Categories: NewsKerala

ഇടുക്കി ഡാം ഇനി നടന്ന് കാണേണ്ട; പ്രവേശനം ബഗ്ഗി കാറില്‍ മാത്രം

Published by

ചെറുതോണി: ഇടുക്കി സംഭരണിയുടെ ഭാഗമായി ചെറുതോണി അണക്കെട്ടിലുണ്ടായ ഗുരുതര സുരക്ഷാവീഴ്ചയെ തുടര്‍ന്ന് വിനോദസഞ്ചാരികളുടെ പ്രവേശനം ബഗ്ഗി കാറില്‍ മാത്രമാക്കാന്‍ കെഎസ്ഇബി. സഞ്ചാരികള്‍ക്കായി 14 സീറ്റുകളുള്ള ആറ് ബഗ്ഗി സോളര്‍ കാറുകള്‍ കൂടി ഉടന്‍ എത്തിക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍.

ദേഹ പരിശോധനയ്‌ക്ക് ശേഷം ബഗ്ഗി കാറില്‍ കയറ്റുന്ന സഞ്ചാരികളെ കുടിവെള്ളം ഉള്‍പ്പടെയുള്ള ഒരു വസ്തുക്കളും കൊണ്ടുപോകാന്‍ അനുവദിക്കില്ല.

കഴിഞ്ഞ ജൂലൈ 22ന് അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസ് ഷട്ടറിന്റെ ഇരുമ്പുവടത്തില്‍ എന്തോ ലായനി ഒഴിക്കുകയും ഹൈമാസ്റ്റ് ലൈറ്റുകള്‍ താഴിട്ട് പൂട്ടുകയും ചെയ്തിരുന്നു. ഒന്നരമാസത്തിന് ശേഷമാണ് സംഭവം കെഎസ്ഇബി പോലും അറിയുന്നത്. വിഷയം വലിയ വിവാദമായതോടെ 14ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പോലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. 11 ദിവസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന പരാതിയും വ്യാപകമാണ്. എന്നാല്‍ വിദേശത്തേക്ക് കടന്നെന്ന് പറയുന്ന പ്രതിക്കായി ഇതുവരെ ലുക്കൗട്ട് നോട്ടീസിറക്കാനും പോലീസ് തയാറായിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by