തൃശൂര്‍: മുന്നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപക്കാര്‍ അയ്യായിരത്തിലേറെ. ഇവര്‍ക്ക് മാത്രം150 കോടിയിലേറെ നല്കാനുണ്ട്. സഹകരണ വകുപ്പ് പുറത്ത് വിട്ട കണക്കാണ് ഇത്. മറ്റ് നിക്ഷേപങ്ങള്‍ വേറെയുമുണ്ട്. ഇതും അയ്യായിരത്തിലേറെ പേര്‍ വരും. അടിയന്തരാവശ്യത്തിന് പോലും പണം കിട്ടുന്നില്ല എന്നതാണ് നിക്ഷേപകരെ വിഷമത്തിലാക്കുന്നത്.
ചികിത്സക്കും വിവാഹ ആവശ്യങ്ങള്‍ക്കും ബാങ്കിനെ സമീപിച്ചാല്‍ പതിനായിരം മുതല്‍ അമ്പതിനായിരം വരെയാണ് ഇപ്പോഴും നല്‍കുന്നത്. കടുത്ത സാമ്പത്തീക പ്രതിസന്ധി സമയത്ത് ഹൈക്കോടതി യുടെ മാര്‍ഗനിര്‍ദേശമായിരുന്നു ഇത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷവും സ്വര്‍ണമടക്കം വിറ്റ് തുക കണ്ടെത്തിയിട്ടും ഇതില്‍ മാറ്റം വരുത്താന്‍ ബാങ്കിന് കഴിഞ്ഞിട്ടില്ല. പലരുടെയും നിക്ഷേപ കാലാവധി ഒന്നും ഒന്നരയും വര്‍ഷം മുമ്പ് കഴിഞ്ഞതാണ്. തുക കിട്ടാത്തതിനല്‍ വീണ്ടും ദീര്‍ഘകാലത്തേക്ക് നിക്ഷേപം പുതുക്കി നല്‍കിയിട്ടുണ്ട്.
തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണ് ഇപ്പോള്‍. ജില്ലയിലെ മറ്റ് സംഘങ്ങളില്‍ നിന്ന് 50 കോടി സമാഹരിച്ച് കരുവന്നൂര്‍ ബാങ്കിനെ സഹായിക്കണമെന്നായിരുന്നു സഹകരണ വകുപ്പ് ശുപാര്‍ശ. റബ്‌കോയില്‍ ബാങ്ക് നിക്ഷേപമായുള്ള എട്ട് കോടി തിരികെ വാങ്ങണം. കൈയ്യിൽ ഇപ്പോള്‍ ഉപയോഗിക്കാത്ത ആസ്ഥികള്‍ വിറ്റ് പണം സമാഹരിക്കണം എന്നതടക്കമായിരുന്നു ശുപാര്‍ശ. എന്നാല്‍ ആകെ നടന്നത് പതിവായി നടക്കുന്ന സ്വര്‍ണ ലേലം മാത്രമാണ്. ഇതാകട്ടെ പ്രതീക്ഷിച്ച രീതിയിലുള്ള വരുമാനവുമുണ്ടാക്കിയില്ല.
വായ്‌പകള്‍ക്ക് ഈടായി വെച്ച ജാമ്യവസ്തുക്കള്‍ ലേലം ചെയ്യാന്‍ പോലും കഴിയാത്ത നിലയിലാണ് ബാങ്ക്. ഈടുവച്ച ഭൂമിയുടെ മൂല്യം പത്തിരട്ടിവരെ പെരുപ്പിച്ചുകാട്ടി വായ്‌പകളെടുത്തതിനാല്‍ ലേലത്തില്‍ വാങ്ങാനാരുമില്ലാതെ നൂറോളം ഈടുവസ്തുക്കളാണുള്ളത്. ഇവ പലവട്ടം ലേലത്തില്‍ വച്ചെങ്കിലും വിപണിമൂല്യത്തിന്റെ പല മടങ്ങാണു ബാങ്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചതെന്നതിനാല്‍ ലേലം കൊള്ളാന്‍ ആളില്ല. ലേലം നടത്തി സ്വരൂപിക്കുന്ന പണം ഉപയോഗിച്ചു പ്രതിസന്ധിയില്‍നിന്നു രക്ഷപ്പെടാമെന്ന ബാങ്കിന്റെ പ്രതീക്ഷയും തകര്‍ന്നിരുന്നു. മാടായിക്കോണം, പൊറത്തിശേരി, ആറാട്ടുപുഴ, വേളൂക്കര, മനവലശേരി തുടങ്ങിയ മേഖലകളിലാണ് നൂറോളമുള്ള ഈ ജാമ്യഭൂമികള്‍. 20 ലക്ഷം രൂപ മുതല്‍ നാലരക്കോടി രൂപ വരെ വായ്‌പയെടുത്തശേഷം തിരിച്ചടക്കാത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ ചെറിയ തുകകള്‍ വായ്‌പയെടുത്തവരൊഴികെ മറ്റുള്ളവരില്‍ ബഹുഭൂരിപക്ഷവും തട്ടിപ്പു വായ്‌പകളുടെ കൂട്ടത്തില്‍ പെട്ടവയാണ്.
50 ലക്ഷം രൂപയാണു വ്യക്തിഗത വായ്‌പയ്‌ക്കുള്ള പരമാവധി പരിധിയെങ്കിലും നാലരക്കോടി രൂപ വരെ വായ്‌പ ലഭിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: