ബെംഗളൂരു: ഇരുസംസ്ഥാനങ്ങളിലെയും കര്‍ഷകരും സമരക്കാരും പോര്‍വിളി മുഴക്കി നില്‍ക്കുന്നതോടെ കര്‍ണ്ണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജലത്തര്‍ക്കം അതിരൂക്ഷമാവുന്നു. കര്‍ണ്ണാടകയില്‍ നടന്ന ബന്ദ് പലയിടത്തും അക്രമാസക്തമായതോടെ പൊലീസ് ബിജെപി, ജെഡി(എസ്), കന്നഡ സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തമിഴ്നാടിന് വെള്ളം നല്‍കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കര്‍ഷകര്‍, കന്നട പ്രവര്‍ത്തകര്‍, ഓട്ടോറിക്ഷ യൂണിയന് പ്രവര്‍ത്തകര്‍ എന്നിവര്‍ ശക്തമായി സമരരംഗത്തിറങ്ങിയിരിക്കുകയാണ്. ബസ് യൂണിയനുകളും സമരത്തില്‍ പങ്കെടുത്തതോടെ കര്‍ണ്ണാടകയില്‍ ബസ് ഗതാഗതവും നിലച്ചു. തമിഴ്നാട്ടിന് വെള്ളം നല്‍കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ മുഴക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീട് വളയുമെന്ന് കന്നട സംഘടന നേതാവായ വിട്ടല്‍ നാഗരാജ് ഭീഷണി മുഴക്കിയിരിക്കുകയാണ്.
അതിനിടെ തമിഴ്നാട്ടിലും കര്‍ഷകര്‍ പ്രതിഷേധം തുടങ്ങി. ചത്ത എലിയെ വായില്‍ തിരുകിയായിരുന്നു കര്‍ഷകരുടെ അമ്പരപ്പിക്കുന്ന സമരം. തിരുച്ചിറപ്പള്ളിയിലായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്റര്‍ലിങ്കിങ് ഫാര്‍മേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അയ്യക്കണ്ണിന്റെ നേതൃത്വത്തിലായിരുന്നു ഈ അസാധാരണ സമരം. കാവേരി തടത്തിലെ വിള നശിക്കാതിരിക്കാന്‍ കൂടുതല്‍ വെള്ളം നല്‍കണമെന്ന ആവശ്യമാണ് തമിഴ്നാട്ടിലെ കര്‍ഷകര്‍ മുഴക്കുന്നത്. മറീന ബീച്ചില്‍ പ്രതിഷേധവുമായി എത്തിയ പി.ആര്.പാണ്ഡ്യനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: