ഹാങ്ചൊ: ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന്റെ സ്വര്‍ണകുതിപ്പിന് കരുത്തായി ഷൂട്ടര്‍മാരുടെ സംഘം. നിലവില്‍ ഭാരതം നേടിയ 12 സ്വര്‍ണത്തില്‍ ഏഴും ഷൂട്ടിങ്ങില്‍ നിന്നാണ്. കൂടാതെ 9 വെള്ളിയും 6 വെങ്കലവും ഭാരത സംഘം വെടിവെച്ചിട്ടു. ആകെ 22 മെഡലുകളാണ് റേഞ്ചില്‍ നിന്ന് ഭാരതം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഷൂട്ടിങ്ങില്‍ ഭാരതത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെയാണ്.
ജക്കാര്‍ത്തയിലെയും ദോഹയിലെയും പ്രകടനം മറികടന്ന് കുതിക്കുകയാണ് ഭാരതത്തിന്റെ ഷൂട്ടര്‍മാര്‍. 2006 ദോഹ ഏഷ്യന്‍ ഗെയിസിലെ ഷൂട്ടിങ്ങില്‍ മൂന്നുസ്വര്ണമായിരുന്നു സമ്പാദ്യമെങ്കില് ഹാങ്ചൊവില്‍ ഇതിനോടകം ഏഴെണ്ണം സ്വന്തമാക്കിക്കഴിഞ്ഞു. ജസ്പാല്‍ റാണയും വിജയകുമാറും തിളങ്ങിയ ദോഹയില്‍ മൂന്നു സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവും ചേര്‍ന്ന് ഷൂട്ടിങ്ങില്‍ 14 മെഡലായിരുന്നു സമ്പാദ്യം. 2018-ല്‍ ജക്കാര്‍ത്തയില്‍ രണ്ടു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവും ചേര്‍ത്ത് ഒമ്പതുമെഡലുകളും. രണ്ട് നേട്ടങ്ങളും ഇത്തവണ ഷൂട്ടര്‍മാര്‍ മറികടന്നുകഴിഞ്ഞു.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം, പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം, വനിതാ 50 മീറ്റര്‍ വ്യക്തിഗത റൈഫിള്‍ ത്രീ പൊസിസഷന്‍, പുരുഷ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിസഷന്‍ ടീം, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനം, പുരുഷന്മാരുടെ ട്രാപ് ടീം ഇനം എന്നിവയിലാണ് ഇത്തവണ ഭാരതത്തിന്റെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ പൊന്നണിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: