ന്യൂദല്‍ഹി: ഭാരതത്തിന്റെ സാമ്പത്തിക സ്ഥിരത സംരക്ഷിക്കുന്നതിനും ന്യായമായ മത്സരം ഉറപ്പാക്കുന്നതിനും സുസ്ഥിര വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും നിയമവിരുദ്ധ വ്യാപാര പ്രശ്നം കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ( സി ബി ഐ സി)ചെയര്മാന് സഞ്ജയ് കുമാര്‍ അഗര്‍വാള്‍ . നിയമവിരുദ്ധ വ്യാപാരത്തിനെതിരായ പോരാട്ടത്തില്‍ സിബിഐസി നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ന്യൂദല്‍ഹിയില്‍ നടക്കുന്ന അനധികൃത വ്യാപാരത്തെ നേരിടാനുള്ള ദ്വിദിന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അഗര്‍വാള്‍ പറഞ്ഞു.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ആണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
കള്ളക്കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറ്റവാളികള്‍ക്കും സംഘങ്ങള്‍ക്കുമെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് സഞ്ജയ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂവായിരത്തി അഞ്ഞൂറ് കിലോഗ്രാം സ്വര്‍ണം, 18 കോടി സിഗരറ്റുകള്‍, 19 ടണ്‍ ഹെറോയിന്‍ എന്നിവ സി ബി ഐ സി പിടിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില്ലറ വില്‍പ്പന തലത്തില്‍ നിയമാനുസൃത മത്സരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ മേരാ ബില്‍ മേരാ അധികാര്‍ പദ്ധതി ആരംഭിച്ചതായി അഗര്‍വാള്‍ പറഞ്ഞു. രാജ്യാതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത് തടയുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര സഹകരണത്തിന് സിബിഐസി തുടക്കമിടുകയാണെന്നും സഞ്ജയ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: