പയ്യന്നൂര്‍ നഗരത്തോടു ചേര്‍ന്നുള്ള നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ജനുവരി 26 ന് ജാതി വിവേചനം നേരിട്ടു എന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണല്ലൊ. മന്ത്രിക്ക് വിവേചനം നേരിട്ടത് പയ്യന്നൂര്‍ എം.എല്‍എ. ടി.ഐ. മധുസൂദനന്റെ കൂടി സാന്നിധ്യത്തിലാണെന്നും പറയുന്നു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ നടപ്പന്തല്‍ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. പൂജാരിമാരാണ് ആദ്യം നിലവിളക്ക് കൊളുത്തിയത്. തുടര്‍ന്ന് ദീപം നിലത്തുവച്ചു. മന്ത്രി ദീപം എടുക്കാന്‍ തയ്യാറായില്ല. ഇതോടെ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ ബീന ദീപം നിലത്തുനിന്നെടുത്ത് മന്ത്രിക്ക് നീട്ടിയെങ്കിലും വാങ്ങാന്‍ തയ്യാറായില്ല. കൂടെയുണ്ടായിരുന്ന ടി.ഐ. മധുസൂദനനും ദീപം കൊളുത്താന്‍ തയ്യാറായില്ല. പിന്നീട് മന്ത്രി നടത്തിയ പ്രസംഗത്തില്‍ ചെറുപ്പംമുതലേ നേരിട്ടുകൊണ്ടിരിക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് സംസാരിച്ചു. ദീപം നിലത്തുനിന്നെടുത്തു കൊളുത്താന്‍ തയ്യാറാവാതിരുന്നത് അതുകൊണ്ടാണെന്നും മന്ത്രി ആ വേദിയില്‍ വ്യക്തമാക്കി. അതേസമയം, ക്ഷേത്രഭരണസമിതിയുടെ ചെയര്മാന് ഇക്കാര്യത്തെപ്പറ്റി അറിയില്ലെന്നാണ് പ്രതികരിച്ചത്.
കഴിഞ്ഞദിവസം കോട്ടയത്ത് വേലന്‍ സല്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി ജാതിവിവേചനം നേരിട്ടതിനെക്കുറിച്ച് പറഞ്ഞത്. ക്ഷേത്രത്തിന്റെ പേര് പറഞ്ഞിരുന്നില്ല. വിളക്കുകത്തിച്ചശേഷം സഹപൂജാരി തനിക്കുതരാതെ നിലത്തുവെച്ചെന്നും താന്‍ അതെടുത്ത് കത്തിച്ചില്ല, പോയി പണിനോക്കാന്‍ പറഞ്ഞെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്. താന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല, തനിക്ക് അയിത്തമുണ്ടെന്നും മന്ത്രി ആ വേദിയില്‍ വ്യക്തമാക്കിയിരുന്നതായി പറയുന്നു. മന്ത്രി അവിടെ പൂജാരിക്ക് പണമൊന്നും നല്കിയില്ലെന്നാണറിയുന്നത്. അവിടെ എന്നല്ല ശബരിമലയില്‍ ചെന്നാല്‍ പോലും കൈകൂപ്പാനോ തീര്‍ത്ഥം സ്വീകരിക്കാനോ മന്ത്രി തയ്യാറാകുന്നത് കണ്ടിട്ടില്ല. മാത്രമല്ല, ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. പൂജാരി ഭക്തന്മാരെ തൊട്ട് പ്രസാദം നല്കുന്ന പതിവുമുണ്ട്. മറ്റുചില സ്ഥലങ്ങളില്‍ മറിച്ചും. അത് തിരിച്ചറിയാനുള്ള ശ്രമവും ശ്രദ്ധയും അനിവാര്യമാണ്. അതില്ലാത്തതാണ് മന്ത്രിക്ക് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. ആരാധനാലയങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ആവാസകേന്ദ്രമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവര്ക്കുള്ള അബദ്ധം.
കേരളാചാരപ്രകാരം ക്ഷേത്രങ്ങളില്‍ പാലിക്കുന്ന ശുദ്ധമെന്നത് തീര്‍ത്തും ആത്മീയമായ ഒന്നാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നതു വരെ ആരെയും സ്പര്‍ശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല.
ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണ്. പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തില്‍ അപ്പോള്് മാത്രം വിളക്കു കൊളുത്താന്‍ നിയുക്തനായ മേല്‍ശാന്തി പൂജയ്ക്കിടയിലാണു വിളക്കു കൊളുത്തുവാനായി ക്ഷേത്രമുറ്റത്തേക്ക് വരേണ്ടി വന്നത്. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കര്‍മം പൂര്‍ത്തീകരിക്കുവാനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രവൃത്തിയെ മന്ത്രി അയിത്തമായി തെറ്റിദ്ധരിച്ചുവെന്നുവേണം കരുതാന്‍, സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ടു മാസങ്ങള്‍ക്കിപ്പുറത്ത് കേരളമാകെ ചര്‍ച്ചയാകുന്ന വിധത്തില്‍ വിവാദമാക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പൂജാരിയെ പുറത്താക്കണമെന്ന ആവശ്യവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ക്ഷേത്രങ്ങളുടെ ആചാര്യമര്യാദകളെക്കുറിച്ച് നിശ്ചയമില്ലാത്ത ഒരാളെ ദേവസ്വം വകുപ്പ് ഏല്പിക്കുന്നതുതന്നെ അബദ്ധമാണ്. അതിന്റെ ദുരന്തമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ പൂജാരിയെ പുറത്താക്കുകയല്ല, ദേവസ്വത്തിന്റെ ചുമതലയില്‍ നിന്നും മന്ത്രി മാറുകയാണ് വേണ്ടത്. കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നല്‍കിയത് വലിയമാറ്റമാണെന്ന് കൊട്ടിപാടിയവര്ക്ക് ഏറ്റ പ്രഹരമാണ് ഈ സംഭവം. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മന്ത്രി സ്വയംമാറി നില്‍ക്കുന്നതാണ് ബുദ്ധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: