ഹാങ്ചൊ: ടെന്നീസില്‍ തിരിച്ചടികള്‍ക്കിടയിലും മെഡലുറപ്പിച്ച് പുരുഷ ഡബിള്‍സ് സഖ്യം. ഭാരതത്തിന്റെ സാകേത് മൈനേനി-രാംകുമാര്‍ രാമനാഥന് സഖ്യമാണ് മെഡലുറപ്പിച്ചത്. സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് സഖ്യം വെങ്കലം ഉറപ്പിച്ചത്.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് സഖ്യമായ വു യിബിങ്-ഷാന്‍ ഷിഷെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഭാരത സഖ്യം അവസാന നാലിലേക്ക് കുതിച്ചത്. സ്കോര്‍: 6-1, 7-6 (10-8). ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഭാരത സഖ്യം വിയര്‍ത്തു. സ്കോര്‍ 6-6ന് തുല്യതയിലായയശേഷം കളി ടൈബ്രേക്കറിലേക്ക് നീണ്ടു. ആത്മവിശ്വാസം വിടാതെ പൊരുതിയ ഭാരത സഖ്യം മത്സരം 10-8ന്് സ്വന്തമാക്കി. സെമിയില്‍ ദക്ഷിണ കൊറിയയുടെ ഹോങ് സ്യോങ്ചാന്-ക്വന്‍ സൂണ്‍ വൂ സഖ്യമാണ് എതിരാളികള്‍. ഇതില്‍ ജയിച്ച് ഫൈനലിലെത്തിയാല്‍ സ്വര്‍ണമോ വെള്ളിയോ സ്വന്തമാക്കാം.
അതേസമയം പുരുഷ-വനിതാ സിംഗിള്‍സില്‍ ഭാരതത്തിന്റെ പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. പുരുഷ ക്വാര്‍ട്ടറില്‍ സുമിത് നാഗല്‍ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചൈനയുടെ ഷാന്‍ ഷിഷെന്നിനോട് പരാജയപ്പെട്ടു. സ്കോര്‍: 7-6 (7-3), 1-6, 2-6. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു സുമിത് തോല്‍വി വഴങ്ങിയത്.
വനിതാ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് അങ്കിത റെയ്ന കീഴടങ്ങിയത്. ജപ്പാന്റെ ഹാരുക കാജിയോട് 6-3, 4-6, 4-6 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: