കോഴിക്കോട്: അതിമാരകമായ നിപ പടരാഞ്ഞത് കൊവിഡ് വാക്സിന്റെ ഫലമാണോ എന്ന ചര്‍ച്ചകള്‍ സജീവം. കൊവിഡ് കുത്തിവെപ്പുകള്‍ എടുത്തവര്‍ക്ക് ഹൃദ്രോഗമുണ്ടാകുന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ അത് നിഷേധിക്കാത്ത സംസ്ഥാന ആരോഗ്യ വകുപ്പ്, നിപ പ്രതിരോധത്തിന് കൊവിഷീല്‍ഡ്, കൊവാക്സിന് കുത്തിവെപ്പ് ഗുണകരമായോ എന്ന കാര്യത്തില്‍ പ്രതികരിക്കാത്തതും ചര്‍ച്ചയാകുന്നുണ്ട്. ആരോഗ്യ മേഖലയിലെ പ്രമുഖരും ഇക്കാര്യത്തില്‍ സന്ദേഹങ്ങള്‍ പങ്കുവെക്കുന്നു.
രോഗം ബാധിക്കുന്നവര്‍ക്ക് മരണസാധ്യത കൊവിഡിനേക്കാള്‍ കൂടുതലുള്ള പകര്‍ച്ചവ്യാധിയാണ് നിപ. മൂന്നാംതവണയും കോഴിക്കോട്ടു തന്നെ നിപ ആദ്യം റിപ്പോര്‍ട്ടു ചെയ്തതു പോലും പേടിപ്പെടുത്തുന്നതാണ്. മറ്റൊരിടത്തും ഇത്ര കുറഞ്ഞ കാലത്തില്‍ ഒരേസമയത്ത് നിപ ആവര്‍ത്തിച്ചിട്ടില്ല. എന്നാല്‍, നിപ ബാധയോ അതുമൂലമുള്ള കൂടുതല്‍ ജീവാപായങ്ങളോ ഇത്തവണ ഉണ്ടായില്ല.
കേന്ദ്ര നിയന്ത്രണത്തിലുള്ള വൈറോളജി ലാബില്‍ പരിശോധിച്ച് നിപ ഉറപ്പാക്കിയതാണ്, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിദഗ്ധ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു. പക്ഷേ, മുമ്പ് ‘രോഗംപിടിച്ചുകെട്ടി’യെന്ന അവകാശവാദം ഉയര്‍ത്തിയിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ‘മിടുക്കു’ പറയാഞ്ഞതെന്തെന്ന് പലരും സംശയിക്കുന്നു. ഈ വിഷയത്തില്‍ പരിശോധനയും പഠനവും നടത്തേണ്ടതാണ്. കേന്ദ്ര ആരോഗ്യ വകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും നടപടികള്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍, ഈ വിഷയങ്ങളിലൊന്നും പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പോലുമില്ല!
കുത്തിവെപ്പിനെയും ഭാരതം സ്വയം നിര്‍മിച്ച കൊവിഡ് പ്രതിരോധ വാക്സിനേയും എതിര്‍ക്കുകയും എതിര്‍ക്കുന്നവരെ പിന്തുണയ്ക്കുകയും ചെയ്ത സര്‍ക്കാര്‍, കുത്തിവെപ്പെടുത്തവര്‍ക്ക് ഹൃദ്രോഗബാധയുണ്ടാകുന്നുവെന്ന വാര്‍ത്തയോടു പോലും വേണ്ടത്ര ഗൗരവത്തില്‍ പ്രതികരിക്കുന്നില്ല. ദല്‍ഹി ആസ്ഥാനമായി നടത്തിയ വിപുലമായ ഗവേഷണ പഠനത്തില്‍ ഹൃദ്രോഗമുണ്ടാകുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയതായി ഡോ. മൊഹിത് ഡി. ഗുപ്ത വെളിപ്പെടുത്തിയിരുന്നു. നാഷണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കൊവിഡ് ടാസ്ക് ഫോഴ്സ് കോ ചെയര്‍മാനായ ഡോ. രാജീവ് ജയദേവന് ഈ ഗവേഷണ ഫലം ശരിവെക്കുന്നുണ്ട്.
എന്നാല്‍, കൊവിഡ് വാക്സിനെടുത്തതാണ് നിപയുടെ പ്രതിരോധത്തിന് കാരണമായതെന്ന് പറയാന്‍ കഴിയുന്ന പഠനമൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് പകര്‍ച്ച ഒരാളില്‍ നിന്ന് മൂന്നു പേര്‍ക്ക്, അവരില്‍ നിന്ന് ഒമ്പതു പേര്‍ക്ക് എന്ന അനുപാതത്തില്‍ ആയിരുന്നെങ്കില്‍ നിപയുടേത് 10 പേര്‍ക്ക് ബാധിച്ചാല്‍ അവരില്‍ നിന്ന് നാലു പേര്‍ക്ക്, നാലുപേരില്‍നിന്ന് രണ്ടുപേര്‍ക്ക് എന്നാണ് തോത് എന്നതും ജനങ്ങളുടെ ജാഗ്രതയും ഒരു കാരണമായേക്കാമെന്ന് ഒആര്‍എഫ് എന്ന അംഗീകൃത മെഡിക്കല്‍ മാധ്യമത്തില്‍ ഡോ. രാജീവ് എഴുതുന്നു.
പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും ഔദ്യോഗികമായി തുറന്നു പറയാത്തത് എന്തുകൊണ്ടാണെന്ന് ആരോഗ്യരംഗത്തെ പ്രമുഖരും സംശയം പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: