തിരുവനന്തപുരം: കാമുകന് ജ്യൂസിലും കഷായത്തിലും വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിന്റെ വാദം കേള്‍ക്കല്‍ മാറ്റിവെച്ചു. നവബര്‍ 3-നാകും പ്രാരംഭവാദം ആരംഭിക്കുക. കേരളത്തില്‍ വിചാരണ നടത്താന്‍ കഴിയുമോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വാദം നടക്കും. ഗ്രീഷ്മ ഉള്‍പ്പെടെ മൂന്നു പ്രതികളും ഇന്ന് ഹാജരായി. ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
2022 ഒക്ടോബറിലാണ് കേസില്‍ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തത്. ബന്ധത്തില്‍ നിന്ന് പിന്മാറാന് വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു കഷായത്തില്‍ വിഷം ചേര്‍ത്ത് നല്കി കൊലപ്പെടുത്തിയത്. തന്റെ വീട്ടിലേക്ക് ഷാരോണ്‍ വന്ന സെപ്റ്റംബര്‍ 14-നാണ് ഗ്രീഷ്മ വിഷം കഷായത്തില്‍ കലക്കി നല്‍കിയത്. 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷാരോണ്‍ മരിച്ചത്. ആദ്യം സാധാരണ മരണമാണെന്ന് കരുതിയെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
കുറ്റകൃത്യത്തിന് സഹായികളായതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മ്മല്‍ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ചിരുന്നു. ഇരു പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നല്കിയ മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി പിന്നീട് വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: