തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന സാധാരണക്കാരായ രോഗികളില്‍ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു..
കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥാണ് കേസ് പരിഗണിച്ചത് തീവ്ര പരിചരണ വിഭാഗത്തില്‍ 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ദാരിദ്രയ രേഖയ്ക്ക് താഴെയുളളവര്‍ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് നല്‍കണം.
മഞ്ഞകാര്‍ഡില്ലാത്ത ആയിരങ്ങള്‍ ആശുപത്രിയിലെത്തുന്നുണ്ടെന്നും ഇവര്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും പണമില്ലെന്നും പരാതിയില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ നജീവ് ബഷീറാണ് പരാതി നല്‍കിയത്.
കൊവിഡാനന്തരം നിരക്കുകള്‍ പുനഃസ്ഥാപിച്ചതിന്റെ മറവില്‍ 34 ശതമാനം വീതം വര്‍ദ്ധിപ്പിക്കുകയായിരുന്നു. കൊവിഡിന് മുമ്പ് ഐ.സി.യുവിന് 330 രൂപയും വെന്റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റിയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: