തിരുവനന്തപുരം: ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ലെന്ന് ജനതാദൾ എസിന് മുന്നറിയിപ്പ് നൽകി സിപിഎം. ദേശീയ നേതൃത്വം സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് സിപിഎം ജെഡിഎസ് സംസ്താന നേതൃത്വത്തോട് നിർദേശിച്ചു. രണ്ടു വള്ളത്തിൽ മുന്നോട്ട് പോകാനാവില്ലെന്ന് ജെഡിഎസിനോട് വ്യക്തമാക്കിയതായാണ് സൂചന.
സിപിഎം നിർദേശത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായുള്ള നീക്കങ്ങളിലേക്ക് ജെഡിഎസ് നീങ്ങി. നിലവിലെ സാഹചര്യത്തിൽ ജയിച്ച എം എൽ എമാർക്ക് മറ്റൊരു പാർട്ടിയുണ്ടാക്കിപ്പോകാൻ വലിയ നിയമകുരുക്കുകളുണ്ട്. ഒക്‌ടോബർ ഏഴിന് ജെഡിഎസ് സംസ്താന നേതൃയോഗം എറണാകുളത്ത് ചേരുന്നുണ്ട്. ഇതിന് മുൻപ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ബിജെപി ബന്ധമുള്ള ദൾ മുന്നണിയിൽ തുടരുന്നതിനെ ഒരുകാരണവശാലും അനുവദിക്കേണ്ടതില്ലെന്നാണ് സിപിഎമിന്റെ ധാരണ. കേരളത്തിലെ പാർട്ടി നേതാക്കളായ മന്ത്രി കൃഷ്ണൻ കുട്ടി, മാത്യു ടി തോമസ് എന്നിവർ ഗൗഡയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സിപിഎം അന്ത്യശാസനം ഒന്നും നൽകിയിട്ടില്ലെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി പറയുന്നത്. ഒറ്റയ്‌ക്ക് നിൽക്കാമെന്നാണ് മാത്യു ടി തോമസ് വിഭാഗത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: