നടപ്പു സാമ്പത്തിക വര്‍ഷം (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.4 ശതമാനത്തില്‍ നിന്നും 6.3 ശതമാനത്തിലേക്ക് കുറച്ച ഏഷ്യന്‍ ഡവലപ് മെന്റ് ബാങ്കിന് (എഡിബി) പക്ഷെ ഇന്ത്യയെക്കുറിച്ച് നിറയെ പ്രതീക്ഷകള്‍. ഇന്ത്യയിലെ സ്വകാര്യ നിക്ഷേപത്തിന്റെ വളര്‍ച്ചയും വ്യവസായോല്പാദനത്തിലുണ്ടാകാന് പോകുന്ന കുതിപ്പും കണക്കിലെടുത്ത് പക്ഷെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 6.7 ശതമാനത്തിലേക്ക് എഡിബി ഉയര്‍ത്തിയിട്ടുണ്ട്.
ലോകമാകെ അനിശ്ചിതാവസ്ഥയില്‍ നില്ക്കുമ്പോള്, ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തിലെ (2023 ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമാണെന്നതും എഡിബി കണക്കിലെടുക്കുന്നുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും അത് വഴി ഉപഭോഗം വര്‍ധിക്കുമെന്നും ഉള്ള പ്രതീക്ഷ എഡിബി നിലനിര്‍ത്തുന്നു. അതുപോലെ ഈ സാമ്പത്തിക വര്‍ഷത്തിലെ ബാക്കിയുള്ള കാലവും അടുത്ത സാമ്പത്തിക വര്‍ഷവും അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ കരുത്തോടെ ഉണ്ടാകുമെന്നും എഡിബി പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ കയറ്റുമതിയും കാലാവസ്ഥാവ്യതിയാനവുമാണ് ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തുന്നത്. കയറ്റുമതിയിലെ കുറവിന് പ്രധാന കാരണം റഷ്യ-ഉക്രെയ്ന് യുദ്ധമാണ്. അതുമൂലം ഇന്ത്യയുടെ കയറ്റുമതി കൂടുതലായി നടക്കുന്ന യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ഡിമാന്റ് കുറഞ്ഞിരിക്കുകയാണ്. ഇത് ഭാവിയില്‍ യുദ്ധം മുറുകുന്നതോടെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതുപോലെ യുദ്ധസാഹചര്യത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതോടെ ഇന്ത്യ കയറ്റുമതി ചെയ്യുന്ന പെട്രോളിയം ഉല്പന്നങ്ങളുടെ മൂല്യം കുറഞ്ഞതും കയറ്റുമതിയില്‍ നിന്നും ലഭിക്കുന്ന ഡോളറിന്റെ മൂല്യം വലിയ തോതില്‍ കുറച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം ഒരു ആശങ്കയാണ്. അത് സര്‍ക്കാരിന്റെ കൈകളില്‍ ഒതുങ്ങുന്നതല്ല. മഴ കുറഞ്ഞതും തലവേദന സൃഷ്ടിക്കുന്നു. ഇത് വരുംനാളുകളിലെ കാര്ഷികോല്പാദനത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. മണ്‍സൂണ്‍ മഴക്കാലത്ത് എല്‍നിനോ സ്വാധീനം കൂടിയുണ്ടായത് കാലാവസ്ഥയുടെ താളം തെറ്റിച്ചു. ചില ഭാഗങ്ങളില്‍ പ്രളയവും മറ്റു ചില ഭാഗങ്ങളില്‍ മഴക്കുറവും ഇതിന്റെ ഫലമായുണ്ടായി. പ്രത്യേകിച്ചും ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍. ഈ മഴയുടെ താളം തെറ്റല്‍ നെല്‍കൃഷിയെ ബാധിച്ചിട്ടുണ്ട്. ഇത് കാര്ഷികോല്പാദനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്.
അതുപോലെ പണപ്പെരുപ്പത്തോതിനെക്കുറിച്ചും അല്പം ആശങ്കയുണ്ട്. നേരത്തെ 5 ശതമാനമുണ്ടായിരുന്ന പണപ്പെരുപ്പ ത്തോത് ഇപ്പോള്‍ 5.5 ശതമാനമാക്കി ഉയര്‍ത്തിയിട്ടുമുണ്ട് എഡിബി. ചില്ലറ വില്പനയിലെ പണപ്പെരുപ്പം മോദി സര്‍ക്കാര്‍ പിടിച്ചുനിര്‍ത്തിയിരുന്നു. തക്കാളി വില കുതിച്ചുകയറിയപ്പോള് ഉചിതമായ നയങ്ങളിലൂടെ അത് പിടിച്ചുനിര്‍ത്തിയിരുന്നു. ഇത് കൈവിട്ടു പോകാതെ നിലനിര്‍ത്തുക എന്ന വെല്ലുവിളി സര്‍ക്കാരിന് മുന്പിലുണ്ട്.
അതേ സമയം നിക്ഷേപത്തിന്റെ കാര്യത്തില്‍ എഡിബിയ്ക്ക് ആശങ്കയില്ല. ഇന്ത്യയിലേക്ക് സ്വകാര്യ നിക്ഷേപത്തിന്റെ വന്കുത്തൊഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യ ത്രൈമാസത്തില്‍ വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് ദുര്‍ബലമായിരുന്നെങ്കിലും നടപ്പു ത്രൈമാസത്തിലും ഭാവിയിലും വന്‍ ഒഴുക്ക് ഇന്ത്യയിലേക്കുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് (റോഡുകള്‍, റെയില്‍വേ വികസനം, തുറമുഖവികസനം) ചെലവിടുന്ന വന്‍തുക പ്രതീക്ഷ പകരുന്നതാണെന്ന് എഡിബിയുടെ തെക്കന്‍ ഏഷ്യ സാമ്പത്തികോപദേഷ്ടാവ് റാണാ ഹാസന് പറയുന്നു. ഇതിനനുസരിച്ച് സംസ്ഥാനങ്ങളും നല്ല തോതില്‍ പണം മുടക്കുന്ന പ്രവണതയും ഉണ്ട്. അതുപോലെ സ്വകാര്യ കമ്പനികളുടെ പുതിയ പദ്ധതികള്‍ക്കുള്ള നിക്ഷേപത്തിന്റെ തോതില്‍ 19 ശതമാനം വര്‍ധനവുണ്ടായതും പ്രതീക്ഷ പകരുന്നതാണെന്ന് റാണാ ഹാസന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: