ചങ്ങനാശേരി: കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഓപ്പറേറ്ററെ ഇതുവരെ നിയമിച്ചിട്ടുമില്ല. നൂറുകണക്കിന് രോഗികളാണ് ഇവിടെ അനുദിനം വന്നുപോകുന്നത്.
അവര്‍ക്കെല്ലാം ആശ്വാസം പകരുന്നതായിരുന്നു ഓക്സിജന്‍ പ്ലാന്റ്. ഇതിന്റെ മുഴുവന്‍ ഫണ്ടും കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് നല്‍കിയത്. ഓപ്പറേറ്ററെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ ഓപ്പറേറ്ററെ നിയമിക്കാതെ ഡ്യൂട്ടിയിലുള്ള ഏതെങ്കിലും സ്റ്റാഫിനെ വെച്ചാണ് ഓക്സിജന്‍ പ്ലാന്റ് ആദ്യമൊക്കെ പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും ഇല്ലാത്ത അവസ്ഥയാണ്.
മാസങ്ങള്‍ക്കു മുന്‍പ് രാജ്യസഭാംഗം ഡോ. രാധാ മോഹന്‍ദാസ് അഗര്‍വാള്‍ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച വേളയില്‍ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തകയും പോരായ്മകള്‍ ആശുപത്രി അധികൃതരോട് എത്രയും വേഗം പരിഹരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
അന്നും ഓപ്പറേറ്ററെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് പറഞ്ഞിരുന്നത്. അത് അടിയന്തിരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംപിക്ക് അധികൃതര്‍ ഉറപ്പു നല്‍കിയതുമാണ്. ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കുറവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ആംബുലന്‍സ് ഉള്‍പ്പെടെ പരാദീനതകളുടെ നടുവിലാണ് ചങ്ങനാശേരി ജനറല്‍ ആശുപത്രി. ഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടന വേളയിലും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് പ്ലാന്റ് നിര്‍മിച്ചതെന്ന് പറയാന്‍ അധികാരികള്‍ വിമൂഖത കാണിച്ചിരുന്നു.
ഓക്സിജന്‍ പ്ലാന്റ് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണം: ബിജെപി
ചങ്ങനാശേരി: കേന്ദ്ര ഫണ്ടുപയോഗിച്ച് നിര്‍മിച്ച ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന് അവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എം. ബി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
നൂറു കണക്കിന് രോഗികളെത്തുന്ന ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാത്തത് ആരോഗ്യ വകുപ്പിന്റെയും, എംഎല്‍എയുടെയും അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത് അധ്യക്ഷനായി.
മധ്യമേഖല ഉപാധ്യക്ഷന്‍ എന്‍.പി. കൃഷ്ണകുമാര്‍, കെ.ജി. രാജ്മോഹന്‍, സുരേന്ദ്രനാഥ് ഐക്കര, വിഷ്ണുദാസ് പി.ആര്, പി.പി. ധീര സിംഹന്, കെ.കെ. സുനില്‍, കണ്ണന് പായിപ്പാട്, മനോജ് മണി, ഏരിയ പ്രസിഡന്റുമാരായ സുദര്ശനന് പിള്ള, അനില്‍ബാബു, രഞ്ജിത് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം എം. ബി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: