ജ്ഞാനവാസിഷ്ഠത്തിലൂടെ
നിര്‍വാണപ്രകരണം
ശ്രീരാമചന്ദ്രനോട് പിന്നെയും മുനീശ്വരന്‍ സാരമാകും ഉപദേശം ചെയ്യുവാന്‍ തുടങ്ങി. ‘ദിക്കാലാദികള്‍തന്നാലവച്ഛിന്നം’ (ദിക്ക്, കാലം എന്നിവയാല്‍ അതിരിട്ടത്) ഏകം, അക്ഷയം, അനാമയം, ശാന്തം, ആദ്യന്തഹീനം, ചിന്മാത്രം, നിഷ്‌കല്പമഷം, കേവലം, നിത്യം, പരംബ്രഹ്മമായീടുന്നു ഞാന്‍, വേറെയൊന്നുമില്ല എന്നിങ്ങനെ ഉള്ളില്‍ നിശ്ചയിച്ച് മുക്താമുക്തഗാത്രനായി, മഹാനായി, നീ മൗനിയായി, ഏകരൂപനായി, നല്ല ശാന്തനായി, രാഘവ! സദാകാലം പാരില്‍ ആത്മാരാമനായി വര്‍ത്തിച്ചാലും. അബ്രഹ്മഭാവനയും അജ്ഞാനകലനയും (കലനം=ഗ്രഹണം) ജഗജ്ജാലത്തിങ്കല്‍ ആസ്തയും ഓര്‍ത്താല്‍ സത്ബുദ്ധേ! എത്രനാള്‍ ഇതുണ്ടാകുന്നു, ചിത്താദികല്പന അത്രനാളുണ്ടാകുന്നു എന്നു ധരിക്കുക. ചിത്തവും അവിദ്യയും മനസ്സും ജീവന്‍താനും ഉള്ളില്‍ വിചാരിച്ചാല്‍ ഇല്ലതന്നെ. ഏകമായി അനാദ്യന്തമായീടും ബ്രഹ്മംതന്നെ സാഗരംപോലെ പൊങ്ങി വളര്‍ന്നീടുന്നു. ഇശ്ശരീരത്തില്‍ ഞാനാണെന്നുള്ള ഭാവനയും ദൃശ്യത്തില്‍ ആത്മതയും എന്റെയാണെന്നാസ്ഥയും ഉള്ളില്‍ ഏത്രകാലം ചേരുന്നുവോ, രാമചന്ദ്ര! അത്രകാലം ചിത്താദി വിഭ്രമമുണ്ടാകുന്നു. അന്തരംഗത്തില്‍ നന്നായി ചിന്തിക്ക, അന്തര്‍മുഖതയാല്‍ ത്രിജഗത്താകുന്ന പുല്ലുകളെല്ലാം ചിത്തിന്റെ അഗ്നിയില്‍ ദഹിപ്പിക്കുന്ന മുനീന്ദ്രന്റെ ചിത്താദിവിഭ്രമങ്ങള്‍ ഇല്ലാതെയായിടുന്നു.
രാഘവ! പാരാവാരവര്‍ജ്ജിതന്‍, ചിത്സ്വരൂപന്‍, അഖണ്ഡന്‍, ഞാനെന്നേവം വ്യാപ്തമാകുന്ന നിജരൂപം നീ സന്തതം അകതാരില്‍ ചിന്തിച്ചു വാണുകൊള്ളുക, ഇത് അന്തര്‍മുഖതയാണ്. സ്ഫാര(ബഹുലം, വിസ്തൃതം)മായീടുന്ന സ്വസ്വരൂപത്തെ വിസ്മരിച്ചു പരിച്ചിന്നനായിട്ടു ഭവിക്കൊലാ. പെട്ടെന്നു കൊല്ലാന്‍ ശ്രമിക്കുന്ന മഹാശത്രുവിനെ തന്റെ മിത്രമായിട്ടുതന്നെ പാരിതില്‍ ആരു കണ്ടീടുന്നവോ മഹാമതേ! അവന്‍ നേരായി കാണുന്നവനാണ്. തീരത്തു നില്‍ക്കുന്ന വന്‍മരത്തെ നദി വേരോടെ പുഴക്കീടുന്നതുപോലെ സൗഹൃദത്തെയും മത്സരത്തെയും വാസനയോടെ ഏതുപുരുഷന്‍ നീക്കീടുന്നുവോ, സംശയമൊട്ടുമില്ല, ഹര്‍ഷാമര്‍ഷാദിയായ ദോഷജാലത്തെ ആ പുരുഷന്‍ കെടുത്തീടുന്നു. ഉള്ളില്‍ നന്നായി ഭാവിതമായീടുന്ന ആദ്ധ്യാത്മശാസ്ത്രമായ മന്ത്രത്തിനാല്‍ മഞ്ഞ് ശരത്ക്കാലത്തെന്നപോലെ ആശയാകുന്ന വിഷൂചികാനാശത്തെ പ്രാപിച്ചീടും. ഏതൊരുത്തനില്‍ ഉപാദേയവാക്യത്വം തന്റെ ചേതസ്സാ നിശ്ചിതമായീടുന്നുവോ തദ്വാക്യം ഉള്ളില്‍ ചൂടിപിടിച്ച വയലില്‍ കുടിവെള്ളമെന്നപോലെ നന്നായി പ്രവേശിക്കും.
ആദ്ധ്യാത്മശാസ്ത്രപര്യാലോചനകൂടാതെയും ഉള്ളില്‍ സ്വരൂപസംവിത്തിനെ ഓര്‍ക്കാതെയും മന്ദബുദ്ധികളായി വര്‍ത്തിക്കുന്നവരെല്ലാം ശുദ്ധപ്പുല്ലെന്നപോലെ ഇളകിക്കൊണ്ടിരിക്കുന്നു. അനാദിയാകുന്ന അവിദ്യാവൈഭവംകൊണ്ട് അവ്യയമായീടുന്ന ഈ ബോധം എല്ലാവര്‍ക്കുമുണ്ട്. അതിനെ സദാ ചിന്തിക്കുന്നില്ല. അതുമൂലം നല്ലവണ്ണം ശുദ്ധതയെ പ്രാപിച്ചു വാണീടുന്നു. വില്ലില്‍ കെട്ടിയ ഞാണില്‍നിന്നെന്നപോലെ വല്ലാത്ത മൂഢനായ മാനുഷന്‍ തന്നില്‍നിന്നും ഈശ്വരചിന്താഹീനമായ, ഭീഷണിയായ ഗര്‍ജ്ജനമെന്ന് ഈവക നാശത്തിനായി കേള്‍ക്കപ്പെട്ടീടുന്നു. അത്യന്തം അധമനായവന് എന്തെങ്കിലും കിട്ടിയാല്‍ അത് ചേറ്റില്‍ക്കളഞ്ഞ ഫലംതന്നെ. അപ്പുമാനോട് വല്ല കഥയും പറയുന്നതു മേല്‍പ്പോട്ടുനോക്കി പട്ടി ശബ്ദിക്കുംപോലെ തന്നെ. അജ്ഞാനം ആപത്തുകള്‍ക്കൊക്കെ കാരണമാണ്. അജ്ഞാനിക്ക് ആപത്തല്ലാതെ യാതൊന്നുമില്ല. മൂഢന്മാരുടെ കാരുണ്യംകൊണ്ട് സംസാരമിപ്രകാരം നശിക്കാതിരിക്കുന്നു. പശുവിന്‍കാല്‍ക്കുളമ്പടി, വളരെ നിസ്സാരമായിട്ട് ഉള്ളില്‍ തജ്ഞന്‍ എന്നുമോര്‍ക്കുന്ന ലോകത്തെ കരകാണാത്തതായും ഗംഭീരമായും ഉള്ളില്‍ മൂഢനായവന്‍ കണ്ടീടുന്നു. ശാന്തമായി, സംവേദ്യത്താല്‍ പരാമര്‍ശിക്കപ്പെടാത്തതായി, സച്ചിദാനന്ദമയം, നിഷ്‌കളം,ആയതുതന്നെ ഭവിക്കുന്നിതെന്നറിക നീ. ആയതിങ്കല്‍നിന്ന് ബന്ധനസ്വഭാവയാകുന്ന അവിദ്യ താനേതന്നെ ഉദിക്കുന്നു.
നീയോര്‍ക്ക, സൂക്ഷ്മം, മദ്ധ്യം, സ്ഥൂലം എന്നിപ്രകാരമായത് മൂന്നുവിധമായി ഭവിച്ചീടുന്നു. സൂക്ഷ്മാദി ഭേദഭിന്നയായ ഈ അവിദ്യ സത്വാദിഗുണത്രയരൂപമാകുന്ന പ്രകൃതിയാകുന്നു. ആയതു ജീവന്മാര്‍ക്ക് ബന്ധനഹേതുവാകുന്നു, ആയതിന്റെ നിവൃത്തിയാണ് കൈവല്യം. സത്വം, രജസ്സ്, തമസ്സ് എന്നീ മുന്നും പ്രത്യേകിച്ച് മുമ്മൂന്നായിട്ടു ചമഞ്ഞ് ഗുണരൂപിണിയായീടുന്നോരീ അവിദ്യ സല്‍ഗുണവാരിധേ! കേട്ടീടു, ഒമ്പതു ഭാഗമാകും. സുരന്മാര്‍, ഉരഗന്മാര്‍, സിദ്ധന്മാര്‍, വിദ്യാധരന്മാര്‍, ഋഷികള്‍, നന്മുനിമാര്‍ ഇവരെല്ലാം അവിദ്യയുടെ സാത്വികമായ ഭാഗമാണ്. മൃത്യുഞ്ജയാദികളാകുന്ന ദേവന്മാരെല്ലാവരും സാത്വികത്തിങ്കലുള്ള സത്വമായീടുന്നു. സിദ്ധരും മുനിമാരും രജസ്സായീടുന്നു, വിദ്യാധരോരഗാദികള്‍ തമസ്സായീടുന്നു. സാത്വികഭാവത്തിങ്കലുള്ള സത്വാംശത്തിനെ വിദ്വജ്ജനം വിദ്യയെന്നു പറയുന്നു. രാജസി, താമസിയെന്നുള്ളോരു സൃഷ്ടികളും രാജേന്ദോ! മുമ്മൂന്നായീടുന്നതിങ്ങനെതന്നെ. മൂര്‍ഖതാരൂപമാകുന്ന വൃക്ഷം മുതലായുള്ളതെല്ലാം താമസത്തിന്റെ അങ്ങേയറ്റം പ്രാപിച്ചതായീടുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: