Categories: India

ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ തീവ്രവാദവും അഴിമതിയും ദുര്‍ഭരണവും കൊഴുത്തെന്ന് നരേന്ദ്രമോദി

കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ബി ജെ പി സര്‍ക്കാര്‍ ഛത്തീസ്ഗഢിന്റെ വികസനത്തിന് എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു

Published by

ബിലാസ്പൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ചത്തീസ്ഗഡ് സര്‍ക്കാരിന്റെ ഭരണത്തില്‍ സംസ്ഥാനം ഇപ്പോള്‍ തീവ്രവാദം, അഴിമതി, ദുര്‍ഭരണം എന്നിവയാല്‍ പൊറുതി മുട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബിലാസ്പൂരില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ മഹാസങ്കല്‍പ് റാലിയെ അഭിസംബോധന ചെയ്യവെ, ഛത്തീസ്ഗഡില്‍ തൊഴിലിന്റെ പേരില്‍ അഴിമതികള്‍ മാത്രമാണ് നടക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. പി.എസ്.സി പരീക്ഷാ തട്ടിപ്പ് യുവാക്കള്‍ക്കെതിരായ വഞ്ചനയാണെന്നും മോദി കുറ്റപ്പെടുത്തി.

കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ബി ജെ പി സര്‍ക്കാര്‍ ഛത്തീസ്ഗഢിന്റെ വികസനത്തിന് എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ഛത്തീസ്ഗഢിന് വൈദ്യുതി, റോഡുകള്‍, മറ്റ് വികസന പദ്ധതികള്‍ എന്നിവയ്‌ക്കായി ഗണ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എന്നാല്‍, സംസ്ഥാനത്തെ കെടുകാര്യസ്ഥത മൂലം ഈ കേന്ദ്രപദ്ധതികളുടെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല.

നെല്ല് സംഭരണ വിഷയത്തില്‍, ഛത്തീസ്ഗഡിലെ കര്‍ഷകരില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഓരോ നെന്മണിയും വാങ്ങുകയും വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് നല്‍കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. നെല്‍കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ബിജെപി എല്ലായ്‌പ്പോഴും പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സാമൂഹ്യനീതിയോടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യവും മാതൃകയുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി നടത്തിയ രണ്ട് പരിവര്‍ത്തന്‍ യാത്രകളുടെ സമാപനത്തോടനുബന്ധിച്ചാണ് ബിലാസ്പൂരില്‍ ബിജെപി മഹാസങ്കല്‍പ് റാലി സംഘടിപ്പിച്ചത്. ഈ മാസം 12 ന് ദന്തേവാഡയില്‍ നിന്നും 15 ന് ജഷ്പൂരില്‍ നിന്നും ബിജെപി പരിവര്‍ത്തന്‍ യാത്ര ആരംഭിച്ചു. ഈ രണ്ട് യാത്രകളും സംസ്ഥാനത്തുടനീളമുള്ള 87 നിയമസഭാ മണ്ഡലങ്ങളിലായി ഏകദേശം മൂവായിരം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക