വനിതകളുടെ സ്ക്വാഷില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരം ജോഷ്ന ചിന്നപ്പയാണ്. മുപ്പത്തേഴാം വയസ്സിലും സെമിയില്‍, ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് ആശ്വാസ ജയം നേടിത്തന്ന താരം. ടീമിലെ ബേബി അനാഹത് സിങ്ങിനു പ്രായം 15. ഈ ഡല്ഹിക്കാരിക്കൊപ്പം മാതാപിതാക്കളും എത്തിയിരുന്നു. അവര്‍ക്കൊപ്പം കൈയ്യടിക്കാന്‍ ഒന്നോ രണ്ടോ ഇന്ത്യക്കാര്‍ കൂടിയുണ്ടായിരുന്നു. മകള്‍ മൂന്നാം സെറ്റില്‍ നന്നായി കളിച്ചുവെന്നു പറഞ്ഞപ്പോള്‍ മാതാവ് ടാനിക്ക് സന്തോഷം. കേരളത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ ദീപിക പള്ളിക്കലിന്റെ മാതാപിതാക്കള്‍ മലയാളികളാണെന്നു ഞാന്‍ അവരോട് പറഞ്ഞു.
സെമിയില്‍ ദീപിക കളിച്ചില്ല. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം, തിരുവല്ലയ്ക്കടുത്ത് നിരണംകാരി സൂസന് ഇട്ടിച്ചെറിയയാണ് ദീപികയുടെ അമ്മ.
ആദ്യ രണ്ടു സെറ്റില്‍ ഹോങ്കോങ്ങിന്റെ ലീയോട് പരാജയപ്പെട്ട അനാഹതിനെ സീനിയര്‍ താരങ്ങളായ ജോഷ്നയും ദീപികയും പ്രോത്സാഹിപ്പിക്കുന്നതു കാണാമായിരുന്നു.
ഷൂട്ടിങ്ങില്‍ ജക്കാര്‍ത്തയില്‍ സൗരഭ് ചൗധരിയും മനു ഭാക്കറും ഒരു പുത്തന്‍ താരനിരയുടെ വരവ് അറിയിച്ചുവെങ്കില്‍ ഹാങ്ചോയില്‍ യുവതാരങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഇഷ, റമിത, മെഹൂലി, ഐശ്വരി പ്രതാപ് സിങ്, രുദ്രാംക്ഷ് പാട്ടീല്‍ തുടങ്ങിയവര്‍ക്കൊക്കെ പ്രായം 19 മാത്രം.
അര ഡസനില്‍ താഴെ മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് പാക്കിസ്ഥാനില്‍ നിന്നെത്തിയിട്ടുള്ളത്. വോളിബോളില്‍ സ്ഥാന നിര്‍ണയ മത്സരത്തില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്പിച്ചപ്പോള് അവര്‍ വലിയ ആഹഌദമൊന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ ഇന്നലെ അവര്‍ വലിയ സന്തോഷത്തിലായിരുന്നു. പാകിസ്ഥാന് താരം ഷൂട്ടിങ്ങില്‍ വെങ്കലം നേടി.
മറിച്ച് വോളിബോളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയതാണെന്ന വിമര്‍ശനം നാട്ടില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഉയരുന്നുണ്ട്. പലരും നാട്ടില്‍ നിന്നു സന്ദേശങ്ങള്‍ അയയ്ക്കുന്നു. ചിലര്‍ വിളിച്ചു.
കൊറിയയെയും ചൈനീസ് തായ് പേയ്യെയും തോല്പിച്ച ഇന്ത്യ ക്വാര്‍ട്ടറില്‍ ജപ്പാനുമുന്നില്‍ ആയുദ്ധം വച്ചു കീഴടങ്ങുകയായിരുന്നു എന്ന് ഓര്‍ക്കണം. അതും ജപ്പാന്റെ ബി ടീമിനോട്. ദക്ഷിണ കൊറിയന്‍ ടീം ദുര്‍ബലമായിരുന്നു എന്ന് അവരുടെ മറ്റു മത്സരങ്ങള്‍ തെളിയിച്ചല്ലോ?
ഒരു പക്ഷേ, ഇന്ത്യന്‍ വോളി ടീമിനെ തോല്പിച്ചത് വലിയ കാര്യമല്ല എന്ന് പാകിസ്ഥാന് തോന്നിയിരിക്കും. നമ്മുടെ ദൗര്‍ബല്യം അവര്‍ മനസ്സിലാക്കിക്കാണും.
മൂണ്‍ കേക്ക് വിതരണമാണ് ഇന്നലെ ചൈനയില്‍ പ്രധാനമായി നടന്നത്. മിഡ് ഓട്ടം ഫെസ്റ്റിവല്‍ ആഘോഷം. കേക്ക് സ്വീകരിച്ച് ആശംസ പറയണം. ചൈനീസ് ഭാഷയില്‍ അവര്‍ പറയുന്നതു കേട്ടു പറഞ്ഞാല്‍ വലിയ സന്തോഷം. വഴിയരികില്‍ കണ്ടു മുട്ടുന്നവരും ആശംസ പറയാന്‍ പ്രേരിപ്പിക്കുന്നു.
ചൈനീസ് ഉച്ചാരണം ശരിയായാല്‍ വലിയ സന്തോഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: