കൊല്ലം: ജില്ലയില്‍ വീണ്ടും സൂനാമി ഇറച്ചിയുടെ ഉപയോഗം വ്യാപകമാകുന്നു. തമിഴ്നാട്ടിലെ കോഴി ഫാമുകളില്‍ ചത്ത കോഴികളെ നിസ്സാര വിലയ്ക്ക് കേരളത്തിലേക്ക് ഇറച്ചിയാക്കി കൊണ്ടുവരുന്നതിനെയാണ് സുനാമി ഇറച്ചിഎന്നു പറയുന്നത്. സുനാമി ഇറച്ചിക്കച്ചവടത്തിന് തടയിടാന്‍ നേരത്തേ ശക്തമായ പരിശോധനകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ മീനാട് ഭാഗത്ത് ഗോഡൗണില്‍ നിന്നും പിടിച്ചെടുത്ത പഴകിയ ഇറച്ചി നഗരത്തിലടക്കമുള്ള പ്രമുഖ ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതിനായാണ് സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങളായി ജില്ലയില്‍ പലയിടത്തും ഇറച്ചി വിതരണം ചെയ്തിരുന്നത് ഇവരാണ്. തിരുവനന്തപുരത്ത് നിന്നും വാഹനങ്ങളില്‍ എത്തിച്ചു വിതരണം ചെയ്തിരുന്ന ഇറച്ചി അടുത്തിടെയാണ് ചാത്തന്നൂരില്‍ പുതിയ ഗോഡൗണ്‍ എടുത്ത് വിതരണം ചെയ്യാന്‍ ആരംഭി
ച്ചത്.
തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള കോഴി ഫാമുകളിലെ കോഴിയാണ് അറബിയിലും ഇംഗ്ലീഷിലുമൊക്കെ പേരെഴുതിയ കവറുകളില്‍ വിപണിയിലെത്തിച്ചിരുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത ഇറച്ചികള്‍ അഴുകി തുടങ്ങിയ നിലയിലായിരുന്നു. ജില്ലയിലൊട്ടാകെ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യസുരക്ഷാ ലൈസന്‍സോ മറ്റ് അനുമതികളോ ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചിരുന്നത് ആകെ ഉണ്ടായിരുന്നത് ചാത്തന്നൂര്‍ പഞ്ചായത്ത് നല്കിയ ഒരു ലൈസന്‍സ് മാത്രമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഇറച്ചി വിതരണം ചെയ്യുന്നത്തിനായുള്ള ഗോഡൗണുകള്‍ ഉണ്ടെന്ന് വ്യക്തമായിട്ടും ഇവിടെയെങ്ങും പരിശോധന നടത്താനോ കൂടുതല്‍ അന്വേഷണം നടത്താനോ ഭഷ്യസുരക്ഷാവകുപ്പ് തയ്യാറായിട്ടില്ല.
സംസ്ഥാനമൊട്ടാകെ ഇറച്ചി വിതരണം ചെയ്യുന്ന ഒരു വലിയ ശൃംഖലയുടെ ഒരു ഭാഗമാണ് കൊല്ലത്ത് ചാത്തന്നൂരില്‍ പിടികൂടിയത്. രാത്രികാലങ്ങളില്‍ ചെറുതും വലുതുമായ കണ്ടൈയ്നര്‍ ലോറികളിലാണ് ഇവിടെ ഇറച്ചി എത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പരിശോധനകള്‍ വഴിപാടാകുന്നു
ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കി ജില്ലയിലേക്കുള്ള അനധികൃത മാംസക്കടത്ത് വര്‍ധിക്കുമ്പോഴും പരിശോധന വഴിപാടായി മാറുകയാണ്. നഗരഗ്രാമ വ്യത്യാസം ഇല്ലാതെ ഭക്ഷണശാലകളില്‍ ഷവര്‍മ, അല്‍ഫാം, മന്തി തുടങ്ങിയവയുടെ വില്‍പ്പന കേന്ദ്രങ്ങള്‍ പെരുകിയതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. കോഴിയിറച്ചി വില നാള്‍ക്കുനാള്‍ കൂടുമ്പോള്‍ താരതമ്യേന പകുതി വിലയ്ക്ക് കിട്ടുന്ന സുനാമി ഇറച്ചിയിലേക്ക് ചിലര്‍ തിരിയുന്നത് സ്വാഭാവികം.
കിലോയ്ക്ക് 50 രൂപയ്ക്ക് താഴെ മതി എന്നതിനാല്‍ ഇത്തരം ഇറച്ചിക്ക് ഡിമാന്‍ഡാണ്. അതിര്‍ത്തിയില്‍ പരിശോധന ഒഴിവാക്കാന്‍ തീവണ്ടിയിലും മറ്റുമാണ് ഇവ തമിഴ്നാട് അതിര്‍ത്തി കടന്നെത്തുന്നത്. കേരളത്തില്‍ എത്തുമ്പോള്‍ മൊത്ത വിതരണക്കാര്‍ ഏറ്റെടുക്കും. പിന്നീട് ഏകീകൃത വില്‍പ്പന കേന്ദ്രത്തിലെത്തിക്കുകയും അവിടെ നിന്ന് വിതരണം ചെയ്യുകയുമാണ് പതിവ്.
ഒറ്റപ്പെട്ട വീടുകളോ കടകളോ ആകും ഇത്തരത്തില്‍ ഏകീകൃത വില്‍പ്പന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിനോ ഭക്ഷ്യസുരക്ഷാ വകുപ്പിനോ അറിവുണ്ടാകില്ല. ഒരു ലൈസന്‍സുമില്ലാതെയാകും പ്രവര്‍ത്തനം. നാട്ടുകാരും മറ്റും പരാതിപ്പെടുമ്പോള്‍ മാത്രമാണ് അധികൃതര്‍ അറിയുന്നത് തന്നെ. തമിഴ്നാട്ടില്‍ നിന്നുള്ള മാംസമാഫിയ സംഘങ്ങള്‍ക്ക് കൊല്ലത്ത് ഏജന്റുമാരുണ്ടെന്ന് പരമ്പരാഗത ഇറച്ചി വ്യാപരികള്‍ പറയുന്നു. രോഗബാധിതമായ മാടുകളെയും കോഴികളെയും കശാപ്പ് ചെയ്ത്
കേരളത്തിലേക്ക് അയക്കുന്നതും പതിവ് രീതിയാണത്രേ. ഇത് ശരിയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: