സത്വഗുണമയിയായ, ഋതംഭരയായ വിവേകബുദ്ധി നമ്മുടെ ശാരീരികമായ ആഹാരവിഹാരങ്ങളെ സാത്വികമായി നിലനിര്‍ത്തുന്നു. സംയമനം, ബ്രഹ്മചര്യം, അസ്വാദ്, അദ്ധ്വാനശീലം, ലാളിത്യം എന്നിവ അടങ്ങുന്ന നൈസര്‍ഗ്ഗികമായ ജീവിതചര്യയുടെ ഫലമായി ബലവും വീര്യവും വര്‍ദ്ധിക്കുകയും, ശരീരം ജീവസ്സാര്ന്നതായിരിക്കുകയും, ദീര്‍ഘായുസ്സു ലഭിക്കുകയും ചെയ്യുന്നു. മനസ്സില്‍ അപരിഗ്രഹം(സംഭരണരാഹിത്യം), പരാര്‍ത്ഥത, സേവനം, ത്യാഗം, സഹിഷ്ണുത, തിതിക്ഷ(ക്ഷമ), ദയ, സഹാനുഭൂതി, മൈത്രി, കരുണ, വിനയം, നിരഹങ്കാരം, ധര്‍മ്മം(കര്‍ത്തവ്യം), വിശ്വാസം, ഈശ്വരപരായണത്വം ഇത്യാദി ഭാവങ്ങള്‍ വിളയാടുകയും പ്രകടമാകുകയും ചെയ്യുന്നു. ഈ ഭാവങ്ങള്‍ സ്ഥിതിചെയ്യുന്നിടത്തെ പരമാണുക്കള്‍ സദാ ഉല്ലാസത്തോടും ചൈതന്യത്തോടും കഴിയുകയും അവ വികസിക്കുകയും ചെയ്യുന്നു. ഇങ്ങനെ ശരീരവും മനസ്സും സംരക്ഷിക്കപ്പെടുകയും ബുദ്ധി സാത്വികമായി വികസിക്കുകയും ചെയ്യുന്നതുമൂലം ലഭ്യമാകുന്ന ശക്തി സംരക്ഷിക്കപ്പെയുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഗായത്രി സദ്ബുദ്ധി പ്രദാനം ചെയ്ത് നമ്മുടെ പ്രാണനെ രക്ഷിക്കാന്‍ കാരണീഭൂതയാകുകയും സ്വന്തം നാമം അന്വര്‍ത്ഥമാക്കുകയും ചെയ്യുന്നു.
അജ്ഞാനാന്ധകാരത്തില്‍ അലഞ്ഞു നടന്ന്, മായാവലയങ്ങളാല് ബന്ധിക്കപ്പെട്ടു വിലപിച്ചുകൊണ്ട്, നീചതത്വങ്ങളുടെ ചതുപ്പില്‍ പൂണ്ട് പ്രാണികള്‍ ദുര്‍ലഭമായ ഈ ജീവിതം ദാരിദ്ര്യദുഃഖങ്ങളുടെ യാതനയില്‍ കൂട്ടിക്കുഴച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഗായത്രി അവര്‍ക്ക് ഒരു പ്രകാശമാണ്, ആശാവഹമായ ഒരു സന്ദേശമാണ്, ഭൗതികവും, ആദ്ധ്യാത്മികവും, ലൗകികവും, മാനസികവുമായ സകല ആനന്ദത്തിന്റെയും ഉറവിടമായ ഒരു ദിവ്യപ്രകാശമാണ്. അത് അടഞ്ഞിരിക്കുന്ന നമ്മുടെ മൂന്നാമത്തെ കണ്ണു തുറപ്പിക്കുന്നു. അതിനു ജ്യോതി പ്രദാനം ചെയ്തു ലോകത്തെ വിവേകത്തോടെ വീക്ഷിക്കുവാനും ജീവിതലക്ഷ്യം നേടുവാനും യോഗ്യരാക്കുകയും ചെയ്യുന്നു.
വേദജനനിയായ ഗായത്രി ലോകത്തിലെ സകല ശ്രേഷ്ഠശക്തികളെയും ഉത്പാദിപ്പിക്കുകയും അവയെ തന്റെ ദിവ്യപ്രകാശത്താല്‍ തേജോമയമാക്കുകയും ചെയ്യുന്നു. ഇതുമൂലം അതിനു സാവിത്രി എന്നും പറയുന്നു. ഉദാ:
‘സവിതൃദ്യോതനാത് സൈവ
സാവിത്രീ പരികീര്‍ത്തിതാ
ജാതഃ പ്രസവിതൃത്വാത്
വാഗ്രൂപത്വാത് സരസ്വതി’
(വ്യാസപുരാണം)
അര്‍ത്ഥം: ലോകത്തെ സൃഷ്ടിച്ചു അതിനു പ്രകാശം നല്കുന്നതിനാല് സാവിത്രി എന്ന പേരുണ്ടായി. വാഗ്രൂപമായതിനാല്‍ സരസ്വതി എന്നു പറയപ്പെടുന്നു. മാത്രമല്ല,
‘ഗായത്രീ ഗായതേ സ്തുതി കര്‍മ്മണഃ’
(നിരുക്തം)
അര്‍ത്ഥം: സ്തുതി കര്‍മ്മങ്ങളില്‍ പറയപ്പെട്ടിരിക്കുന്ന ഛന്ദസ്സിന് ഗായത്രി എന്നു പറയുന്നു. കൂടാതെ,
‘ചതുര്‍വിംശത്യക്ഷരാണാം
സത്വേന ഗായത്രീ
ഛന്ദസ്തരയാപീയം
ഗായത്രീത്യഭിധീയതേ’
(താരകാനാഥഭാഷ്യം 16/10)
അര്‍ത്ഥം: 24 അക്ഷരങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട ഛന്ദസ്സിന് ഗായത്രി എന്നു പറയുന്നു.
ഈ നിര്‍വചനങ്ങളെല്ലാം ഗായത്രിയുടെ മഹത്തായ മാഹാത്മ്യങ്ങളെ അപേക്ഷിച്ചു തുലോം തുച്ഛമാണ്. വേദങ്ങളുടെ മാഹാത്മ്യങ്ങളെ വര്‍ണിക്കുക തന്നെ പ്രയാസമാണ്. അപ്പോള്‍പ്പിന്നെ വേദമാതാവിനെ പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും അതിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന മാഹാത്മ്യങ്ങളെ മഹദ്ശക്തികളെ വര്‍ണിക്കുകയും ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുക? അതിലേക്കു വിരല്‍ ചൂണ്ടുക മാത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: