തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര് അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ ബാങ്കില്‍ അക്കൗണ്ടുണ്ടെന്ന് കണ്ടെത്തി.ഈ അക്കൗണ്ടില്‍ 63 ലക്ഷം രൂപയാണുളളത്.
ഈ അക്കൗണ്ടില്‍ നോമിനിയായി വച്ചിരിക്കുന്നത് കേസിലെ മുഖ്യ പ്രതി സതീഷ് കുമാറിന്റെ സഹോദരന് ശ്രീജിത്തിനെയാണ്. പ്രതിമാസം 1600 രൂപ പെന്ഷന് വാങ്ങുന്ന ആളാണ് അരവിന്ദാക്ഷന്റെ അമ്മ.
അരവിന്ദാക്ഷന് നടത്തിയ വിദേശ സന്ദര്‍ശനങ്ങളിലും അന്വേഷണമുണ്ടാകുമെന്നാണ് സൂചന. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിറ്റതായും കണ്ടത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു.
അരവിന്ദാക്ഷനെയും അറസ്റ്റിലായ കരുവന്നൂര്‍ ബാങ്കിലെ അക്കൗണ്ടന്റ് ജില്‍സിനെയും സബ് ജയിലിലേക്ക് മാറ്റി.
കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ രേഖാമൂലം അറിയിച്ചത്. അരവിന്ദാക്ഷന് പല ഉന്നതരുമായും ബന്ധമുണ്ട്. ഇവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. സി പി എം സംസ്ഥാന സമിതി അംഗം എം കെ കണ്ണനെയും എ സി മൊയ്തീന് എം എല്‍ എയെയും നേരത്തേ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: