ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി 78-ാം സമ്മേളനത്തില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കര്‍ നടത്തിയ പ്രസംഗം എന്തുകൊണ്ടും പ്രധാന്യം അര്‍ഹിക്കുന്നതാണ്. ഇത് പഴയ ഇന്ത്യയല്ല, പുതിയ ഭാരതമാണെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം. പുതിയ ഭാരതം എങ്ങനെ ലോകത്തെ നോക്കിക്കാണുന്നു, ആഗോള സമൂഹത്തോട് ഭാരതത്തിന് എന്താണ് പറയാനുള്ളതെന്നും ലഘുവെങ്കിലും അര്‍ത്ഥവത്തായ പ്രസംഗത്തിലൂടെ വ്യക്തമാക്കി. സമകാലികതയെക്കുറിച്ച് മാത്രമല്ല, ഭാവിയെക്കുറിച്ചും പറഞ്ഞുവെക്കുന്നതാണ് ആ പ്രസംഗം.
ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ ഇരട്ടനിലപാടിനെ ധീരമായി ചോദ്യം ചെയ്യുകയും ശക്തമായി തുറന്നുകാട്ടുകയും ചെയ്യുന്നുണ്ട്. ആരുടെയും പേരെടുത്തു പറയാതെ, എന്നാല്‍ കൊള്ളേണ്ടവര്‍ക്ക് കൊള്ളുന്ന രീതിയില്‍ തന്നെ. അധികകാലം ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് എല്ലാം കൃത്യമാണ്.
‘നമസ്തേ ഫ്രം ഭാരത്’ എന്നു പറഞ്ഞാണ് ഡോ. എസ്. ജയശങ്കര്‍ പ്രസംഗം ആരംഭിച്ചത്. ഭാരതം എന്ന് ഉപയോഗിക്കുന്നതില്‍ വിമര്‍ശനം ഉന്നയിക്കുന്ന ഭാരതത്തിനകത്തുള്ളവര്ക്കുള്ള മറുപടിയായികൂടി വേണം അതിനെ കരുതാന്‍. ന്യൂദല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഭാരത്’ എന്നെഴുതിയ ബോര്‍ഡാണ് ഉപയോഗിച്ചത്. ജി 20 പ്രതിനിധികള്‍ക്കായി രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നും പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള കത്തില്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നുമാണ് ഉപയോഗിച്ചത്. ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ച കോണ്ഗ്രസുള്പ്പെടെയുള്ളവര്ക്കുള്ള മറുപടി കൂടിയാണിത്.
അന്താരാഷ്ട്രവേദിയില്‍ ഭാരതം എന്ന നാമം മുഴങ്ങിക്കേട്ടു. പ്രസംഗം അവസാനിപ്പിക്കുന്നതാകട്ടെ ഇന്ത്യയും ഭാരതവും ഒന്നു തന്നെയാണെന്ന് വ്യക്തമാക്കികൊണ്ടാണ്. ‘ജനാധിപത്യത്തിന്റെ പുരാതന പാരമ്പര്യങ്ങള്‍ ആഴത്തില്‍ വേരുന്നിയ ഒരു ആധുനിക സമൂഹത്തിനു വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. തല്‍ഫലമായി, നമ്മുടെ ചിന്തകളും സമീപനങ്ങളും പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ കൂടുതല്‍ അടിസ്ഥാനവും ആധികാരികവുമാണ്. ആധുനികതയെ ഉള്‍ക്കൊള്ളുന്ന ഒരു നാഗരിക രാഷ്ട്രമെന്നനിലയില്‍, ഞങ്ങള്‍ പാരമ്പര്യത്തെയും സാങ്കേതിക വിദ്യയെയും ഒരുപോലെ ആത്മവിശ്വാസത്തോടെ സംയോജിപ്പിക്കുന്നു. ഈ സംയോജനമാണ് ഇന്ന് ഇന്ത്യയെ നിര്‍വചിക്കുന്നത്, അതാണ് ഭാരതം എന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്. നമ്മുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും പങ്കിടുമ്പോള്‍ പോലും നമ്മുടെ നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും കണക്കെടുക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറയുന്നു. വിശ്വാസം പുനഃസ്ഥാപിക്കുക, ആഗോള ഐക്യദാര്‍ഢ്യം പുനഃസ്ഥാപിക്കുക എന്ന യുഎന്‍ജിഎയുടെ പ്രമേയത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം ആദ്യമേ തന്നെ വ്യക്തമാക്കുന്നു.
ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരതത്തിനെതിരെ കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തക്കതായ മറുപടിയും ഈ പ്രസംഗത്തിലുണ്ട്. കാനഡ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ തീവ്രവാദത്തിനെതിരായ ഇരട്ട നിലപാടുകളെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. തീവ്രവാദത്തിന് എതിരായ പ്രതികരണങ്ങള്‍ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് അനുസരിച്ചാകരുത്. പ്രാദേശിക അഖണ്ഡതയോടുള്ള ബഹുമാനവും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതും സ്വന്തം താല്പര്യങ്ങള്ക്ക് അനുസരിച്ചാകരുതെന്നും അദ്ദേഹം പറയുന്നു. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി തീവ്രവാദം മാറുമ്പോള്‍, അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ച, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രം എന്ന നിലയില്‍ ഭാരതത്തിന്റെ തീവ്രവാദത്തിനെതിരായ ഉറച്ച നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
കുറച്ച് രാജ്യങ്ങള്‍ മാത്രമായി ആഗോള അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞെന്ന് ഡോ.എസ്. ജയശങ്കര്‍ വ്യക്തമാക്കി. ഞങ്ങള്‍ എപ്പോഴും നിയമാധിഷ്ഠിത ഉത്തരവ് പ്രോത്സാഹിപ്പിക്കുന്നതിന് വാദിക്കുന്നു. കാലാകാലങ്ങളില്‍ യുഎന്‍ ചാര്‍ട്ടറിനോടുള്ള ബഹുമാനവും തുടരുന്നു. എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും, അജണ്ട രൂപപ്പെടുത്തുകയും മാനദണ്ഡങ്ങള്‍ നിര്‍വചിക്കുകയും ചെയ്യുന്നത് ഇപ്പോഴും കുറച്ച് രാഷ്ട്രങ്ങള്‍ മാത്രമാണ്. ഇത് അനിശ്ചിതമായി തുടരാന്‍ കഴിയില്ല, നാമെല്ലാവരും മനസ്സുവെച്ചാല്‍ ന്യായവും നീതിപൂര്‍വകവും ജനാധിപത്യപരവുമായ ഒരു ക്രമം തീര്‍ച്ചയായും ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറയുന്നുണ്ട്. വാക്കുകളില്‍ നിന്ന് യാഥാര്‍ത്ഥ്യം മാറുമ്പോള്‍, അത് വിളിച്ചുപറയാനുള്ള ധൈര്യം നമുക്കുണ്ടാകണം. യഥാര്‍ത്ഥ ഐക്യദാര്‍ഢ്യമില്ലാതെ, യഥാര്‍ത്ഥ വിശ്വാസം ഒരിക്കലും ഉണ്ടാകില്ല. ഇത് ഗ്ലോബല്‍ സൗത്തിന്റെ വികാരമാണ്. അടുത്ത വര്‍ഷം, യുഎന്‍ ഭാവി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വങ്ങളുടെ വിപുലീകരണം ഉള്‍പ്പെടെയുള്ള മാറ്റത്തിനും നീതിയുക്തതയ്ക്കും ബഹുമുഖവാദം പരിഷ്ക്കരിക്കുന്നതിനുമുള്ള പ്രധാന അവസരമായി ഇത് പ്രവര്‍ത്തിക്കണം. നമ്മള് ഒരു ഭൂമിയും ഒരു കുടുംബവും ഒരു ഭാവിയും എന്ന ബോധ്യത്തോടെയുള്ള ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കണം-അദ്ദേഹം പറയുന്നു.
അടുത്തിടെ ഭാരതം കൈവരിച്ച സുപ്രധാന നേട്ടകള്‍ ഡോ. എസ്. ജയശങ്കര്‍ പ്രസംഗത്തില്‍ അക്കമിട്ട് നിരത്തുന്നു. ചന്ദ്രയാന്‍ മൂന്നിന്റെ വിജയം, ജി 20 ഉച്ചകോടിയുടെ വിജയകരമായ സംഘാടനം, വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയത് എന്നിവ സുപ്രധാന നേട്ടങ്ങളാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഭാരതം അമൃത് കാലത്തിലേക്ക് പ്രവേശിച്ചു, വരുന്ന കാല് നൂറ്റാണ്ടില്‍ കൂടുതല്‍ പുരോഗതിയും പരിവര്‍ത്തനവും നമ്മെ കാത്തിരിക്കുന്നു. ഞങ്ങളുടെ കഴിവും സര്‍ഗ്ഗാത്മകതയും, ഞങ്ങളെ മുന്നോട്ട് നയിക്കുമെന്ന് ഉറപ്പുണ്ട്. ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ ഒരു നേര്‍ക്കാഴ്ച ലോകം കണ്ടു. ഇന്ന്, ലോകത്തിനുള്ള സന്ദേശം ഡിജിറ്റലിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഭരണത്തിലും വിതരണത്തിലും, സൗകര്യങ്ങളുടെയും സേവനങ്ങളുടെയും വിശാലതയിലും, അതിവേഗം വളരുന്ന അടിസ്ഥാന സൗകര്യങ്ങളിലും, ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവുമാണ്. ആരോഗ്യം, ജീവിതശൈലി, കല, യോഗ, തുടങ്ങിയ സാംസ്കാരിക പ്രകടനങ്ങളിലും ഇത് ദൃശ്യമാണ്. നിയമ നിര്‍മ്മാണ സഭകളിലെ മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യാനുള്ള വഴിത്തിരിവുള്ള നിയമനിര്‍മ്മാണത്തിലാണ് ഭാരതമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഭാരതത്തിന്റെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയുടെ എല്ലാ അര്‍ത്ഥത്തിലുമുള്ള വിജയവും തുടര്‍പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര സമൂഹത്തിന് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുന്നു. അസാധാരണമായ ഉത്തരവാദിത്ത ബോധത്തോടെയാണ് ഭാരതം ജി 20യുടെ അധ്യക്ഷ പദവി ഏറ്റെടുത്തത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ഭാരതത്തിന്റെ കാഴ്ചപ്പാട് ചിലരുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങളിലല്ല. പലരുടെയും പ്രധാന ആശങ്കകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ജി 20 യുടെ സംയുക്തപ്രഖ്യാപനം നേതൃത്വ കഴിവ് വ്യക്തമാക്കുന്നതും നയതന്ത്രവും സംഭാഷണവും മാത്രമാണ് ഫലപ്രദമായ പരിഹാരമെന്ന് ഉറപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറയുന്നു.
വികസിത രാഷ്ട്രങ്ങളുടെ മാത്രമല്ല, വികസ്വര, അവികസിത രാഷ്ട്രങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ചചെയ്യപ്പെടണമെന്ന ഭാരതത്തിന്റെ നിലപാട് ഉയര്‍ത്തികാണിക്കുന്നു. മറ്റുള്ളവരെ ശ്രദ്ധിക്കുകയും അവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുകയും ചെയ്യണം. അത് സഹകരണത്തിന്റെ അടിസ്ഥാനമാണ്. എങ്കില്‍ മാത്രമേ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്‍ വിജയിക്കുകയുള്ളൂ. വളര്‍ച്ചയും വികസനവും ഏറ്റവും ദുര്‍ബലരായവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ജി20യുടെ തുടക്കമായി വോയ്സ് ഓഫ് ദി ഗ്ലോബല്‍ സൗത്ത് ഉച്ചകോടി വിളിച്ചത്. 125 രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അത് ജി 20 അജണ്ടയില്‍ ഉള്‍പ്പെടുത്താനും പ്രാപ്തമാക്കി. ഇതിന്റെ ഫലമായി, ആഗോള ശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചു. ചര്‍ച്ചകള്‍ അന്താരാഷ്ട്ര സമൂഹത്തിന് വലിയ പ്രാധാന്യമുള്ള ഫലങ്ങള്‍ ഉണ്ടാക്കി. ഭാരതത്തിന്റെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ യൂണിയനെ ജി20 യില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്തിയത് സുപ്രധാന ചുവടുവെപ്പാണ്. ഐക്യരാഷ്ട്രസഭയെ സമകാലികമാക്കാന്‍ ഇതുപ്രചോദിപ്പിക്കും. വിശാലമായ പ്രാതിനിധ്യം ഫലപ്രാപ്തിക്കും വിശ്വാസ്യതയ്ക്കും ഒരു മുന്‍വ്യവസ്ഥയാണെന്ന വാക്കുകള്‍ യുഎന്‍ രക്ഷാസമിതിയില്‍ ഭാരതത്തിന് സ്ഥിരാംഗത്വമെന്ന ആവശ്യത്തിലേക്കുള്ള ചൂണ്ടുവിരലാണ്.
ന്യൂദല്‍ഹി ജി 20 ഉച്ചകോടിയുടെ ഫലങ്ങള്‍ തീര്‍ച്ചയായും വരും വര്‍ഷങ്ങളില്‍ പ്രതിധ്വനിക്കുമെന്ന് വ്യക്തമാക്കി നടന്ന ചര്‍ച്ചകളെകുറിച്ചും അതുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം അടിവരയിടുന്നു. ന്യൂദല്‍ഹി ജി 20 ഫലങ്ങള്‍ വലിയ നയങ്ങളായും നിര്ദ്ദിഷ്ടസംരംഭങ്ങളായും പ്രകടിപ്പിക്കുന്നു. അവ നാളത്തെ നഗരങ്ങള്‍ നിര്‍മ്മിക്കുന്നതിനോ അഴിമതിക്കെതിരെ പോരാടുന്നതിനോ പട്ടിണി ഇല്ലാതാക്കുന്നതിനോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനോ ആകാം. എല്ലാം ലോകത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചതായി കൂട്ടിച്ചേര്‍ക്കുന്നു.
ചേരിചേരാ കാലഘട്ടത്തില്‍ നിന്ന് ഭാരതം ഇപ്പോള്‍ വിശ്വ മിത്ര യുഗത്തിലേക്ക് പരിണമിച്ചതായ പ്രസ്താവന ഭാരതത്തിന്റെ മറ്റുരാഷ്ട്രങ്ങളുമായും വിവിധ കൂട്ടായ്മകളുമായുള്ള ഇടപെടലിനെയും സഹകരണത്തെയുമാണ് എടുത്തുകാണിക്കുന്നത്. ക്വാഡിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച, ബ്രിക്സ് ഗ്രൂപ്പിന്റെ വിപുലീകരണം, ഐടുയുടു ഉദയം, ഭാരതം – മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ രൂപീകരണം, ഗ്ലോബല്‍ ബയോഫ്യൂവല്‍ അലയന്‍സ്, വാക്സിന് മൈത്രി, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്, കോളിഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റസിലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷാചരണം, ദുരന്തസാഹചര്യങ്ങളില്‍ സിറിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്ക് നല്കിയ സഹായം, സാമ്പത്തിക പ്രതിസന്ധി നേരിട്ട ശ്രീലങ്കക്ക് നല്കിയ പിന്തുണ, പസഫിക് ദ്വീപുകളില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തികള്‍ എന്നിവയിലെല്ലാം ഇതു ഒരുപോലെ പ്രകടമാണ്. വിവിധ രാഷ്ട്രങ്ങളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഉദാഹരണസഹിതം വ്യക്തമാക്കുന്നു.
‘രാജ്യങ്ങള്‍ അവരുടെ ദേശീയ താല്‍പ്പര്യങ്ങള്‍ പിന്തുടരുന്നത് ആഗോള നന്മയ്ക്ക് വിരുദ്ധമാണെന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല. നമ്മള് ഒരു മുന്‍നിര ശക്തിയാകാന്‍ ആഗ്രഹിക്കുമ്പോള്‍, ഇത് സ്വയം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയല്ല, മറിച്ച് വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനും കൂടുതല്‍ സംഭാവനകള്‍ നല്കുന്നതിനുമാണ്. നാം നമുക്കുവേണ്ടി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍, നമ്മുടെ ഉയര്‍ച്ചയ്ക്ക് മുമ്പുള്ള എല്ലാവരില്‍ നിന്നും നമ്മെ വ്യത്യസ്തരാക്കും. ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രവും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയും അതിന്റെ പുരോഗതി ലോകത്തിന് യഥാര്ത്ഥമാറ്റമുണ്ടാക്കുന്നുവെന്ന് അറിയാം. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും കാരണങ്ങളാല്‍ പല രാജ്യങ്ങളും നമ്മളുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ പ്രത്യേകിച്ചും. അവര്‍ ഞങ്ങളുടെ അനുഭവങ്ങള്‍ സൂക്ഷ്മമായി പിന്തുടരുകയും അവരുടെ വലിയ പ്രസക്തിക്കായി ഞങ്ങളുടെ പരിഹാരങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ഭാരതത്തിന്റെ നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം’ എന്നും പ്രസംഗത്തില്‍ ഡോ. എസ്. ജയശങ്കര്‍ പറയുന്നു. ഭാരതത്തിന്റെ നേട്ടങ്ങള്‍, നിലപാടുകള്‍ എന്നിവ ഒരിക്കല്‍കൂടി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ മുഴങ്ങുകയായിരുന്നു ഡോ. എസ്. ജയശങ്കറിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: