വനിതാ സംവരണ ബില്‍ (നാരി ശക്തി വന്ദന്‍ അധീനിയം) ലോക്സഭയിലും രാജ്യസഭയിലും കേവല ഭൂരിപക്ഷത്തോടെ പാസാക്കിയത് ചരിത്രപരമായ ചുവടുവെപ്പാണ്. സ്ത്രീകളുടെ ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ ചെയ്തുവരുന്ന പുരോഗമനപരമായ പരിഷ്കാരങ്ങളുടെ തുടര്‍ച്ചകൂടിയാണ് ഈ ബില്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുറഞ്ഞുവരുന്ന ശിശു ലിംഗാനുപാതവും (സിഎസ്ആര്‍) ജീവിതത്തിന്റെ തുടര്‍ച്ചയില്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന, ഏറെ പ്രശംസ നേടിയ ”ബേട്ടി ബച്ചാവോ ബേട്ടി പഠാവോ” (ബിബിബിപി) പ്രചാരണത്തിലൂടെയാണ് ഇന്നത്തെ ഗവണ്മെന്റിന് കീഴില്‍ ശാക്തീകരണം ശരിക്കും ആരംഭിച്ചത് എന്നുകാണാം. 2014-15-ല്‍ 100 ജില്ലകളില്‍ തുടക്കമിട്ട ഈ പ്രചാരണം പിന്നീട് പ്രീ -കണ്സെപ്ഷന് ആന്‍ഡ് പ്രീ-നാറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പിസി&പിഎന്‍ഡിറ്റി നിയമം), പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, മറ്റു വിഭാഗങ്ങളിലെ സുരക്ഷ എന്നീ മേഖലകളില്‍ നടത്തിയ രാജ്യവ്യാപകമായ ജനകീയ പ്രചാരണപരിപാടികളിലൂടെയും കേന്ദ്രീകൃത ഇടപെടലിലൂടെയും രാജ്യത്തെ 640 ജില്ലകളിലും ആവര്‍ത്തിക്കുകയും ചെയ്തു.
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന അടുത്ത വിപ്ലവം ‘ഇസ്സത്ത് ഘര്‍’ അര്‍ഹരായ എല്ലാവര്ക്കും ലഭ്യമാക്കുക എന്നതായിരുന്നു. അങ്ങനെ സ്വച്ച്ഭാരത് മിഷനിലൂടെ നഗര-ഗ്രാമ ഭാരതത്തിലെ 120 ദശലക്ഷത്തിലധികം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായ ശുചിത്വം ഉറപ്പാക്കുകയായിരുന്നു. നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട പ്രവര്‍ത്തനം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്നും, അതായത് പുകനിറഞ്ഞ അടുക്കളയില്‍ നിന്നും നമ്മുടെ രാജ്യത്തെ സ്ത്രീകളെ രക്ഷിക്കുന്ന, ഉജ്ജ്വല യോജന പദ്ധതിയുടെ ഫലപ്രദമായ നടപ്പാക്കലാണ്. ഈ പദ്ധതിക്ക് കീഴില്‍ 96 ദശലക്ഷത്തിലധികം സ്ത്രീകള്‍ക്കാണ് ഗ്യാസ് സിലിണ്ടറുകള്‍ ലഭിച്ചത്. ഇവ കൂടാതെ നമ്മുടെ സ്ത്രീകളുടെ ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടിയുള്ള നിരവധി സുപ്രധാന പരിപാടികള്‍ അവതരിക്കപ്പെട്ടു. പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്റെ കീഴില്‍ 39 ദശലക്ഷം സൗജന്യ ഗര്‍ഭകാല പരിശോധനകള്‍, 30 ദശലക്ഷത്തിലധികം സ്ത്രീകള്‍ക്ക് പ്രയോജനപ്പെട്ട പ്രധാനമന്ത്രി മാതൃ വന്ദന യോജന, ശമ്പളത്തോടുകൂടിയ പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ദ്ധിപ്പിക്കുക, ഇവയൊക്കെ പ്രധാനപ്പെട്ട ചില ആരോഗ്യ സംരംഭങ്ങളായിരുന്നു. ഇതിന്റെ ഫലമായി, മാതൃമരണനിരക്ക് 2014-ല്‍ ലക്ഷത്തില്‍ 130-ല്‍ നിന്ന് 2018-20-ല്‍ ലക്ഷത്തില്‍ 97 ആയി കുറയാന്‍ നമുക്ക് കഴിഞ്ഞു. ഈ കേന്ദ്രീകൃത ആരോഗ്യ ഫലങ്ങള്‍ക്ക് പുറമെ, മിഷന് പോഷന്‍ പോലെയുള്ള സമഗ്രമായ ക്ഷേമ വികസന പദ്ധതികള്‍ക്കും മോദി സര്‍ക്കാര്‍ സൗകര്യമൊരുക്കി എന്നത് ശ്രദ്ധേയമാണ്. കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരിലെ പോഷകാഹാരക്കുറവിന്റെ വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള ഒരു സംയോജിത പോഷകാഹാര സഹായ പദ്ധതിയാണ് മിഷന് പോഷന്‍. 5 ദശലക്ഷത്തിലധികം മുലയൂട്ടുന്നവരും ഗര്‍ഭിണികളും 6 മാസത്തില്‍ താഴെയുള്ള 4 ദശലക്ഷത്തിലധികം കുട്ടികളും ഉള്‍പ്പെടുന്ന 100 ദശലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് പോഷന്‍ അഭിയാന് പ്രയോജനപ്പെട്ടു എന്ന് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത്തരത്തിലുള്ള സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, 270 ദശലക്ഷത്തിലധികം ജന്‍ധന്‍ അക്കൗണ്ടുകള്‍ ആരംഭിക്കുകയും മുദ്ര യോജനയിലൂടെ 20 കൊടിയിലധികം തുക വനിതാ സംരംഭകര്‍ക്ക് നല്‍കുകയും ചെയ്യുന്ന വിവിധ ഇടപെടലുകളിലൂടെ ഈ സര്‍ക്കാര്‍ സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കുകയും ചെയ്തു. വെറും 3 വര്‍ഷത്തിനുള്ളില്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള എംഎസ്എംഇ-കളുടെ രജിസ്ട്രേഷനില്‍ 28% വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്നതുകൂടാതെ 45,000-ത്തിലധികം ഡിപിഐഐടി-അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് പുറമെ മുസ്ലീം സ്ത്രീകള്‍ക്ക് ആവശ്യമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിലും ഈ ഗവണ്മെന്റ് ധീരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. മുസ്ലീം സ്ത്രീ (വിവാഹത്തെക്കുറിച്ചുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമം 2019, ഒരു മുസ്ലീം ഭര്‍ത്താവ് തല്‍ക്ഷണവും പിന്‍വലിക്കാനാകാത്തതുമായ രീതിയില്‍ ചെയ്യുന്ന മുത്തലാഖ് പ്രഖ്യാപനം അസാധുവാണെന്നും നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. ഇത് ഒരു വലിയ മാറ്റമായിരുന്നു. മുസ്ലിം സ്ത്രീകള്‍ക്ക് വൈവാഹിക പീഡനങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനും വിവാഹമോചനത്തിന് വിധേയരായ സ്ത്രീകള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും ഈ നിയമത്തിലൂടെ സാധിക്കുന്നു. ഇതിനുപുറമെ, പുരുഷ സഹായമില്ലാതെ സ്ത്രീകള്‍ ഹജ്ജിന് പോകുന്നതിനുള്ള വിലക്കും നീക്കിയിട്ടുണ്ട്.
ഭാരതത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ മതിയായ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന വിപ്ലവകരമായ മുന്നേറ്റമാണ്, വനിതാ സംവരണ ബില്‍. 27 വര്‍ഷം മുമ്പ് എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1996 സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെയാണ് വനിതാ സംവരണ ബില്ലിന്റെ നിയമനിര്‍മ്മാണ ചരിത്രം ആരംഭിച്ചത്. പിന്നീട് മിക്കവാറും എല്ലാ സര്‍ക്കാരുകളും അത് നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 2010-ല്‍ ഇത് രാജ്യസഭയില്‍ പാസാക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും പിന്നീട് ലോക്സഭയില്‍ പരാജയപ്പെട്ടു. രാഷ്ട്രീയ ഇച്ഛാശക്തിയുടെയും യോജിപ്പിന്റെയും അഭാവം മൂലം ഈ നീക്കം ഇതുവരെ ഫലപ്രാപ്തിയിലെത്താന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി തന്റെ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുകയും പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേവല ഭൂരിപക്ഷത്തോടെ ഈ ചരിത്രപരമായ ബില്‍ പാസാക്കുകയും ചെയ്തു.
പ്രാതിനിധ്യം കുറഞ്ഞ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ഈ ബില്‍ സഹായിക്കും എന്നതാണ് സവിശേഷമായ ഒരു കാര്യം. വനിതാ എംപിമാരുടെ അനുപാതം 1952-ലെ ആദ്യ ലോക്സഭയില്‍ വെറും അഞ്ച് ശതമാനമായിരുന്നു, ഇന്നത് 15 ശതമാനത്തിലും താഴെയാണ്. സ്ത്രീ പ്രാതിനിധ്യം രാജ്യസഭയില്‍ ഏകദേശം 14 ശതമാനവും പല സംസ്ഥാന അസംബ്ലികളിലും 10 ശതമാനത്തില്‍ താഴെയുമാണ്. സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം കൊണ്ടുവരുന്നത് ഭാരതത്തിന്റെ പാര്ലമെന്റ്മന്ദിരത്തിന്റ ചുവരുകളില്‍ കൂടുതല്‍ സ്ത്രീ ശബ്ദങ്ങള്‍ പ്രതിധ്വനിക്കാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. ഏറ്റവും പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങളും വെല്ലുവിളികളും നിയമനിര്‍മ്മാതാക്കളുടെ മുമ്പാകെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുകയും നമ്മുടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും രാജ്യത്ത് സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുക മാത്രമല്ല, രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുകയും ചെയ്യും.
വനിതാ സംവരണ ബില്‍ പാസാക്കിയത് ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതിനോടൊപ്പം നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്ക് സാമൂഹ്യ-സാംസ്കാരിക മേഖലയിലും ഇപ്പോള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സര്വ്വതോന്മുഖമായ ശാക്തീകരണം നല്കിയ ഏറ്റവും പുരോഗമനപരമായ ഗവണ്മെന്റായി മോദി സര്‍ക്കാര്‍ എപ്പോഴും അറിയപ്പെടുന്നതിനു കാരണമാകുകയും ചെയ്യും. അതെ, നമുക്കെല്ലാവര്‍ക്കും ചരിത്രത്തിലെ അഭിമാനവും ആഹ്ലാദവും നിറഞ്ഞ നിമിഷമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: