തിരുവനന്തപുരം: കരുവന്നൂരിലുള്‍പ്പെടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും സിബിഐ അന്വേഷിക്കണമെന്ന് ബിജെപി
സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് സമാനമായി ഫോറന്‍സിക് ഓഡിറ്റിംഗ് നടത്തണമെന്നും രമേശ് ആവശ്യപ്പെട്ടു.
കേരളം രാജ്യത്തെ ഏകീകൃത സോഫ്റ്റ്വെയറിനെ എതിര്‍ക്കുന്നത് തട്ടിപ്പ് നടത്താനാണ്. സംസ്ഥാനം തയ്യാറാക്കുമെന്ന് പറയുന്ന സോഫ്റ്റ്വെയറില് ഒരു വര്‍ഷത്തെ ഇടപാട് വിവരം മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതിയെന്നാണ് പറയുന്നത്. ഇത് ക്രമക്കേടുകള്‍ മറച്ചുവയ്ക്കാനാണ്. നോട്ടു നിരോധന സമയത്തും അതിനുശേഷവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് സഹകരണ ബാങ്കുകളിലൂടെ നടന്നത്. ഇത് മറച്ചുവയ്ക്കാനാണ് ശ്രമം. അതിനാല്‍ 2016 മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ഇടപാടുകളും പരിശോധനയക്ക് വിധേയമാക്കണം. എങ്ങനെയാണ് കേരളത്തിലെ ചില സഹകരണ ബാങ്കുകളില്‍ മാത്രം കോടികളുടെ നിക്ഷേപമുണ്ടാവുന്നത്. വിദേശത്തുള്ള വന്‍കിടക്കാര്‍ അവരുടെ കള്ളപ്പണം സഹകരണ ബാങ്ക് വഴി വെളുപ്പിക്കുകയാണ്. വാര്‍ഷിക പരിശോധന നടക്കുന്ന മാര്‍ച്ച് അവസാനം പോലും കോടികളുടെ കൊടുക്കല്‍ വാങ്ങലുകളാണ് പല സഹകരണ ബാങ്കുകളിലും നടക്കുന്നത്.
കരുവന്നൂരില്‍ പണം നഷ്ടപെട്ടവരില്‍ അധികവും സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. എന്നിട്ടും പണം നഷ്ടപ്പെട്ടവര്‍ക്കൊപ്പമല്ല, കൊള്ളക്കാര്‍ക്കൊപ്പമാണ് സിപിഎം. സുരേഷ് ഗോപി നാളെ നടത്തുന്ന പദയാത്രയില്‍ പണം നഷ്ടപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഴുവന്‍ അണിനിരക്കും. അതിന്റെ ഭയപ്പാടിലാണ് സിപിഎം ബിജെപിയെ കുറ്റം പറയുന്നത്. കരുവന്നൂരിലും തൃശൂരിലും മാത്രമല്ല കേരളം മുഴുവന്‍ പ്രക്ഷോഭം നടത്തും. ക്രമക്കേട് നടക്കുന്ന എല്ലാ ബാങ്കിലും അദാലത്ത് നടത്തും.
നേതാക്കന്മാര് നടത്തിയ തട്ടിപ്പ് മറയ്ക്കാന്‍ സഹകരണ സംഘങ്ങളെ സര്‍ക്കാര്‍ ബലി നല്‍കുകയാണ്. ഇത് സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘത്തെയും തകര്‍ക്കുന്നു.
കേരള ബാങ്ക് കരുവന്നൂരിന് പണം നല്‍കുന്നത് ചട്ടം പാലിച്ചല്ലെന്ന് എല്ലാവര്ക്കും അറിയാം. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് കരുവന്നൂരിന്റെ ഈ അവസ്ഥക്ക് കാരണം. കരുവന്നൂരില്‍ ഇഡിയെ കൊണ്ടുവന്നത് ബിജെപിയല്ല, പണം നഷ്ടപ്പെട്ട സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. രമേശ് പറഞ്ഞു.
കെ. മുരളീധരന് അസൂയ, സ്വയം ചികിത്സിക്കണം: എം.ടി. രമേശ്
തിരുവനന്തപുരം: രണ്ടാമത്തെ വന്ദേഭാരതിന്റെ ആദ്യ യാത്രയെക്കുറിച്ച് കെ. മുരളീധരന് കുറ്റം പറയുന്നത് അസൂയ കൊണ്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. രണ്ടാം വന്ദേഭാരത് യാത്രയെ കുറിച്ചുള്ള കെ.മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേഭാരത് ഏതെല്ലാം സ്റ്റേഷനില്‍ എത്രസമയം നിര്‍ത്തുമെന്ന് മുന്നേ തീരുമാനിച്ചതാണ്. വി. മുരളീധരന് നാട്ടുകാരും പ്രവര്‍ത്തകരും മാലയിട്ടതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിനാണ് ലീഗ് പ്രവര്‍ത്തകര്‍ മാലയിട്ടത്. അതുപോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് മാലയിടീക്കാന് കെ. മുരളീധരന് കോണ്‍ഗ്രസില്‍ ആരും ഇല്ലാത്തതു കൊണ്ടാകാം. അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ല, അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല, അതിന് സ്വയം ചികിത്സ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: