ന്യൂദല്‍ഹി: ആഘോഷങ്ങള്‍ എപ്പോഴും നാടിന്റെ സാംസ്ക്കാരികത്തനിമ നിലനിര്‍ത്തുന്നതാവണമെന്ന് ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് കമാന്‍ഡന്റ് ലെഫ്റ്റനന്റ് ജനറല്‍ അജിത്ത് നീലകണ്ഠന്.
മലയാളി വിദ്യാര്‍ത്ഥികൂട്ടായ്മയായ ദല്‍ഹി യുവകൈരളി സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷം ‘ആര്‍പ്പോ’ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികള്‍ എവിടെ ആയാലും ഒത്തുകൂടി നടത്തുന്ന ഓണാഘോഷം എപ്പോഴും നാടിന്റെ ഓര്‍മ്മകള്‍ നല്‍കുന്നതാണ്. നമ്മുടെ ഭാഷയും സംസ്കാരവും എന്നും നമുക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യന് ഒന്നാകുകയും മനസ്സ് നന്നായിരിക്കുകയും ചെയ്ത കാലത്തിന്റെ ഓര്‍മ്മയാണ് ഓണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ഓണം മനസ്സിന്റെ നന്മയെയും സന്തോഷത്തെയുമാണ് സൂചിപ്പിക്കുന്നത്. ഓണത്തെക്കുറിച്ച് എഴുതാത്ത കവിതകളോ പാടാത്ത പാട്ടുകാരോ ഇല്ല.
എല്ലാവരും ഒന്നിച്ചുകൂടുമ്പോഴുള്ള സന്തോഷമാണ് ഓണാഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹി സര്‍വ്വകലാശാല ഡീന്‍ ഓഫ് കോളേജസ് ബല്‍റാം പാണി അധ്യക്ഷനായി. യുവകൈരളി പ്രസിഡന്റ് പി.എസ്. ഗംഗ, ജനറല്‍ സെക്രട്ടറി എസ്.ജി. വിശ്വേശ്വരന് എന്നിവര്‍ സംസാരിച്ചു.
വര്‍ക്കിംഗ് പ്രസിഡന്റ് അനഘ നന്ദാനത്ത്, മറ്റുഭാരവാഹികളായ എ. സഞ്ജയ്, നിരഞ്ജന കിഷന്, അശ്വതി കൃഷ്ണ, എന്‍. അഖില, ജി. അദ്വൈത്, ജെ. മാധവ്, സായിശ്രീ, ഗായത്രി, അനിരുദ്ധ്, അഭിമന്യു, അനുപമ, സന്മയ എന്നിവര്‍ നേതൃത്വം നല്കി. കലാസാംസ്കാരിക പരിപാടികളും കായികമത്സരങ്ങളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: