ന്യൂദല്‍ഹി: ശുചിത്വ ഭാരതത്തിനായി ചൂലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി രാജ്യമെമ്പാടും ഒരു മണിക്കൂര്‍ ശുചീകരിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയും ജനങ്ങള്‍ക്കൊപ്പം കാമ്പയിനില്‍ പങ്കുചേര്‍ന്നു. ഗുസ്തിതാരവും ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറുമായ അങ്കിത് ബയാന്പുരിയക്കൊപ്പമാണ് ശുചീകരണത്തില്‍ പങ്കാളിയായത്.
”ഇന്ന്, രാജ്യം ശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അങ്കിത് ബയാന്‍പുരിയയും ഞാനും അതുതന്നെ ചെയ്തു! കേവലം ശുചിത്വത്തിനപ്പുറം, ശാരീരിക ക്ഷമതയും ക്ഷേമവും കൂടി ഞങ്ങള്‍ ഇതിനോട് ചേര്‍ത്തു”. ഇരുവരും ഒന്നിച്ച് ശുചീകരണത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു. ഇത് ശുചിത്വവും ആരോഗ്യവുമുള്ള ഭാരതത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യായാമത്തിനായി നിങ്ങള്‍ എത്ര സമയം നീക്കിവയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി അങ്കിതിനോട് ചോദിച്ചു.
”അധികമൊന്നുമില്ല സാര്‍, ഏകദേശം 4-5 മണിക്കൂര്‍. നിങ്ങളെ കാണുമ്പോള്‍ എനിക്ക് വളരെയധികം പ്രചോദനം ലഭിക്കുന്നു, ഞാന്‍ വളരെയധികം വ്യായാമം ചെയ്യുന്നു. അങ്കിത് പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
”ഞാന്‍ അധികം വ്യായാമം ചെയ്യാറില്ല, പക്ഷേ ഞാന്‍ അച്ചടക്കം പാലിക്കുന്നു. എങ്കിലും എനിക്ക് നിലവില്‍ അച്ചടക്കമില്ലാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ഭക്ഷണത്തിന്റെ സമയമാണ്, മറ്റൊന്ന് ഉറക്കത്തിനായി കുറച്ച് സമയം നീക്കിവയ്ക്കേണ്ടതുണ്ട്, എന്നാല്‍ അതെനിക്ക് ചെയ്യാന്‍ കഴിയുന്നില്ലെ”ന്നും പ്രധാനമന്ത്രി അങ്കിതിനോട് പറഞ്ഞു.
”സാമൂഹ്യ മാധ്യമങ്ങള്‍ എങ്ങനെ നല്ല രീതിയില്‍ ഉപയോഗിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിങ്ങള്‍ നല്‍കിയിരിക്കുന്നത്. ജിമ്മില്‍ പോയിരുന്ന യുവാക്കള്‍ ഇപ്പോള്‍ നിങ്ങളുടെ ദിനചര്യകള്‍ പിന്തുടരുന്നത് ഞാന്‍ കണ്ടു” അങ്കിതിനെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം പത്തുലക്ഷം കേന്ദ്രങ്ങളിലാണ് ശുചീകരണം നടന്നത്. കോടിക്കണക്കിനാളുകള്‍ യജ്ഞത്തിന്റെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: