തൊടുപുഴ: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിന് പിന്നാലെ സംഭരണികളിലെ ജലനിരപ്പ് ഉയരുന്നു. ഒരു ദിവസത്തിനിടെ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 1.7 അടി ഉയര്‍ന്നു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2341.38 അടിയാണ് ജലനിരപ്പ്, മൊത്തം സംഭരണ ശേഷിയുടെ 38.64% ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2385.04 അടിയായിരുന്നു, 43.66 അടിയുടെ കുറവ്. സപ്തംബറില്‍ മാത്രം 255.912 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമൊഴുകിയെത്തി. സപ്തംബറില്‍ ഇടുക്കിയില്‍ കൂടിയത് 10 ശതമാനത്തോളം വെള്ളമാണ്. കാലവര്‍ഷത്തിന്റെ ആദ്യത്തില്‍ മഴ കുറഞ്ഞതോടെ ജലശേഖരം ജൂണില്‍ 13 ശതമാനത്തിലേക്ക് എത്തിയിരുന്നു. പിന്നീട് ജൂണ്‍ അവസാനവും ജൂലൈ ആദ്യവും അവസാനവും ലഭിച്ച ശക്തമായ മഴയില്‍ ജലശേഖരം 32 ശതമാനത്തിന് അടുത്തെത്തി.
ആഗസ്തില്‍ 28.7 ശതമാനത്തിലേക്ക് താഴ്ന്നു. സപ്തം. ഒന്ന് മുതല്‍ തുടരുന്ന മഴയാണ് ഇപ്പോള്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇതിനൊപ്പം ഉത്പാദനം കുറച്ച് നിര്‍ത്തി ജലം ഭാവിയിലേക്ക് കരുതി വയ്ക്കുകയാണ് കെഎസ്ഇബി. നിലവില്‍ ശരാശരി ഒരു ദശലക്ഷം യൂണിറ്റാണ് മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്നുള്ള ഉത്പാദനം. ഇടുക്കിയിലെ ജലനിരപ്പ് ഡിസംബര്‍ അവസാനം 80 ശതമാനത്തിലേക്ക് എത്തിയെങ്കില്‍ മാത്രമേ വരുന്ന വേനല്‍ക്കാലം പ്രശ്നങ്ങളില്ലാതെ കടന്നു പോകൂ. മൊത്തം ജലശേഖരത്തിന്റെ 70 ശതമാനം കാലവര്‍ഷത്തിലും 30 ശതമാനം തുലാവര്ഷത്തിലുമാണ് ഇടുക്കിക്ക് ലഭിക്കുന്നത്.
മൊത്തം ജലശേഖരം 50 ശതമാനം
ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലെ മൊത്തം ജലശേഖരം 50 ശതമാനത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 81 ശതമാനമായിരുന്നു . 2017ന് ശേഷം ജലശേഖരം ഇത്രകണ്ട് താഴുന്നത് ഇതാദ്യമാണ്. പമ്പ, കക്കി സംഭരണികളിലാകെ 56 ശതമാനം വെള്ളമുണ്ട്. ഷോളയാര്‍- 97, ഇടമലയാര്‍- 55, കുണ്ടള- 97, മാട്ടുപ്പെട്ടി- 64, കുറ്റിയാടി- 64, തരിയോട്- 77, ആനയിറങ്കല്‍- 39, പൊന്മുടി- 74, പെരിങ്ങല്‍കുത്ത്- 59, നേര്യമംഗലം- 73, ലോവര്‍ പെരിയാര്‍ – 79 ശതമാനം വീതമാണ് മറ്റ് സംഭരണികളിലെ ജലശേഖരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: