കൊച്ചി: സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ സീബ്രാ ലൈനുകള്‍ കൃത്യമായി അടയാളപ്പെടുത്തണമെന്ന നിര്‍ദേശം നടപ്പാക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. സീബ്രാ ക്രോസിങ് റൂള്‍സ് നടപ്പാക്കണമെന്ന് ഉത്തരവ് നല്‍കിയിട്ട് മാസങ്ങള്‍കഴിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് ദേവന് വ്യക്തമാക്കി. പിഡബ്ല്യുഡി സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ട്രാഫിക് ഐജി എന്നിവര്‍ ഓണ്‍ലൈനിലൂടെ ഹാജരായി വിശദീകരണം നല്‍കണമെന്നും ഉത്തരവ് പറയുന്നു.
ഹര്‍ജി പരിഗണിക്കവെ ട്രാഫിക് ലൈറ്റുകള്‍ പലയിടത്തും ശരിയായ രീതിയില്‍ അല്ല സ്ഥാപിച്ചിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ കഴിയുന്ന തരത്തില്‍ മുഖ്യ റോഡുകളിലെല്ലാം സീബ്രാ ലൈനുകള്‍ കൃത്യമായി അടയാളപ്പെടുത്തണമെന്ന് ജനുവരി 25ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 10 മാസം കഴിഞ്ഞിട്ടും ‘സീബ്ര ക്രോസിങ് റൂള്‍സ്’ ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. ഈ അവസരത്തിലാണ് ഹൈക്കോടതി ഉദ്യോഗസ്ഥരുടെ നടപടികളില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: