തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുതട്ടിപ്പു കേസില്‍ സിപിഎം നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന് ഇ ഡി. അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ദല്‍ഹി ഓഫീസില്‍ ഇതറിയിച്ചു. സഹകരിക്കാത്ത സാഹചര്യത്തില്‍ എം.കെ. കണ്ണന്, എ.സി. മൊയ്തീന് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനാണ് നീക്കം.
അതിനിടെ കരുവന്നൂരിലെ കള്ളപ്പണക്കേസ് അന്വേഷണത്തിന് എന്‍ഐഎയും എത്തുന്നു. സതീഷ്കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കരുവന്നൂര്‍ ബാങ്കിലൂടെ മാറ്റിയെടുത്ത കള്ളപ്പണത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ ഫണ്ടുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയില്‍ എന്‍ഐഎ പിടിയിലായ തൃശ്ശൂര്‍ സ്വദേശി ഐഎസ് ഭീകരന് നദീല് അഹമ്മദില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇയാളോടൊപ്പമുണ്ടായിരുന്ന പത്തോളം പേര് ഇതിനകം വിദേശത്തേക്ക് രക്ഷപ്പെട്ടു. ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസും ചേര്‍ന്നാണ് രക്ഷപ്പെടലിന് വഴിയൊരുക്കിയത്. പ്രതിഫലമായി ഇവര്‍ക്ക് കോടികള്‍ ലഭിച്ചു. കരുവന്നൂര്‍ ബാങ്കിലൂടെയാണ് പണമെത്തിയതെന്നും സതീഷ് കുമാറാണ് ഇടനിലക്കാരനായതെന്നും അറിഞ്ഞിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കാന്‍ കരുവന്നൂര്‍ ബാങ്കിലെ സോഫ്റ്റ്വെയറില് വ്യാപകമായ മാറ്റം വരുത്തിയതായും മനസ്സിലാക്കിയിട്ടുണ്ട്. സാധാരണ ഒരു ദിവസത്തിന്റെ സമയ പരിധി സോഫ്റ്റ്വെയറില് ബാങ്കിന്റെ പ്രവൃത്തി സമയം മാത്രമാണ്. അതിനു ശേഷമുള്ള സമയത്ത് സോഫ്റ്റ്വെയര് പ്രവര്‍ത്തിക്കില്ല. എന്നാല്‍ തട്ടിപ്പു നടത്തുന്നതിന് സോഫ്റ്റ്വെയര് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലാക്കിയിരുന്നതായി ഇ ഡി കണ്ടെത്തി. ഒന്നോ രണ്ടോ പേര് അഡ്മിനായിരുന്ന ബാങ്ക് സോഫ്റ്റ്വെയര് 21 പേരെ അഡ്മിന്മാരാക്കി വിപുലപ്പെടുത്തി. ബാങ്കില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും സ്വീപ്പറും വരെ അഡ്മിന്മാരായി.
അഡ്മിന്മാര്ക്ക് രാത്രി വീട്ടിലിരുന്നും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലായിരുന്നു ഇടപാടുകള്‍. രാത്രിയില്‍ കോടികളുടെ കള്ളപ്പണം അക്കൗണ്ടുകളിലൂടെ വെളുപ്പിച്ചു. നോട്ടുനിരോധന കാലത്താണ് ഇതു നടന്നത്. സാധാരണ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിലൂടെയായിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍ അധികവും നടന്നത്.
മറനീക്കി ഇപി-ഗോവിന്ദന് പോര്
കരുവന്നൂര്‍ കേസില്‍ത്തട്ടി പാര്‍ട്ടിക്കുള്ളില്‍ എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും തമ്മിലുള്ള വിഭാഗീയത മറനീക്കി. തനിക്കെതിരേയുള്ള തെളിവുകള്‍ പുറത്തുവിടുന്നത് എം.വി. ഗോവിന്ദനും എ.സി. മൊയ്തീനുമാണെന്ന് ഇ.പി. ജയരാജന് പാര്‍ട്ടി ദേശീയ നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചു. ജയരാജനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സതീഷ്കുമാറിന്റെ ഡ്രൈവര്‍ ബിജുവിനെതിരേ അദ്ദേഹം ഡിജിപിക്ക് പരാതിയും നല്കി.
മൊയ്തീനും സതീഷ്കുമാറിനുമെതിരായ വിവരങ്ങള്‍ ഇ ഡിക്ക് ഒറ്റുകൊടുത്തത് ഇപിയോടടുത്ത കേന്ദ്രങ്ങളാണെന്നാണ് എം.വി. ഗോവിന്ദന് ഉള്‍പ്പെടെയുള്ളവരുടെ വിലയിരുത്തല്‍. തട്ടിപ്പു നടന്നപ്പോള്‍ ഒറ്റക്കെട്ടായിരുന്നു ഇപിയും മൊയ്തീനും. പിന്നീട് കോടിയേരി സെക്രട്ടറിയാകുകയും പിണറായി ഇപിയെ കൈവിടുകയും ചെയ്തതോടെ ഈ സഖ്യം തകര്‍ന്നു. നിലവില്‍ എം.വി. ഗോവിന്ദനൊപ്പമാണ് മൊയ്തീന്. പാര്‍ട്ടിയെ ഒറ്റുകൊടുക്കരുതെന്ന ഗോവിന്ദന്റെ താക്കീത് ഇപിയെ ലക്ഷ്യമിട്ടായിരുന്നെന്നാണ് സൂചന.
കുടുങ്ങുമെന്നായപ്പോള്‍ മൊയ്തീനും സതീഷ്കുമാറും തന്റെ പേരു കൂടി വെളിപ്പെടുത്തുകയായിരുന്നെന്നാണ് ഇ.പി. ജയരാജന്റെ പരാതി. കഴിഞ്ഞ ദിവസം തൃശ്ശൂരിലെത്തിയ പിണറായി വിജയന് ഇക്കാര്യം പാര്‍ട്ടി നേതാക്കളോട് തിരക്കിയിരുന്നു. ഇപിയുടെ പേര് പുറത്തുവന്നതെങ്ങനെയെന്നായിരുന്നു പിണറായിയുടെ അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: