കൊച്ചി: സഹകാര്‍ഭാരതി സംസ്ഥാന പഠനശിബിരത്തിന് ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ തുടക്കമായി. എന്‍സിഡിസി തിരുവനന്തപുരം റീജണല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടിന്റെ നിലനില്‍പ്പായ സഹകരണ പ്രസ്ഥാനങ്ങളെ തളര്‍ത്താതെ ശക്തിപ്പെടുത്തിയേ മതിയാകൂ എന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ സംഘങ്ങള്‍ സ്പര്‍ശിക്കാത്ത മേഖല കേരളത്തില്‍ ഇല്ല. അടിയന്തരഘട്ടങ്ങളില്‍ സാധാരണക്കാരുടെ സഹായി ആണ് സഹകരണ സംഘങ്ങള്‍. സ്ഥാപനങ്ങളുടെ നിലനില്‍പ്പ് നോക്കാതെ പ്രവര്‍ത്തിച്ചതാണ് ഇന്നത്തെ അപചയത്തിന് കാരണം. നിയമങ്ങള്‍ നിര്‍മിക്കുമ്പോഴും നടപ്പാക്കുമ്പോഴും സഹകരണ സംഘങ്ങള്‍ക്ക് നടപ്പില്‍വരുത്താന്‍ സാധിക്കുമോ എന്നു കൂടി ആലോചിക്കണം. ഭരണസമിതികളുടെ തെറ്റായ തീരുമാനങ്ങളാണ് മേഖലയെ തകര്‍ക്കുന്നത്. സഹകരണ മേഖലയിലെ ശുദ്ധീകരണത്തിനായി ഒട്ടേറെ കാര്യങ്ങള്‍ സഹകാര്‍ഭാരതിക്ക് ചെയ്യാനുണ്ടെന്ന് ശ്രീധരന് പറഞ്ഞു.
ഭരണാധികാരികള്‍ സഹകരണ സ്ഥാപനങ്ങളെ സ്വന്തം സ്ഥാപനമാക്കി മാറ്റിയതാണ് ഇന്നത്തെ തകര്‍ച്ചയ്ക്ക് കാരണമെന്ന് സംഘടനാ ചരിത്രത്തെ കുറിച്ച് സംസാരിച്ച സഹകാര്‍ഭാരതി ദേശീയ സമിതി അംഗം അഡ്വ. കരുണാകരന് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി. സുധാകരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന്, സംഘടനാ സെക്രട്ടറി കെ.ആര്. കണ്ണന്, പി.വേലായുധന്, എന്‍.സദാനന്ദന്, കെ. രാജശേഖരന്, ഡി. പ്രസന്നകുമാര്‍, പ്രവീണ്‍ പാലക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: