ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്ബോളില്‍ ഭാരതത്തിന് ഇന്ന് നോക്കൗട്ട് പരീക്ഷണം. രാത്രി നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ലോക ഫുട്ബോളില്‍ വന്‍ കുതിപ്പിനൊരുങ്ങിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യയാണ് എതിരാളികള്‍. ഇന്നത്തെ മത്സരത്തിനിറങ്ങുന്ന ഛേത്രിക്കും കൂട്ടര്‍ക്കും ജയപ്രതീക്ഷ പോലും അതിമോഹമായിരിക്കും.
ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനയോട് 5-1ന്റെ തോല്‍വിയേറ്റ ടീം ആണ് പരിശീലകന് ഇഗര്‍ സ്റ്റിമാക്കിന് കീഴിലുള്ള ഭാരതം. മത്സരിക്കുക, ഒപ്പം പോരായ്മകളുടെ അളവ് തിട്ടപ്പെടുത്തുക എന്നതിനപ്പുറം ഇന്നത്തെ കളിയില്‍ ഭാരത ടീമിന് ഒന്നും ചെയ്യാനില്ല. മറിച്ച് അല്‍ഭുതം സംഭവിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കിടയിലുണ്ട്. സമനിലയും ഷൂട്ടൗട്ടുമൊക്കിയായി അത്തരത്തിലൊരല്ഭുതം സംഭവിച്ചാല്‍ അത് ചരിത്രമാകുകയും ചെയ്യും.
ഫിഫ റാങ്കിങ്ങില്‍ 45 സ്ഥാനങ്ങളുടെ വ്യത്യാസമാണ് ഭാരതവും സൗദിയും തമ്മിലുള്ളത്. ഏഷ്യന്‍ ടീമുകളില്‍ അഞ്ചാം സ്ഥാനക്കാരാണ് ഈ മദ്ധ്യേഷ്യന്‍ ടീം. ഭാരതത്തിന്റെ സ്ഥാനം 18-ാമതാണ്. ഈ അന്തരം നിലനില്‍ക്കെ വലിയൊരു അല്‍ഭുതം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ പരിശീലകന് ഇഗര്‍ സ്റ്റിമാക്കിന്റെ വാക്കുകള്‍ തന്നെയാണ് ചേത്രിക്കും ജിംഗാനും സഹലിനുമെല്ലാം മരുന്നാകുക. ‘ഇത് തന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. അവരെ നേരിടാന്‍ ഇഷ്ടപ്പെടുന്നു, എന്തായാലും വിരണ്ട് പിന്നോട്ടില്ല’, കളിക്ക് മുന്നോടിയായി ഭാരത പരിശീലകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: