ന്യൂദല്‍ഹി: വേനലും മഴയും മാറി മാറി വരുന്ന ഇന്ത്യയില്‍ ആധാര്‍ വിശ്വസത്തോടെ ആശ്രയിക്കാവുന്ന തെളിവല്ലെന്ന അന്താരാഷ്‌ട്ര റേറ്റിംഗ് എജൻസിയായ മൂഡിസിന്റെ അഭിപ്രായപ്രകടനങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ആധാറിനെതിരെ മൂഡീസ് ഉയര്‍ത്തിയ ചില വാദമുഖങ്ങള്‍ തെളിവുകള്‍ നിരത്താതെയുള്ള വാദമുഖങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
അന്താരാഷ്‌ട്ര തലത്തിൽ തന്നെ ആധാറിനെ പ്രധാന തിരിച്ചറിയൽ രേഖയെന്ന നിലയില്‍ അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂഡീസിന്റെ വിമര്‍ശനം. ചൂടുള്ളതും ആർദ്രതയുള്ളതുമായ കാലാവസ്ഥയിൽ പലപ്പോഴും ബയോമെട്രിക് വിവരങ്ങളിൽ പിഴവുകൾ വരാമെന്ന് ഉൾപ്പെടെയാണ് മൂഡിസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ ചെറിയ പിഴവുകൾ സേവനം നിഷേധിക്കപ്പെടുന്നതിന് വരെ കാരണമാകുമെന്നും മൂഡിസ് കുറ്റപ്പെടുത്തുന്നു..
ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളെ സംയോജിപ്പിക്കാനും ക്ഷേമ ആനുകൂല്യങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമിട്ട് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ആധാറിനെ നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ തന്നെ ഐടി വിദഗ്ധനായ ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയായ നന്ദന്‍ നിലകേനിയ്‌ക്കായിരുന്നു ആധാറിന്റെ ചുമതല. അദ്ദേഹവും അനനുകരണീയമായ രേഖ എന്ന നിലയില്‍ ആധാറിനെ ആധികാരികം എന്നാണ് വിശേഷിപ്പിക്കുന്നത്.
തെളിവുകളില്ലാതെ അടിസ്ഥാനരഹിതമായ വാദങ്ങൾ എന്നാണ് ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം മൂഡീസ് റിപ്പോട്ടിനെ വിശേഷിപ്പിച്ചത്. പ്രസ്തുത റിപ്പോർട്ട് അതിൽ അവതരിപ്പിച്ച അഭിപ്രായങ്ങളെ പിന്തുണയ്‌ക്കുന്ന ഒരു ഡാറ്റയോ ഗവേഷണമോ ഉദ്ധരിച്ചിട്ടില്ല. ഉന്നയിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള വസ്തുതകൾ അറിയാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. മാത്രവുമല്ല റിപ്പോർട്ടിൽ നിരവധി ആധാർ ഉപയോക്താക്കളെ തെറ്റായി പരാമർശിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഫേസ് ഓതന്‍റിക്കേഷൻ (മുഖം ഉപയോഗിച്ച് ഒരു വ്യക്തിയുടെ ആധികാരികത ഉറപ്പുവരുത്തല്‍), ഐറിസ് ഓതന്‍റിക്കേഷൻ (കൃഷ്ണമണി ഉപയോഗിച്ച് ഒരാളെ ആധികാരികമായി തിരിച്ചറിയല്‍) തുടങ്ങിയ സ്മ്പര്‍ക്കരഹിത മാർഗങ്ങളിലൂടെയും ബയോമെട്രിക് സമർപ്പിക്കൽ സാധ്യമാണെന്ന് എന്ന വസ്തുത മൂഡീസ് റിപ്പോർട്ട് അവഗണിക്കുന്നുവെന്നും ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം . കൂടാതെ മൊബൈൽ ഒടിപി മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാവുന്നതാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: