അച്ചടി മാധ്യമങ്ങള്‍ എല്ലാ രാജ്യത്തും പലവിധ പ്രതിസന്ധികള്‍ നേരിടുകയാണ്. വായനയുടെ ശീലം മാറിയതും അച്ചടി മാധ്യമ സംവിധാനത്തിന്റെ ചെലവ് കൂടിയതും ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാങ്കേതിക സൗകര്യവും എല്ലാം ഇതിന് കാരണമാണ്. ജന്മഭൂമി ദിനപത്രം കൂടുതല്‍ വാര്‍ഷികവരിക്കാരെ കണ്ടെത്താനും ഉള്ളവരെ നിലനിര്‍ത്താനുമുള്ള പ്രചാരണ പ്രവര്‍ത്തനത്തിലാണ്. ബിജെപി ഉള്‍പ്പടെയുള്ള ബഹുജന സംഘടനകള്‍, ദേശീയതയിലും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികളിലുമുള്ള ‘വാസ്തവം വായിക്കാന്‍’ നല്കുന്ന ജന്മഭൂമിക്കുവേണ്ടി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ഇന്നുമുതല്‍ 10 ദിവസമാണ് ഇതിനായുള്ള ബിജെപിയുടെ ആസൂത്രിത പ്രവര്‍ത്തനം.
അച്ചടിമാധ്യമങ്ങളില്‍, കേരളത്തില്‍, കോപ്പിയെണ്ണത്തിന്റെ കാര്യത്തില്‍ ഒന്നാമതുള്ള മലയാള മനോരമ കഴിഞ്ഞ ദിവസം പ്രസിദ്ധ ശാസ്ത്രജ്ഞന് ഡോ. എം.എസ്. സ്വാമിനാഥന് അന്തരിച്ചപ്പോള്‍ എഴുതിയ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ”നന്ദി, ഉണ്ട ചോറിന്.” സാധാരണ നന്ദികേടിനെ പരാമര്‍ശിക്കുമ്പോള്‍ പറയുന്ന വാക്യം ഓര്‍മ്മിപ്പിച്ച ആ തലക്കെട്ട് വലിയ ചര്‍ച്ചയായി. എന്തുകൊണ്ട് അങ്ങനെ? എന്ന കാര്യത്തില്‍, പക്ഷേ ചരിത്രം അറിയാവുന്നവര്‍ ഊറിച്ചിരിച്ചു. പറയാന്‍ കിട്ടിയ അവസരത്തില്‍ മനോരമ പറഞ്ഞൊഴിഞ്ഞ വലിയൊരു കടപ്പാടിന്റെ ചരിത്രം അതിനുപിന്നിലുണ്ട്.
സി.പി. രാമസ്വാമി തിരുവിതാംകൂര്‍ ദിവാനായിരിക്കെ, മലയാള മനോരമക്കമ്പനി പൂട്ടിച്ച ചരിത്രമുണ്ട്. അതിന് കാരണം മനോരമക്കുടുംബം നടത്തിയ ട്രാവന്‍കൂര്‍ നാഷണല്‍ ആന്‍ഡ് ക്വയിലോണ്‍ ബാങ്ക് പൊട്ടിയതിന്റെ പേരിലാണെന്നും അതല്ല, പത്രത്തിന്റെ രാഷ്ട്രീയ നിലപാടുകൊണ്ടാണെന്നും പലവാദങ്ങളുണ്ട്. അതവിടെ നില്ക്കട്ടെ. എന്തായാലും പൂട്ടിയ മനോരമ 1947ല്‍ വീണ്ടും തുടങ്ങിയപ്പോള്‍ അതിന് വലിയ സാമ്പത്തികസഹായം വേണ്ടിവന്നു. അത് ”വാങ്ങിയത് മങ്കൊമ്പ് കിഴക്കേമഠത്തിന്റെ കോട്ടയം ശാഖയിലെ എന്‍. കൃഷ്ണയ്യരില് നിന്നാണ് എന്നത് ഞങ്ങളുടെ കുടുംബചരിത്രത്തിലെ രസകരമായ ഒരു യാദൃച്ഛികതയും. സമ്പന്നന്റെ രീതികളൊന്നുമായിരുന്നില്ല കൃഷ്ണയ്യര്‍ക്ക്…” എന്ന് മനോരമ ചീഫ് എഡിറ്റര്‍ ആയിരുന്ന കെ.എം. മാത്യു ആത്മകഥയായ ‘എട്ടാമത്തെ മോതിര’ത്തില്‍ വിവരിക്കുന്നുണ്ട്. മനോരമ പൂട്ടിയപ്പോള്‍ റിസീവറായി നിയോഗിച്ചത് ഈ കൃഷ്ണയ്യരെ ആയിരുന്നു. അത് സി.പി. രാമസ്വാമിയുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നുവെന്നും അദ്ദേഹം എഴുതുന്നു.
ഈ കൃഷ്ണസ്വാമി ‘മങ്കൊമ്പില്‍ പട്ടന്മാര്’ എന്നറിയപ്പെട്ടിരുന്നയാളാണ്. വലിയ ഭൂസ്വത്തിനുടമ. ‘മുതലാളി തൊഴിലാളി വര്‍ഗ്ഗ സംഘര്‍ഷ’ സിദ്ധാന്തത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഭൂസ്വാമി.’ ഈ കുടുംബത്തിലെ രണ്ടാം തലമുറയിലുള്ള ആളായിരുന്നു അന്തരിച്ച ഡോ.എം.എസ്. സ്വാമിനാഥന്. മനോരമക്കാരുടെ കുടുംബം ഗൃഹനാഥനും കൂട്ടാളികളും ബാങ്ക് കേസില്‍ ജയിലില്‍ പോകുകയും ബിസിനസ് സാമ്രാജ്യം പൊട്ടിത്തകരുകയും കോട്ടയത്തുനിന്ന് വെള്ളക്കുഴിയായ കുട്ടനാട്ടിലെ കുപ്പപ്പുറത്തേക്ക് ഒഴിഞ്ഞുപോകുകയും ഒക്കെ ചെയ്ത സ്ഥിതിയില്‍നിന്ന് ഇന്നത്തെ പ്രതാപത്തിലെത്തിക്കാന്‍ ‘മങ്കൊമ്പില്‍ പട്ടരുടെ’ കോടികളില്‍നിന്ന് വലിയൊരു സഹായമാണ് കാരണമായത്. അങ്ങനെയാണ് പത്രത്തിന്റെ തലക്കെട്ടില്‍ ‘ഉണ്ടചോറിന് നന്ദി’ ഉണ്ടായത്.
ഈ ശ്വാസത്തില്‍ത്തന്നെ നന്ദികേടിന്റേയും മധുര പ്രതികാരത്തിന്റേയും കൂടി കാര്യവും പറയാന്‍ ഡോ.സ്വാമിനാഥന്റെ വിയോഗം അവസരമാകുന്നു. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യമാണ്. ‘മങ്കൊമ്പില്‍ പട്ടരുടെ’ ചരിത്രത്തിലേക്കാണ് അതും തിരിയുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മങ്കൊമ്പില്‍ എവിടെനിന്ന് പട്ടന്മാര് വന്നു? എന്തിന് വന്നു? എങ്ങനെ വന്നു? ചരിത്രമെഴുത്തുകളിലും നാട്ടുപറച്ചിലുകളിലും വൈവിധ്യങ്ങള്‍ ഏറെയാണ്. കുട്ടനാടന്‍ സാഹിത്യങ്ങളിലും ഏറെയുണ്ട് പരാമര്‍ശങ്ങള്‍. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അഭയം തേടിയെത്തിയവരെന്നും പറയപ്പെടുന്നു. അതല്ല, അമ്പലത്തില്‍ പൂജാദികള്‍ക്ക് രാജാവ് കൊണ്ടുവന്നവരാണെന്നും പറയുന്നു. പക്ഷേ, പൂജയ്ക്ക് വന്നവര്‍ മലബാറില്‍നിന്നെത്തിയ നമ്പൂതിരിമാരാണ്. അവര്‍ ഒരു ശാഖയായി ഇപ്പോഴുമുണ്ട്. പല വാദങ്ങളില്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ‘കയര്‍’ നോവലിലെ പരാമര്‍ശങ്ങളാണ് പൊതുവേ പലരും ആധാരമാക്കുന്നത്. തുണിക്കച്ചവടത്തിനായി എത്തിയവരാണ് ഈ പട്ടന്മാര്. ഭട്ടന്മാരാണ് പട്ടരായതത്രേ! എന്തായാലും കാഞ്ചി ശങ്കരാചാര്യരുടെ അനുയായികളും ശൃംഗേരി ആചാര്യരുടെ അനുയായികളും മങ്കൊമ്പില്‍ പട്ടന്മാര്ക്കിടയിലുണ്ട്. ഒരിക്കല്‍ (1970) കാഞ്ചി ശങ്കരാചാര്യര്‍ മങ്കൊമ്പിലെ സമൂഹമഠം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
അത് മറ്റൊരു ചരിത്രവഴി. ഇവിടെ പറയാന്‍ ഉദ്ദേശിച്ചത് അതല്ല. ‘ജഗന്നാഥന്മുണ്ടും വേഷ്ടിയും’ വില്ക്കാന് വന്ന് ‘ഭൂസ്വാമി’യായി മാറിയവരുടെ കാര്യമാണ്. അവരോട് കുട്ടനാട്ടിലെ ചിലരുടെ ചെയ്തിയുടെ ചരിത്രമാണ്. ഇനി പറയുന്നത് വളരെ വലിയൊരു ചരിത്രകാലത്തിന്റെ ഏറ്റവും ചുരുക്കിയുള്ള രൂപമാണ്. കുട്ടനാട്ടിലെ കൃഷിപ്പാടങ്ങളില്‍ കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് പണം കൊടുക്കുന്നവരായി ഈ പട്ടന്മാര്. അന്നൊക്കെ ‘ബാര്‍ട്ടര്‍’ സമ്പ്രദായമാണല്ലോ. (ഒരു വസ്തുവിനു പകരം മറ്റൊന്ന് കൊടുക്കുക) അങ്ങനെ കടം വാങ്ങിയ പണത്തിനു പകരം നെല്ലും നെല്ലില്ലാതായപ്പോള് കൃഷിഭൂമിയുടെ ആധാരവും ഒക്കെയായി വാങ്ങിയ ‘കച്ചവടക്കാര്‍’ സമ്പന്നരായി. മങ്കൊമ്പില്‍ പട്ടരില്നിന്ന് കടം വാങ്ങാത്തവരില്ലെന്നായി. അദ്ദേഹത്തിന്റെ ഭൂമി ഇല്ലാത്തിടം കുട്ടനാട്ടില്‍ ഇല്ലെന്നായി. അങ്ങനെ പട്ടര് ‘ഭൂസ്വാമിയായി.’
ഇത് അനധികൃതമായി ഉണ്ടാക്കിയതാണെന്നും കള്ളപ്പറയും കള്ളത്തരവും കൊണ്ടു നേടിയതും കര്‍ഷകത്തൊഴിലാളികളെ ചൂഷണം ചെയ്തതാണെന്നും ജന്മിത്തത്തിന്റെ ഭയാനക സ്ഥിതിയാണെന്നും വ്യാഖ്യാനങ്ങള്‍ വന്നു. അതിനിടെ കൃഷിയില്ലാത്ത ഭൂമിയുടെ ആധാരമോ ഇല്ലാത്ത ആധാരമുണ്ടാക്കിയതോ ഒക്കെ സ്വാമിക്ക് കടപ്പെടുത്തി പണം വാങ്ങിയവരുമുണ്ട്. അവര്‍ സ്വാമിക്കെതിരേ മുദ്രാവാക്യം മുഴക്കി. ഒടുവില്‍ ‘ഭൂസ്വാമി’ക്കെതിരേയും ‘കാശിസ്വാമി’ക്കെതിരേയും ചെങ്കൊടിയേന്തി സമരം നടത്താനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയാറായി. അന്ന് വിളിച്ച മുദ്രാവാക്യങ്ങളില്‍ ചിലത് ഇന്നും പഴമക്കാരുടെ ഓര്‍മ്മയിലുണ്ട്: ”മങ്കൊമ്പില്‍ പട്ടരും ആന്ത്രപ്പേരും പാലിയത്തച്ചനും കൊട്ടിലപ്പള്ളിം ജന്മിമാരാണേ…” എന്ന് പാര്‍ട്ടിപ്പരിപാടികളില്‍ അവര്‍ കൊട്ടിപ്പാടി. അത്യാവശ്യ സമയത്ത് പണം കടംകൊടുത്ത ‘പട്ടരെ’ അപമാനിച്ചു. ഒടുവില്‍ ഭൂപരിഷ്കരണ നിയമം വന്നപ്പോള്‍ അധികകൈവശ മിച്ചഭൂമിയായി പ്രഖ്യാപിച്ചപ്പോള്‍ ഇനിയും ആരുടേതെന്ന് വ്യക്തതയില്ലാത്ത ഭൂമി കുട്ടനാട്ടില്‍ ഇന്നുമുണ്ട്. പട്ടരുടേതായതിനാല് കൃഷിയിറക്കാന്‍ പാര്ട്ടിക്കാര് മടിച്ച കൃഷിഭൂമി കാടുപിടിച്ചു. കൃഷിയെ ചതിച്ചു. അന്നം മുട്ടിച്ച് ജന്മിത്വത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു പാര്‍ട്ടി. അത് നന്ദികേടിന്റെ ചരിത്രം. ‘ഭൂസ്വാമിമാരില്‍’ ചിലര്‍ അഷ്ടിക്കു വകയില്ലാതായി ജീവിച്ചത്, മറ്റൊരു ദാരുണ ചരിത്രം.
കുട്ടനാട്ടില്‍ ഈ സമരമുറകള്‍ നടക്കുമ്പോള്‍, കൃഷിഭൂമി തരിശിടുമ്പോള്‍, മങ്കൊമ്പില്‍ സ്വാമിയുടെ രണ്ടാം തലമുറയിലെ മങ്കൊമ്പ് സാംബശിവന് സ്വാമിനാഥന് കാര്‍ഷിക ഗവേഷണത്തിലായിരുന്നു. അങ്ങനെ ഭാരതത്തിന്റെ ഹരിത വിപ്ലവത്തിന് കാരണക്കാരനായ ശാസ്ത്രജ്ഞനായി ഡോ.എം.എസ്. സ്വാമിനാഥന് വളര്‍ന്നു. ലോക പ്രശസ്തനായി. ഇന്നും എന്നും ഇത്തരത്തില്‍ ലോക ശ്രദ്ധയില്‍ എത്തുന്നവരുടെമേല് ഉയരുന്ന ആരോപണങ്ങളും സംശയവും ശാസ്ത്രലോകത്തെ ചിലരില്നിന്നുയര്ന്നു. എന്തായാലും സാങ്കേതിക രംഗത്ത് ഡോ.ഇ. ശ്രീധരന് എന്ന മെട്രോ ശ്രീധരനും കാര്‍ഷിക രംഗത്ത് ഡോ.എം.എസ്. സ്വാമിനാഥനും കാര്‍ഷിക സഹകരണ രംഗത്ത് അമൂല്‍ കുര്യനെന്ന ഡോ.വി. കുര്യനും ലോകം അംഗീകരിച്ച പ്രഗത്ഭ മലയാളികളാണ്. മങ്കൊമ്പില്‍ സ്വാമികുടുംബക്കാരനായ ഡോ.സ്വാമിനാഥന്റെ കാര്‍ഷിക സങ്കല്‍പ്പവും പദ്ധതിയും സാങ്കേതിക വിദ്യയും ചേര്‍ന്നതാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുട്ടനാടിന്റെ രക്ഷയ്ക്ക് എന്ന വിശദീകരണത്തില്‍ അവതരിപ്പിച്ച് നടപ്പാക്കിയ ‘കുട്ടനാട് പാക്കേജ്’ എന്നത് കൗതുകകരമാണ്. (പണം കേന്ദ്ര സര്‍ക്കാരിന്റേതായിരുന്നു. ആ പദ്ധതിയും യഥാര്‍ത്ഥ ലക്ഷ്യം കാണാന്‍ അനുവദിച്ചില്ലെന്നത് മറ്റൊരു കേരള മോഡല്‍) അങ്ങനെ ഒരിക്കല്‍ തള്ളിക്കളഞ്ഞവരുടെ രണ്ടാംതലമുറയെ ആശ്രയിക്കുകയും അനുസരിക്കുകയും വേണ്ടിവന്നുവെന്നതില്‍ ഒരു മധുര പ്രതികാരത്തിന്റെ രുചി. സ്വാമിനാഥന് പാക്കേജിനെക്കുറിച്ച് സിപിഎം നേതാക്കള്‍ ഊറ്റം കൊള്ളുകയും പാര്‍ട്ടി പത്രം ഫീച്ചറുകളും മുഖപ്രസംഗങ്ങളും എഴുതുകയും ചെയ്യുമ്പോള്‍ ആ പഴയ മുദ്രാവാക്യം: ‘മങ്കൊമ്പില്‍ പട്ടരും… ജന്മിമാരാണേ’ എന്ന വിളി പിന്നണിയില്‍ കേള്‍ക്കുന്നതായി ചില കുട്ടനാട്ടുകാര്‍ക്ക് തോന്നിപ്പോകാതിരിക്കില്ല.
പിന്കുറിപ്പ്:
നാരീശക്തി വന്ദന്‍ അധിനിയം എന്ന വനിതാ സംവരണ നിയമം നടപ്പിലായി. കുറച്ച് സ്ത്രീകള്‍ എംപിമാരാകും എന്നതുമാത്രമല്ല അതിന്റെ നേട്ടം. എംപിമാരാകുന്ന കുറേയേറെ സ്ത്രീകള്‍ വനിതകളുടെ ശാക്തീകരണത്തിന് കാവലാളായി, നിയമനിര്‍മ്മാണ സഭയിലുണ്ടാകുമെന്നതാണ്. അതിന് യോഗ്യതയുള്ളവരെ കണ്ടെത്തുകയാണ് ഇനിയുള്ള ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: