തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തിലെ സ്വച്ഛ് ഭാരതിനോട് ആരോഗ്യ വകുപ്പിന് അയിത്തം. ജനറല്‍ ആശുപത്രിയിലെ കാടുപിടിച്ച് കിടക്കുന്ന പരിസരം വൃത്തിയാക്കാന്‍ അനുമതി നിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും രാഷ്ട്രീയം കളിക്കുന്നവെന്ന് ബിജെപി.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, നെഹ്റു യുവ കേന്ദ്ര, അരബിന്ദോ കള്‍ച്ചറല്‍ സൊസറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ഒക്ടോബര്‍ രണ്ടിന് ശുചീകരണത്തിന് അനുമതി ചോദിച്ചത്.
ഇതിനായി സെപ്തംബര്‍ 20 ന് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്കി. 21 ന് അപേക്ഷ ഡിഎംഒയക്ക് നല്‍കുകയും അത് അന്നു തന്നെ ആരോഗ്യ ഡയറക്ടറേറ്റിലേക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ അപേക്ഷ അവിടെനിന്ന് മുന്നോട്ടു നീങ്ങിയില്ല. ആരോഗ്യ ഡയറക്ടറേറ്റില്‍ 27 ന് വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ പിടിച്ചുവച്ചു. തുടര്‍ന്ന് നിരവധി തവണ ആരോഗ്യ ഡയറക്ടറേറ്റില്‍ ബന്ധപ്പെട്ടശേഷമാണ് അന്ന് വൈകിട്ട് അപേക്ഷ സെക്രട്ടേറിയറ്റിലേക്ക് അയച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉള്‍പെടെ ആരോഗ്യമന്ത്രിക്ക് നല്കി. പക്ഷെ ഇന്നലെ വരെ അനുമതി നല്‍കിയില്ല. ആരോഗ്യമന്ത്രിക്കും മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി സജീവനും സംഘാടകര്‍ മെയില്‍ അയക്കുകയും ചെയ്തു.
ഒക്ടോബര്‍ രണ്ടിന് രാവിലെ 9 ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ ആണ് ഉദ്ഘാടനത്തിനായി നിശ്ചയിച്ചത്. അതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആര്.അസ്.രാജീവ് പറഞ്ഞു. ഒരാള്‍ പൊക്കത്തില്‍ കാടുപിടിച്ച് കിടക്കുന്ന ജനറല്‍ ആശുപത്രിയിലെ 11-ാം വാര്‍ഡ് ശുചീകരിക്കാനാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ നടത്തേണ്ട ശുചീകരണം ആണ് സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ടുവന്നത്. കേന്ദ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെയാണ് ശുചീകരണം തീരുമാനിച്ചത്. എന്നിട്ടും അപേക്ഷ നിരസിച്ചതിന്റെ കാരണം വി.മുരളീധരന് ഉദ്ഘാടകന്‍ ആയതുകൊണ്ടാണോ എന്ന് ആരോഗ്യമന്ത്രിയും വകുപ്പും വ്യക്തമാക്കണം.
വലിയ പ്രോട്ടോകോള്‍ ആണെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറയുന്നത്. സ്വച്ഛഭാരത് മിഷന് അട്ടിമറിക്കാറുള്ള ആരോഗ്യ വകുപ്പിന്റെ ഗൂഢശ്രമമാണ് ഇതിന് പിന്നില്‍. അനുമതി നല്കാത്തതിനാല് ശ്രീചിത്ര മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് പൂജപ്പുരയില്‍ പരിപാടി സംഘടിപ്പിക്കും. അതിന് പൂജപ്പുര ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: