ഗാന്ധിനഗര്‍: ഇന്ന് പ്രതിപക്ഷത്തുള്ളവര്‍ മൂന്ന് പതിറ്റാണ്ടായി വനിതാ സംവരണ ബില്‍ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ ‘നാരിശക്തി വന്ദന്‍ അധിനിയം’ പാസാക്കിയിരിക്കാം. എന്നാല്‍, പ്രതിപക്ഷം മെച്ചപ്പെട്ടുവെന്നല്ല അതിന്റെ സൂചന. മുപ്പത് വര്‍ഷം അവരിത് ചെയ്തില്ല. അവര്‍ നാടകം കളിക്കുകയായിരുന്നു. മറ്റുള്ളവര്‍ അവര്‍ക്കൊപ്പവും. ഇന്നവര്‍ ‘മോദി ഇതെങ്ങനെ ചെയ്തുവെന്ന’ ആശയക്കുഴപ്പത്തിലാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ബിജെപി സംഘടിപ്പിച്ച നാരിശക്തി വന്ദന്‍ അഭിനന്ദന് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
മാതൃശക്തിയുടെ കടം വീട്ടാനുള്ള ശ്രമമാണ് ഈ നിയമം. ലോക്സഭയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണമെന്നത് ഇപ്പോള്‍ സാധ്യമായിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തില്‍ വഡോദര ഒരു നാഴികക്കല്ലാണ്. വഡോദരയില്‍ ഗെയ്ക്വാദ് ഭരണകാലത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമാക്കി. ഇത് സൗജന്യമായിരുന്നു. പെണ്‍കുട്ടികളെ സ്കൂളുകളിലയയ്ക്കാത്തവര്ക്ക് ശിക്ഷയും നല്‍കിയിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിന്റെ വികസന മാതൃകയുടെ ഏറ്റവും വലിയ ശക്തി നമ്മുടെ അമ്മമാരും സഹോദരിമാരുമാണ്. 20 വര്‍ഷം മുമ്പ് ഗുജറാത്തില്‍ സ്ത്രീ സാക്ഷരത കുറവായിരുന്നു. നിരവധി പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പലരും പഠനം ഉപേക്ഷിക്കുകയായിരുന്നു. പ്രസവസമയങ്ങളില്‍ നിരവധി സ്ത്രീകള്‍ മരിച്ചിരുന്നു. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ബിജെപി വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. അതിന്റെ ഫലമാണ് ഇന്നിവിടെ കാണുന്നത്. അദ്ദേഹം പറഞ്ഞു.
ഛോട്ടാ ഉദയ്പൂരില്‍ 5000 കോടിയിലധികം രൂപയുടെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. ഉടന്‍തന്നെ ഭാരതം ആഗോള സാമ്പത്തിക ശക്തിയായി മാറും. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറുമെന്നതിന് ഞാന്‍ ഗ്യാരന്റിയാണ്. ഛോട്ടാ ഉദയ്പൂരില്‍ 50,000 വീടുകളില്‍ കുടിവെള്ള പൈപ്പ് സ്ഥാപിച്ചു. എന്റെ പേരില്‍ എനിക്കൊരു വീടില്ല. പക്ഷേ രാജ്യത്തെ വനിതകളുടെ പേരുകളില്‍ അവര്‍ക്ക് വീടുകള്‍ നല്‍കുകയാണ്. ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഛോട്ടാ ഉദയ്പൂരിലെ ബോഡേലിയില്‍ ‘മികവിന്റെ വിദ്യാലയ ദൗത്യം’ പരിപാടിക്ക് കീഴില്‍ 4500 കോടി രൂപയിലധികം വരുന്ന ഒന്നിലധികം പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. മുന്‍കാലത്തെ അപേക്ഷിച്ച് നിലവിലെ സര്‍ക്കാര്‍ വനവാസി വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് അഞ്ചു മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ബോഡേലിയില്‍ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വനവാസി നേതാക്കള്‍ സമ്മാനിച്ച വില്ലുയര്‍ത്തി വിദ്യാര്‍ത്ഥികളടക്കമുള്ള സദസിനെ അഭിവാദ്യം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: