിവാസല്‍ മൂന്നാര്‍ വുഡ്സ് റിസോര്‍ട്ടിന്റെ ഏറ്റെടുത്ത 2.84 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് വിട്ടു കൊടുക്കാന്‍ 2009 ജൂലൈ 22ന് ഹൈക്കോടതി വിധിച്ചു. കളക്ടറായിരുന്ന രാജു നാരായണ സ്വാമി 15,000 രൂപ കോടതി ചെലവ് നല്‍കാനും വിധി വന്നു. ഇക്കുറി ജില്ലാ കളക്ടറാണ് ദൗത്യസംഘം മേധാവി. എന്നാല്‍ ഈ നടപടിയും വെറും പ്രഹസനമാകുമെന്നാണ് വിലയിരുത്തല്‍.
ഉത്തരവ് വന്നതോടെ ഒരിടവേളക്ക് ശേഷം ചിന്നക്കനാലിലേയും മൂന്നാറിലേയും കൈയേറ്റ മാഫിയക്കെതിരെ വീണ്ടും പടയൊരുക്കം തുടങ്ങി. മൂന്നാറിലും ചിന്നക്കനാലിലും നടന്നിട്ടുള്ള നിരവധി നിയമ വിരുദ്ധ കയ്യേറ്റങ്ങള്‍ ഇടതു നേതാക്കളുടെ ഒത്താശയോടെയാണെന്നുള്ള മുന്‍ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് നിലവില്‍ വന്നിരിക്കുന്ന ഇടത്നേതാക്കളുടെ പ്രസ്താവന. കോടികള്‍ വിലമതിക്കുന്ന വസ്തുക്കളാണ് ഇവരുടെ ഒത്താശയിലൂടെ മാഫിയകള്‍ കയേറിയിട്ടുള്ളത്. കയേറ്റക്കാരായ റിസോര്‍ട്ട് മാഫിയയുടെ കൂടെയാണെന്ന് തെളിയിക്കുന്ന പ്രസ്താവനകളാണ് ഇവരില്‍ നിന്നും ഉയരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: