ദുരന്തങ്ങളെ ചെറുത്ത് പെട്ടെന്ന് തന്നെ അറിയിക്കുന്നതിനുള്ള സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രം. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതികവിദ്യയാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പരീക്ഷാണടിസ്ഥാനത്തില്‍ സജ്ജമാക്കുന്നത്. കോമണ്‍ അലേര്‍ട്ടിംഗ് പ്രോട്ടോക്കോള്‍ (CAP) അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ദുരന്തം എത്തുന്നതിന് മുന്‍പായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഫോണിലേക്കാകും ഈ ജാഗ്രതാ സന്ദേശം എത്തുക. ഉച്ചത്തിലുള്ള ബീപ് ശബ്ദത്തോടൊപ്പമാകും അടിയന്തര സന്ദേശം ഫോണുകളില്‍ എത്തുക. ലോക്ക് സ്‌ക്രീനില്‍ ഫഌഷായി ദൃശ്യമാകും. തുടക്കത്തില്‍ പരീക്ഷണ സന്ദേശം എന്ന തരത്തിലാകും സന്ദേശമെത്തുക.
എന്‍ഡിഎംഎയുടെ എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റം പരീക്ഷിക്കുന്നതിനായി അയക്കുന്ന സാമ്പിള്‍ ടെസ്റ്റിംഗ് സന്ദേശമാണ്. ശബ്ദത്തോടെയാകും ഈ സന്ദേശം എത്തുക. ഇതിന് തിരികെ മറുപടി അയക്കേണ്ടതില്ലെന്നും സന്ദേശത്തില്‍ പറയുന്നു.
ഭൂകമ്പം, സുനാമി, പെട്ടെന്നുള്ള വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ നേരിടാനാണ് ഈ സംവിധാനമെന്നും സാമ്പിള്‍ അലര്‍ട്ട് സന്ദേശത്തില്‍ പറയുന്നു. മോശം കാലാവസ്ഥയെ കുറിച്ച് പൗരന്മാരെ യഥാസമയം അറിയിക്കുന്നതിനായി ടെലിവിഷന്‍, റേഡിയോ, മറ്റ് മാദ്ധ്യമങ്ങള്‍ എന്നിവയിലേക്ക് മുന്നറിയിപ്പ് സംവിധാനം വ്യാപിപ്പിക്കാന്‍ എന്‍ഡിഎംഎ പദ്ധതിയിടുന്നു.











