ന്യൂദൽഹി: വന്ദേ ഭാരത് എക്‌സ്പ്രസുകളിലേക്ക് കൂടുതൽ സജ്ജീകരണങ്ങൾ എത്തുന്നത് ഇന്ന് മുതൽ പ്രാബല്യത്തിൽ. 14 മിനിറ്റ് മിറാക്കിൾ സംരംഭത്തിന് ഇന്ന് തുടക്കമാകും. ഇതോടെ വന്ദേ ഭാരത് എക്‌സ്പ്രസുകൾ 14 മിനിറ്റിനുള്ളിൽ വൃത്തിയാക്കി അടുത്ത യാത്രയ്‌ക്ക് സജ്ജമാകും. ന്യൂഡൽഹിയിലെ ആനന്ദ് വിഹാർ, ചെന്നൈ, പുരി, ഷിർദി എന്നിവിടങ്ങളിൽ ഉൾപ്പെടെ 29 സ്റ്റേഷനുകളിലാകും സംരംഭം ഇന്ന് മുതൽ പ്രാബല്യത്തിൽ വരിക.
സാധാരണയായി വന്ദേഭാരത് ട്രെയിനുകൾ ഒരു യാത്ര പൂർത്തിയാക്കി എത്തിയതിന് ശേഷം അടുത്തതിന് സജ്ജമാകാൻ 45 മിനിറ്റ് സമയമാണ് എടുക്കുന്നത്. ഇത്രയും സമയം എടുക്കുന്നത് കുറയ്‌ക്കുക എന്നത് ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതിയ്‌ക്ക് തുടക്കം കുറിയ്‌ക്കുന്നത്. ഇന്ന് തുടക്കം കുറിക്കുന്ന സംരംഭത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സന്നിഹിതനായിരിക്കും.
വന്ദേഭാരത് എക്‌സ്പ്രസിന്റെ ഓരോ കോച്ചിനും മൂന്ന് ക്ലീനിംഗ് സ്റ്റാഫുകളെയാകും നിയോഗിക്കുക. സംരംഭത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ജീവനക്കാർക്ക് പരിശീലനം നൽകി കഴിഞ്ഞു. സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി 14 മിനിറ്റ് മിറാക്കിൾ പദ്ധതി നടപ്പിലാക്കാൻ സജ്ജമാണെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: