കണ്ണൂര്‍: കരുവന്നൂര്‍ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നടക്കുന്നത് ശാസ്ത്രീയമായ അന്വേഷണമല്ലെന്നും ഇ.ഡി സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ മത്സരിക്കാനുള്ള കളമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്‌ക്കാനാണ് നീക്കമെന്നും ഗോവിന്ദൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരികമായി കടന്നാക്രമണം നടത്താൻ ഇഡിയ്‌ക്ക് എന്താണ് അവകാശം. അങ്ങനെ ഒരു നിലപാട് സ്വീകരിക്കാൻ അവർക്ക് ആകുമോ?. ശാസ്ത്രീയമായി അന്വേഷിക്കുകയല്ലേ അവർ വേണ്ടത്?. എന്നാൽ ശാസ്ത്രീയമായ ഒരു അന്വേഷണവും നടക്കുന്നില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യം. തൃശ്ശൂരിൽ മത്സരിക്കാൻ സുരേഷ് ഗോപിയ്‌ക്ക് ഇഡി കളമൊരുക്കുന്നു. അതിന് വേണ്ടി ആസൂത്രിതമായ തിരക്കഥയുണ്ടാക്കിയെന്നും ഗോവിന്ദൻ ആരോപിച്ചു.
തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കി നാളെ പദയാത്ര നടത്തുകയാണ് ബിജെപി. ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പദയാത്രയാത്ര. മാധ്യമവേട്ടയ്‌ക്കൊപ്പം ഇഡിയും നിൽക്കുകയാണ്. അറുപിന്തിരിപ്പൻ ആശയത്തിന് വേണ്ടിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇഡി നാളെ കോടിയേരിയ്‌ക്കെതിരെ കേസ് എടുത്താലും അത്ഭുതമില്ല. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് മിക്ക മാധ്യമങ്ങൾക്കും ഉള്ളതെന്നും ഗോവിന്ദൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: