തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് തടിയൂരാന്‍ അടിയന്തിരമായി പണം വേണമെന്ന് സിപിഎം നേതൃത്വം. കേരളബാങ്കില്‍ നിന്ന് 50 കോടി നല്‍കാനാണ് നിര്‍ദ്ദേശം. എന്നാല്‍ ഇതുകൊണ്ട് നിക്ഷേപകരുടെ നാലിലൊന്ന് പണം പോലും മടക്കി നല്‍കാനാകില്ല. പ്രതിഷേധമുയര്‍ത്തിയ നിക്ഷേപകര്‍ക്ക് കുറച്ച് തുക നല്കി പ്രശ്നം തണുപ്പിക്കാനാണ് നിര്‍ദേശം. വ്യാഴാഴ്ച തൃശൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ബാങ്ക് വൈസ് ചെയര്‍മാനും പി.സതീഷ്കുമാറിന് നിക്ഷേപത്തിനും ഇടപാടുകള്‍ക്കും സഹായം ചെയ്തുവെന്ന കേസില്‍ ആരോപണ വിധേയനുമായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.കെ കണ്ണന് കൂടിക്കാഴ്ച നടത്തിയിരുന്നു.
കരുവന്നൂരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലയിലെ മറ്റ് സിപിഎം നേതാക്കളില്‍ നിന്നും മുഖ്യമന്ത്രി വിശദാംശങ്ങള്‍ തേടി. അടിയന്തരമായി പ്രശ്നപരിഹാരത്തിന് പണം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് മുഖ്യമന്ത്രി 50 കോടി നല്കാന് നിര്‍ദേശം നല്‍കിയത്. കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സമാഹരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് നിരവധി നിയമ തടസങ്ങളുണ്ട്. കരുവന്നൂരിന് തുക അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് രാവിലെ 11ന് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്ഥാന നേതാക്കള്‍ നേരില്‍ കണ്ട് പണം മടക്കി നല്‍കുമെന്ന് ഉറപ്പു നല്‍കണമെന്ന് പാര്‍ട്ടി ജില്ലാക്കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കുറച്ചെങ്കിലും പണം നല്‍കാതെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് നേതാക്കള്‍. നേരത്തെ കേരള ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കണ്‍സോര്‍ഷ്യം രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. ഈ നീക്കം വീണ്ടും ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്ഥിരനിക്ഷേപ കാലാവധി പൂര്‍ത്തിയായ അയ്യായിരത്തോളം പേര്‍ക്ക് വിതരണം ചെയ്യാന്‍ 150 കോടിയോളം വേണമെന്നതാണ് നിലവില്‍ ബാങ്കിന്റെ സാഹചര്യം. മറ്റ് നിക്ഷേപങ്ങള്‍ വേറെയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: